12 ലക്ഷം ശമ്പളമുള്ളവര്‍ക്ക് എണ്‍പതിനായിരം ലാഭിക്കാം; 18 ലക്ഷം ശമ്പളമുള്ളവര്‍ക്ക് എഴുപതിനായിരം സേവ് ചെയ്യാം; 25 ലക്ഷം ശമ്പളമുള്ളവര്‍ക്ക് 1.1 ലക്ഷത്തിന്റെ ആനുകൂല്യം; പ്രതിമാസം ഒരു ലക്ഷം ശമ്പളം കിട്ടുന്നവര്‍ക്ക് ഇനി നികുതി കൊടുക്കേണ്ട; കേന്ദ്ര ഖജനാവിന് നഷ്ടം ഒരു കോടി ലക്ഷവും; മധ്യവര്‍ഗ്ഗത്തെ പിഴിയുന്ന നയം തിരുത്തി മോദി ഭരണം; രാഷ്ട്രീയ ശത്രുക്കളെ പോലും അമ്പരപ്പിച്ച് നിര്‍മലാ മാജിക്ക്!

Update: 2025-02-01 08:16 GMT

ന്യൂഡല്‍ഹി: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ശത്രുക്കളെ പോലും അമ്പരപ്പിച്ചു. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളെ സ്വാധീനിക്കും. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. അതായത് ഒരു ലക്ഷം രൂപ വരെ പ്രതിമാസം വാങ്ങുന്ന ശമ്പളക്കാര്‍ക്കെല്ലാം വിലിയ തുക ലാഭിക്കാം. നിലവില്‍ അറുപതിനായിരത്തിന് മുകളില്‍ മാസ ശമ്പളമുള്ളവര്‍ നികുതി കൊടുക്കണമായിരുന്നു. ഇതാണ് ഒരു ലക്ഷത്തിലേക്ക് ഉയരുന്നത്. അതായത് നാല്‍പ്പതിനായിരം രൂപ വരെ കൂടുതലായി വാങ്ങുന്നവര്‍ക്കും ഇനി നികുതി നല്‍കേണ്ടതില്ല. പുതിയ നികുതി സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി സ്ലാബിലെ പുതിയ സ്‌കീമിലുള്ളവര്‍ക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. വരുമാനം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അടക്കമുള്ള 12.75 ലക്ഷം പരിധി കോമണ്‍മാന് ആശ്വാസമുണ്ടാകും. ഇതോടെ പഴയ സ്‌കീം തന്നെ അപ്രസക്തമാകും.

ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. പുതിയ ബില്ലും കൊണ്ടു വരും. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. ആദായനികുതിയില്‍ വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. 12 ലക്ഷം ശമ്പളമുള്ളവര്‍ക്ക് എണ്‍പതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവര്‍ക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവര്‍ക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക. മധ്യവര്‍ഗത്തിന്റെ കൈയിലേക്ക് കൂടുതല്‍ പണം എത്തും. നികുതി അടയ്ക്കല്‍ നടപടികള്‍ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. നവീകരിച്ച ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വര്‍ഷമാക്കി. മുതിര്‍ന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയര്‍ത്തി. പരിധി ഒരു ലക്ഷമാക്കി. 12 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടി വരും.

ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കൈയ്യടി നേടുകയാണ്. 10 ലക്ഷം രൂപ വരെ നികുതി ഇളവുകളാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിനെയും മറികടന്നുള്ള പ്രഖ്യാപനമാണ് ബജറ്റില്‍ ഉണ്ടായത്. മധ്യവര്‍ഗത്തെ മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. നിലവില്‍ ഏഴ് ലക്ഷം വരെയായിരുന്നു ആദായ നികുതി പരിധി. പുതിയ ആദായ നികുതി നിയമം കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു. പുതിയതായി കൊണ്ടുവരുന്ന ആദായ നികുതി ബില്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായ നികുതിയിലെ പ്രഖ്യാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചു. നിര്‍മലാ മാജിക്കില്‍ രാജ്യത്ത് മോദി തരംഗം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

പുതിയ സ്ലാബ് ഇങ്ങനെ

0-4 ലക്ഷംവരെ നികുതി ഇല്ല

4-8 ലക്ഷം- അഞ്ച് ശതമാനം നികുതി

8-12 ലക്ഷം- 10 ശതമനം നികുതി

12-16 ലക്ഷം -15 ശതമാനം നികുതി

16-20 ലക്ഷം വരെ 20 ശതമാനം നികുതി

20-24 ലക്ഷം- 25 ശതമാനം നികുതി

25ന് മുകളില്‍ 30 ശതമാനം നികുതി

ഇന്ത്യയുടെ സമുദ്രമേഖലയുടെ വളര്‍ച്ചക്കായി പുത്തന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ എത്തുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് തുണയാകും. സമുദ്ര മേഖലയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ''മത്സ്യ ഉത്പാദനത്തിലും അക്വാകള്‍ച്ചറിലും ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്. സമുദ്രോത്പന്ന കയറ്റുമതിയിലൂടെ 60,000 കോടി രൂപയാണ് രാജ്യം നേടിയത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സമുദ്രമേഖലയും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സമുദ്രോത്പാദനത്തിന് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും''. പരുത്തി കൃഷിക്ക് വേണ്ടി വിവിധ പദ്ധതികള്‍ തുടങ്ങും. പരുത്തി കൃഷിയുടെ ഉത്പാദനക്ഷമതയിലും സുസ്ഥിരതയിലും ഗണ്യമായ പുരോഗതി കൊണ്ടുവരും. പരുത്തി കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ടെക്‌സ്‌റ്റൈല്‍ സെക്ടറുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പിലാക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതികളും പഞ്ചവത്സര പദ്ധതികളും കൊണ്ടുവരുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് നിരവധി വികസന പദ്ധതികളാണ് നിര്‍മല സീതാരാമന്‍ ബജറ്റില്‍ അവതരിപ്പിച്ചത്. 1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്ന് സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപനത്തിന് പിന്നാലെയാണു ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചത്. ഇതില്‍ തന്നെ മധ്യവര്‍ഗ്ഗത്തിന് ആനുകൂല്യം കിട്ടുമെന്ന സന്ദേശം ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇനിയുള്ള നയങ്ങളിലേക്കുള്ള ദിശാസൂചികയും ഈ ബജറ്റിലുണ്ട്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചനിരക്ക് നടപ്പുവര്‍ഷം (2024-25) കഴിഞ്ഞ 4 വര്‍ഷത്തെ താഴ്ചയായ 6.4 ശതമാനത്തിലേക്ക് ഇടിയുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം ഈമാസാദ്യം പുറത്തുവിട്ട ആദ്യ അനുമാനത്തില്‍ വ്യക്തമാക്കിയിരുന്നു. 2022-23ല്‍ 7 ശതമാനവും 2023-24ല്‍ 8.2 ശതമാനവുമായിരുന്നു വളര്‍ച്ച. 2021-22ല്‍ 9.7 ശതമാനവും വളര്‍ന്നു. ശരാശരി 7 ശതമാനം വളരുകയെന്ന ലക്ഷ്യം നടപ്പുവര്‍ഷവും അടുത്തവര്‍ഷവും കൈവരിക്കാനാകില്ലെന്നു സര്‍വേ വ്യക്തമാക്കുന്നു. നടപ്പുവര്‍ഷത്തിന് സമാനമായ പ്രതിസന്ധികള്‍ അടുത്തവര്‍ഷവും പ്രതീക്ഷിക്കാമെന്ന സൂചനയുമാണ് ഇതു നല്‍കുന്നത്. സ്വകാര്യ ഉപഭോഗം വര്‍ധിച്ചതു ശുഭകരമാണ്. രാജ്യാന്തരതലത്തില്‍ നിന്നുള്ള പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണു പ്രതിസന്ധിയാവുക. ഇത് മറികടക്കാനാണ് നികുതി പരിഷ്‌കാരം അടക്കം വരുത്തുന്നത്.

സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ നിര്‍മാണ മേഖലയുടെ മോശം പ്രകടനമാണ് ജിഡിപി വളര്‍ച്ചയെ പ്രധാനമായും മന്ദഗതിയിലാക്കുന്നത്. വാണിജ്യ നിക്ഷേപ പദ്ധതികള്‍ കുറഞ്ഞതും നടപ്പുവര്‍ഷം ജിഡിപി വളര്‍ച്ചയെ 6.4 ശതമാനത്തിലേക്ക് ചുരുക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ. അതിന് വിപണി സജീവമാകണം. മധ്യവര്‍ഗ്ഗവും നിക്ഷേപം കൂട്ടണം. ഇതിന് വേണ്ടിയാണ് ടാക്‌സ് ഇളവുകള്‍.

Tags:    

Similar News