കേരളത്തിലെ പേവിഷബാധ മരണം; വാക്സിനിലും സിറത്തിലും പ്രശ്നമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കാരണം പ്രഥമശുശ്രൂഷയിലെ കാലതാമസം എന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കേരളത്തിലെ പേവിഷബാധ മരണം; വാക്സിനിലും സിറത്തിലും പ്രശ്നമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡെല്‍ഹി: പേവിഷ ബാധയേറ്റവര്‍ക്ക് നല്‍കുന്ന വാക്സിനിലും സീറത്തിലും യാതൊരു പ്രശ്നവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഈ വിവരം. പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ് ജനങ്ങള്‍ മരിക്കുന്നതിനെക്കുറിച്ചുള്ള ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കടിയേറ്റ ഭാഗം കൃത്യസമയത്തു വൃത്തിയാക്കുന്നതിലുള്ള പിഴവ്, കുത്തിവയ്പെടുക്കുന്നതിലെ കാലതാമസം എന്നിവയാണ് പേ വിഷബാധയേറ്റുള്ള മരണങ്ങള്‍ക്കു കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. വാക്സിനേഷനെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് 2022, 2025 വര്‍ഷങ്ങളില്‍ കേന്ദ്രസംഘം കേരളത്തിലെത്തി പഠനം നടത്തിയിരുന്നു. കുത്തിവയ്പെടുത്ത ശേഷവും മരണമുണ്ടായ 35 കേസുകളാണ് പഠിച്ചത്. അതില്‍ 29 കേസുകളില്‍ കൃത്യസമയത്ത് കുത്തിവയ്പ് എടുക്കാതിരിക്കുകയോ അല്ലെങ്കില്‍ ഡോസ് പൂര്‍ത്തിയാക്കാതിരിക്കുകയോ ചെയ്തു. രോഗലക്ഷണം തുടങ്ങിയശേഷമാണ് ഒരാള്‍ വാക്സിനെടുത്തത്. ആന്റി റാബീസ് വാക്സീനും സീറവും സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറിയില്‍ പരിശോധിച്ചെ ങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്തി യില്ലെന്നും മന്ത്രി പറഞ്ഞു.
ലഭ്യമായ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ ഏഴു മാസം വരെ പേ വിഷബാധയേറ്റുള്ള 23 മരണമാണ് സംസ്ഥാനത്ത് ഉണ്ടായത്. 11 എണ്ണം തെരുവുനായയുടെ കടിയേറ്റുള്ളതാണ്. നാലെണ്ണം വളര്‍ത്തു നായയും മൂന്നെണ്ണം പൂച്ചയുടെ കടിയേറ്റും ഉള്ളതാണ്. കഴിഞ്ഞ വര്‍ഷം 26 പേവിഷബാധയേറ്റുള്ള മരണമാണുണ്ടായത്. ഇതില്‍ 15 എണ്ണമാണ് തെരുവുനായ കടിച്ചതു മൂലമുള്ള മരണം.
2016 മുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ സംസ്ഥാനത്ത് 146 പേര്‍ പേവിഷ ബാധ മൂലം മരിച്ചു. 2022 ല്‍ 27 പേരാണ് പേവിഷബാധയെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞത്. മിക്ക മരണങ്ങള്‍ക്കും കാരണമായത് കടിയേറ്റ ഭാഗമാണ്. തല, മുഖം, കഴുത്ത് എന്നിവിടങ്ങളില്‍ കടിയേറ്റവരില്‍ പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്കും മരണം സംഭവിച്ചു. ഈ ഭാഗത്ത് കടിയേറ്റാല്‍ വൈറസ് അതിവേഗം തലച്ചോറിനെ ബാധിക്കുന്നതാണ് കാരണം.
തെരുവനായകളെ വന്ധ്യംകരിക്കുകയോ വാക്സിനേഷന്‍ ചെയ്യുകയോ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ അതിവേഗം നടപടികള്‍ സ്വീകരിച്ചു വരികയാണ്. നായകളെ പിടികൂടി വാക്സിന്‍ നല്‍കി, തിരിച്ചറിയുന്നതിന് വേണ്ടി ചാപ്പ കുത്തി വിടുന്ന നടപടികള്‍ പുരോഗമിച്ചു വരുന്നു.
വാക്സിന്‍ എടുത്തിട്ടും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പേവിഷ ബാധ മൂലം മരിക്കുന്നത് സാധാരണയായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഹാരിസ് ബീരാന്‍ എംപി വാക്സിന്റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് ലോക്സഭയില്‍ ചോദ്യം ഉന്നയിച്ചത്.
