സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം മലയാളത്തില്‍ ദൈവനാമത്തില്‍; ഉജ്വല്‍ നികവും ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയും മീനാക്ഷി ജെയിനും ഇനി രാജ്യസഭാ അംഗങ്ങള്‍

സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

Update: 2025-07-21 07:17 GMT

ന്യൂഡല്‍ഹി: ബിജെപി നേതാവ് സി.സദാനന്ദന്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തില്‍, ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലിയത്. അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിന്‍ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. നാലുപേരെയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയാണ് സി സദാനന്ദന്‍ മാസ്റ്റര്‍. അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനുമായ സി സദാനന്ദന്‍ മാസ്റ്ററെ ആ പട്ടികയില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയത്. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് ആയിരിക്കെ രാഷ്ട്രീയ കൊലപാതകത്തെ അതിജീവിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തില്‍ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട് കൃത്രിമക്കാലുകളുമായി ജീവിക്കുകയായിരുന്നു അദ്ദേഹം. 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.

മുന്‍ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ അംബാസഡറുമായിരുന്നു ശ്രിംഗ്ല. 2023ല്‍ ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയുടെ ചീഫ് കോര്‍ഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മുംബൈ ഭീകരാക്രമണ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ച ഉജ്ജ്വല്‍ നിഗം നിയമവൃത്തങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ഡോ. മീനാക്ഷി ജെയിന്‍ അറിയപ്പെടുന്ന ഒരു ചരിത്രകാരിയും ഡല്‍ഹി സര്‍വകലാശാലയിലെ ഗാര്‍ഗി കോളേജിലെ മുന്‍ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ്.

Tags:    

Similar News