ഇതാ ഒരു വഞ്ചകന്‍ നടന്നുപോകുന്നു, അവന്റെ മുഖത്തേക്ക് നോക്കൂ എന്ന് രാഹുല്‍ ഗാന്ധി; തെരുവിലെ ഗൂണ്ടകളെന്നും സിഖുകാരെ കൊന്ന ദ്രോഹികളെന്നും രവനീത് സിംഗ് ബിട്ടു; പാര്‍ലമെന്റ് വളപ്പില്‍ നാടകീയ രംഗങ്ങള്‍; സസ്പെന്‍ഷനിലായ എംപിമാര്‍ക്ക് നടുവില്‍ രാഹുലും മന്ത്രിയും തമ്മില്‍ കൊമ്പുകോര്‍ത്തപ്പോള്‍
പാര്‍ലമെന്റ് വളപ്പില്‍ കൊമ്പുകോര്‍ത്ത് കേന്ദ്രമന്ത്രിയും രാഹുലും
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ബുധനാഴ്ച ലോക്സഭ നിര്‍ത്തിവെച്ചതിന് പിന്നാലെ, പാര്‍ലമെന്റ് വളപ്പില്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടുവും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു. എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും പാര്‍ലമെന്റിലെ മകര്‍ ദ്വാറിന് സമീപം പ്രതിഷേധിക്കുന്നതിനിടയിലാണ് സംഭവം.
മുന്‍ കോണ്‍ഗ്രസ് എംപി കൂടിയായ രവനീത് സിംഗ് ബിട്ടു പ്രതിഷേധക്കാര്‍ക്ക് അരികിലൂടെ നടന്നുപോകുമ്പോള്‍, 'ഇവര്‍ കാര്‍ഗില്‍ യുദ്ധം ജയിച്ചു വരികയാണെന്ന് തോന്നുന്നു' എന്ന് പരിഹസിച്ചു. ഇതിനോട് പ്രതികരിച്ച രാഹുല്‍ ഗാന്ധി, ബിട്ടുവിനെ ചൂണ്ടിക്കാട്ടി 'ഇതാ ഒരു വഞ്ചകന്‍ (Traitor) നടന്നുപോകുന്നു, അവന്റെ മുഖത്തേക്ക് നോക്കൂ...' എന്ന് പറഞ്ഞു. തുടര്‍ന്ന് കൈകൊടുക്കാന്‍ ശ്രമിച്ചുകൊണ്ട് 'ഹലോ സഹോദരാ, എന്റെ ദ്രോഹിയായ സുഹൃത്തേ.. വിഷമിക്കേണ്ട, നീ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു വരും' എന്നും രാഹുല്‍ പരിഹസിച്ചു. എന്നാല്‍ കൈകൊടുക്കാന്‍ വിസമ്മതിച്ച ബിട്ടു, 'രാജ്യത്തിന്റെ ശത്രു' എന്ന് രാഹുലിനെ തിരിച്ചുവിളിച്ചു. കാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.
രവനീത് സിംഗ് ബിട്ടുവിന്റെ പ്രതികരണം
സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബിട്ടു രാഹുലിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു: രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും 'റോഡിലെ ഗുണ്ടകളെ' (Sadak ka gunda) പോലെയാണ് പെരുമാറിയതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുല്‍ തന്നെ ശാരീരികമായി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും മറ്റു എംപിമാര്‍ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയതെന്നും ബിട്ടു പറഞ്ഞു.
'ഞാന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോള്‍ നല്ലവനായിരുന്നു. ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ എന്നെ ദ്രോഹിയാക്കി. സിഖുകാരെ കൊന്നൊടുക്കിയ നിങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ ദ്രോഹികള്‍,' ബിട്ടു തുറന്നടിച്ചു.
പ്രതിപക്ഷത്തിന്റെ നിലപാട്
അതേസമയം, രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സമാജ്വാദി പാര്‍ട്ടി എംപി ആനന്ദ് ഭദൗരിയ രംഗത്തെത്തി. ബിജെപിക്കെതിരെ വോട്ട് ചെയ്ത കോടിക്കണക്കിന് ആളുകളുടെ ശബ്ദമാണ് രാഹുലെന്നും അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ബഹളത്തിനിടയില്‍ പേപ്പറുകള്‍ സ്പീക്കര്‍ക്ക് നേരെ എറിഞ്ഞു എന്നാരോപിച്ചാണ് ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരടക്കം എട്ട് എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ ബാക്കി കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്തത്.
