കോണ്‍ഗ്രസ് ബെഞ്ചില്‍ നിന്നും നോട്ടുകെട്ട് കണ്ടെത്തിയെന്ന് ജഗദീപ് ധന്‍കര്‍; കൈയില്‍ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിഷേക് സിങ്വി; നിഗമനത്തിലെത്തരുതെന്ന് ഖര്‍ഗെ; സഭയുടെ അന്തസിന് കളങ്കമെന്ന് നഡ്ഡ; രാജ്യസഭയില്‍ പ്രതിഷേധം
സിങ്വിയുടെ ഇരിപ്പിടത്തില്‍നിന്ന് നോട്ടുകെട്ട് കണ്ടെത്തിയതില്‍ അന്വേഷണം
ന്യൂഡല്‍ഹി: രാജ്യസഭയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി എം.പിയുടെ ഇരിപ്പിടത്തില്‍നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. അഭിഷേക് മനു സിങ്‌വിയുടെ സീറ്റില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറാണ് അറിയിച്ചത്. പതിവ് പരിശോധനക്കിടെയാണ് നോട്ടുകെട്ടുകള്‍ ലഭിച്ചതെന്നും രാജ്യസഭ ചെയര്‍മാന്‍ സഭയെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സഭ നിര്‍ത്തിവെച്ചതിന് പിന്നാലെ നടത്തിയ പതിവ് പരിശോധനയില്‍ സീറ്റ് നമ്പര്‍ 222-ല്‍ നിന്ന് നോട്ടുകെട്ടുകള്‍ ലഭിച്ചു. ഈ സീറ്റ് നിലവില്‍ അനുവദിച്ചിരിക്കുന്നത് തെലങ്കാനയില്‍നിന്നുള്ള അംഗം അഭിഷേക് മനു സിങ്വിക്കാണ്. ഇക്കാര്യത്തില്‍ നിയമപരമായ അന്വേഷണം നടത്തിവരികയാണ്', എന്നായിരുന്നു സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ സഭയെ അറിയിച്ചത്.
ഇതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ് നിഗമനത്തിലെത്തരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പിന്നാലെ സഭയില്‍ ബഹളമായി.
അതേസമയം, ആരോപണം അഭിഷേക് സിങ്വി നിഷേധിച്ചു. 'രാജ്യസഭയില്‍ പോയപ്പോള്‍ എന്റെ കൈയില്‍ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഞാന്‍ സഭയില്‍ എത്തിയത് 12.57-നാണ്. ഒരുമണിക്ക് സഭ പിരിഞ്ഞു. പിന്നീട് 1.30-വരെ ഞാന്‍ അയോധ്യ എം.പി. അവധേഷ് പ്രസാദിനൊപ്പം പാര്‍ലമെന്റ് ക്യാന്റീനിലായിരുന്നു', അദ്ദേഹം വ്യക്തമാക്കി.
രാവിലെ സഭ ചേര്‍ന്നയുടന്‍ ഭരണപക്ഷത്ത് നിന്നാണ് ബഹളം തുടങ്ങിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എംപിമാരുടെ ഇരിപ്പിടം പരിശോധിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെ്ട്ട എംപിമാര്‍ ബഹളം വച്ചു. പതിവ് പരിശോധനയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജുജു പറഞ്ഞെങ്കിലും എംപിയുടെ പേര് വ്യക്തമാക്കാതെ ഇരിപ്പിടത്തില്‍ നിന്ന് നോട്ട് കെട്ടുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കി. കാടടച്ച് വെടിവയ്ക്കരുതെന്ന് പ്രതിപക്ഷം ബഹളം വച്ചതോടെ പണം എവിടെ നിന്നാണ് പിടിച്ചെടുത്തതെന്ന് അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ വിശദീകരിച്ചു. പിന്നാലെ അന്വേഷണവും പ്രഖ്യാപിച്ചു.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകാതെ ആരെയും കുറ്റക്കാരനാക്കരുതെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. പിന്നാലെ മാധ്യമങ്ങളെ കണ്ട മനു അഭിഷേക് സിംഗ്‌വി ആരോപണം നിഷേധിച്ചു. അഞ്ഞൂറിന്റെ ഒറ്റനോട്ട് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂവെന്ന് സിംഗ്‌വി കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. രാജ്യസഭയുടെ അന്തസിന് കോട്ടം വരുത്തിയ സംഭവമാണെന്ന് ജെപി നഡ്ഡ ആരോപിച്ചു.
വളരെ ഗുരുതരമായ സംഭവമാണിത്. സഭയുടെ അന്തസ് കളങ്കപ്പെടുത്തുന്ന ഒന്ന്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് രാജ്യസഭ ചെയര്‍മാനോട് അഭ്യര്‍ഥിക്കുകയാണ്.-നഡ്ഡ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ശീതകാല സമ്മേളനമാണ് നടക്കുന്നത്.
സഭ പിന്നീട് നടപടികളിലേക്ക് കടന്നെങ്കിലും വിടാതെ പിടിക്കാനാണ് ബിജെപിയുടെ നീക്കം.
അഭിഷേക് മനു സിങ്‌വിക്ക് അലോട്ട് ചെയ്ത രാജ്യസഭയിലെ 222ാം നമ്പര്‍ സീറ്റിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. തെലങ്കാനയെ പ്രതിനിധീകരിച്ചാണ് സിങ്‌വി രാജ്യസഭയിലെത്തിയത്.