14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വഖഫ് ദേഭഗതി ബില്‍ ലോക്‌സഭയില്‍ പാസായി; പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളെല്ലാം അര്‍ധരാത്രി വോട്ടിനിട്ട് തള്ളി; ബില്ലിനെ അനുകൂലിച്ചത് 288 പേര്‍; എതിര്‍ത്ത് വോട്ടു ചെയ്തത് 232 പേരും; ബില്‍ പാസാകുന്നതോടെ മുനമ്പത്തെ കുടുംബങ്ങളുടെ പ്രതിസന്ധി ഒഴിയുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വഖഫ് ദേഭഗതി ബില്‍ ലോക്‌സഭയില്‍ പാസായി

Update: 2025-04-02 20:43 GMT

ന്യൂഡല്‍ഹി: പതിനാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വഖഫ് ദേഭഗതി ബില്‍ ലോക്‌സഭ പാസാക്കി. വോട്ടെടുപ്പ് നടത്തിയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളുകയാണ് ഉണ്ടായത്. ഇതിനേ ശേഷമാണ് അന്തിമ വോട്ടെടുപ്പ് നടന്നത്. ബില്ലിനെ അനുകൂലിച്ചത് 288 അംഗങ്ങളാണ്. എതിര്‍ത്ത് വോട്ടു ചെയ്തത് 232 പേരും. രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതി ബില്‍ വോട്ടിനിട്ടത്.

ഇനി രാജ്യസഭയും ബില്‍ പാസാക്കി രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചാല്‍ പുതിയ വഖഫ് നിയമം നിലവില്‍ വരും. കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ കോണ്‍ഗ്രസ് അടക്കം ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ കക്ഷികളെല്ലാം എതിര്‍ത്തു. നിയമ വിരുദ്ധമായ ബില്ലാണ് അവതരിപ്പിക്കുന്നതെന്നും പൗരാവകാശങ്ങളുടെ ലംഘനമാണ് ബില്ലിലെന്നും പ്രതിപക്ഷ നിരയില്‍ നിന്നും സംസാരിച്ചവര്‍ പറഞ്ഞു.

അതേസമയം ബില്‍ കൊണ്ടുവന്നത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണെന്ന് ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ കിരണ്‍ റിജിജു പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ചത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. എന്നാല്‍, പലരും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്. ബില്‍ മുസ്ലിം വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ പറയണം. കലക്ടറെ പോലെ ഉന്നതാധികാരമുള്ള വ്യക്തിയെ വിശ്വാസമില്ലെങ്കില്‍ മറ്റാരെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.

വഖഫ് ബില്‍ പാസാകുന്നതോടെ മുനമ്പത്തെ കുടുംബങ്ങളുടെ പ്രതിസന്ധി ഒഴിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 600 കുടുംബങ്ങള്‍ തന്നെ വന്ന് കണ്ടിരുന്നു. അവരുടെ ദുഖം നിങ്ങള്‍ക്ക് മനസ്സിലാകില്ല. അതുകൊണ്ടാണ് ഞങ്ങളുടെ അടുത്തു വന്ന് കണ്ടതെന്നും കിരണ്‍ റിജിജു പ്രതികരിച്ചു. ക്രൈസ്തവ സംഘടനകള്‍ക്ക് പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് അവര്‍ പ്രസ്താവന ഇറക്കിയത്. ബില്ലില്‍ പ്രതിക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ അപ്രായോഗികമാണ്. രാജ്യത്ത് മുസ്ലിങ്ങള്‍ സുരക്ഷതിരായിരിക്കും. ആരും വിഭജിക്കാന്‍ ശ്രമിക്കുന്നില്ലെന്നും കിരണ്‍ റിജിജു മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

എല്ലാ വിഭാഗം മുസ്ലിംങ്ങളെയും ഒരുമിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയാണോ ഇന്ത്യയിലെന്നുമാണ് കേന്ദ്രമന്ത്രി ചോദിച്ചത്.

'മുസ്ലിം ഇതര അംഗങ്ങള്‍ മതകാര്യങ്ങളില്‍ ഇടപെടില്ലെന്ന് അമിത്ഷാ

വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയില്‍ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വിശദീകരണം നല്‍കി. ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു പങ്കും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.

ബില്ലിനേക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചു. ഏതെങ്കിലും സമുദായത്തിന്റെ മതാചാരങ്ങളില്‍ കൈകടത്തുന്നതല്ല നിര്‍ദിഷ്ട നിയമനിര്‍മാണം. വഖഫ് വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ തടയാനുമാണ് ബില്ലിലൂടെ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വോട്ട് ബാങ്കിനുവേണ്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയംനിറയ്ക്കാനാണ് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു.

മതപരമായ കാര്യങ്ങളില്‍ കൈകടത്തുക എന്നതല്ല വഖഫ് ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങളുടെ ചുമതല. ഭരണനിര്‍വഹണം നിയമാനുസൃതമായാണോ നടക്കുന്നത് എന്ന് ഉറപ്പുവരുത്തുക, എന്ത് കാര്യത്തിനാണോ സംഭാവന ലഭിച്ചത് ആ തുക അതിനുവേണ്ടിത്തന്നെയാണ് ചെലവഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുക- ഇതാണ് അവരുടെ ഉത്തരവാദിത്വം, അമിത് ഷാ പറഞ്ഞു.

2013-ല്‍ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താതെയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. എല്ലാം നന്നായി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, 2014-ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2013-ല്‍ വഖഫ് നിയമത്തില്‍ പൊടുന്നനേ മാറ്റങ്ങള്‍ വരുത്തി. അതിന്റെ ഫലമായി ല്യുട്ടിന്‍സ് ഡല്‍ഹിയിലെ 123 വിവിഐപി വസ്തുവകകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫിന് കൈമാറി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആയിരുന്നു അത്, അമിത് ഷാ വിമര്‍ശിച്ചു.

വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നപക്ഷം അതിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. അങ്ങനെയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും സഭയില്‍ സംസാരിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു നിയമവും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി കൊണ്ടുവരരുത് എന്നതാണ് ബിജെപിയുടെയും മോദിസര്‍ക്കാരിന്റെയും നയം. നീതിക്കു വേണ്ടിയാകണം നിയമം കൊണ്ടുവരേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

ജനാധിപത്യവും മതസ്വാതന്ത്ര്യവും കശാപ്പ് ചെയ്‌തെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

ന്യൂനപക്ഷത്തെ സംരക്ഷിക്കാനാണ് വഖഫ് ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് 2025ലെ ഏറ്റവും വലിയ തമാശയാണെന്ന് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ശാരീരികമായും മാനസികമായും സാമൂഹികമായും ഇന്ത്യയിലെ ന്യൂനപക്ഷത്തെ വേട്ടയാടുന്ന സര്‍ക്കാറാണ് അദ്ദേഹത്തിന്റേത്.

പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിനും ഇടപെടലിനും വഴങ്ങി ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ജോയന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെങ്കിലും ജെ.പി.സി ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സമൂഹത്തിന് ആശ്വാസകരമല്ലാത്ത നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രസര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി റിപ്പോര്‍ട്ട് നല്‍കാനുള്ള ഉപാധി മാത്രമായി ജെ.പി.സി നിലകൊണ്ടു.

പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന തരത്തിലാണ് ജെ.പി.സിയെക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തയാറാക്കിപ്പിച്ചത്. തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട ബില്ലില്‍ രാജ്യത്ത് വഖഫ് ചെയ്യപ്പെട്ട ഭൂമികളുടെ കാര്യത്തില്‍ അവയുടെ ഉദ്ദേശ്യത്തിന് വിരുദ്ധമായും അതുപ്രകാരം അവരോട് നന്ദികേട് കാണിക്കുന്ന വിധത്തിലും ആണ് സര്‍ക്കാര്‍ പെരുമാറുന്നത്. ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്കും ക്രയവിക്രയ അധികാരം നല്‍കുന്നത് നീതീകരിക്കാന്‍ ആകുന്ന കാര്യമല്ലെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

'വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരിച്ചത് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു'

വഖഫ് ബില്‍ ന്യൂനപക്ഷങ്ങളുടെ സ്വയംഭരണത്തിനും വിശ്വാസങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ ആക്രമണമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ബില്ലിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ഈ സര്‍ക്കാരിന് ഒരൊറ്റ അജണ്ടയെ ഉള്ളൂ, ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ടയാണിത്. ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന, വിഷയങ്ങള്‍ തൊഴിലില്ലായ്മ ഉള്‍പ്പെടെ, കര്‍ഷക രോഷമോ ഒന്നും സര്‍ക്കാരിന്റെ വിഷയമേ അല്ല. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു ചോര കുടിക്കുന്ന സൃഗാല ബുദ്ധിയാണ് ഈ സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി വിദേശരാജ്യങ്ങളില്‍ നിരന്തരം സഞ്ചരിച്ച് ഒരു ലോകനേതാവാകാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇവിടെ, മതത്തിന്റെ പേരില്‍ നിങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി നിങ്ങള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ന്യൂനപക്ഷത്തിനെതിരല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ച് പറയുകയാണെന്നും കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

ഇത് മുസ്ലിം സമുദായത്തിന്റെ മാത്രം കാര്യമല്ല. ഭൂരിപക്ഷ രാഷ്ട്രമെന്ന സ്വപ്നം കെട്ടിപ്പടുക്കാന്‍ ഈ സര്‍ക്കാര്‍ എല്ലാ ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്നു. പാര്‍ലമെന്റിലെ ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യം റദ്ദാക്കിയതും ഇത്തരമൊരു നീക്കമായിരുന്നു. ഇന്ന് ക്രൈസ്തവ സമൂഹങ്ങളുടെ രക്ഷകരായി നടിക്കുകയാണ് ബി.ജെ.പി. 1964-ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരണം പോലും മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു എന്ന് നാം വിസ്മരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹിന്ദു എം.എല്‍എമാര്‍ക്ക് മാത്രമേ അതില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളൂ. 1988ലെ ശ്രീ മാതാ വൈഷ്ണോ ദേവി ഷ്‌റൈന്‍ ആക്ട് പ്രകാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആണ് ചെയര്‍മാന്‍. ഇനി ആ പദവിയില്‍ ഹിന്ദു വിശ്വാസിയില്ലാത്ത ഒരാളാണെങ്കില്‍ വിശ്വാസിയായ ഒരാളെ നിര്‍ദേശിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ഇത് വിവേചനമില്ല, മറിച്ച് വിശ്വാസങ്ങളോടുള്ള ബഹുമാനമാണ്. വസ്തുത ഇതായിരിക്കെ വഖഫ് സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് വിവേചനമാണ്.

മുനമ്പം വിഷയത്തില്‍ അവിടുത്തെ ജനങ്ങള്‍ക്ക് നീതികിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ഞങ്ങള്‍ പലതവണ ആവര്‍ത്തിച്ച വിഷയമാണ്. കെ.സി.ബി.സിയും സി.ബി.സി.ഐയും ഉന്നയിക്കുന്ന കാര്യങ്ങള്‍ ഗൗരവതരമാണെന്ന് ഇപ്പോഴെങ്കിലും മന്ത്രി അംഗീകരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകളെ കെ.സി.ബി.സി തന്നെ പലതവണ അപലപിച്ച കാര്യം അദ്ദേഹം മറന്നുവോയെന്ന് സംശയമുണ്ട്.

രാജ്യത്തുടനീളം ക്രിസ്തീയ ദേവാലയങ്ങള്‍ക്കെതിരെയും, വിശ്വാസികള്‍ക്കെതിരെയും അതിക്രമം നടക്കുമ്പോള്‍ അത് സഭയില്‍ ഉന്നയിക്കാന്‍ പോലും അനുമതി നല്‍കാത്ത സര്‍ക്കാരാണിത്. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചിരിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. സംഘ്പരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകള്‍ എത്തുന്നു. ഒരു വശത്ത് മുസ്ലിം പള്ളിയും മറുവശത്ത് ക്രിസ്ത്യന്‍ പള്ളിയും സ്ഥിതി ചെയ്യുന്നു. പുരോഹിതര്‍ സ്ത്രീകള്‍ക്ക് വെള്ളം നല്‍കുന്ന കാഴ്ചയുമുണ്ടെന്നും കേരളത്തിലെ മതമൈത്രിയെ ഉയര്‍ത്തിക്കാട്ടി കെ.സി വേണുഗോപാല്‍ പറഞ്ഞു.

'വഖഫ് ബില്ലിനെ പിന്തുണക്കുന്നവര്‍ ഹിറ്റ്‌ലറെ മറക്കരുത്': കെ രാധാകൃഷ്ണന്‍

മുസ്‌ലിം ജനവിഭാഗത്തെ രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് വഖഫ് ഭേദഗതി ബില്ലെന്ന് ചര്‍ച്ചയില്‍ സംസാരിച്ച കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മുസ്‌ലിംകള്‍ക്കിടയിലെ പാവങ്ങള്‍ക്കും വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് ബില്ലെന്നാണ് ന്യൂനപക്ഷമന്ത്രിയുടെ അവകാശവാദം.

അവരെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് താല്‍പര്യമുണ്ടെങ്കില്‍ റദ്ദാക്കിയ ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ് പുനഃസ്ഥാപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഭരണഘടനപരമായ അവകാശമുണ്ട്. ഇതിനുമേലുള്ള കടന്നുകയറ്റമാണ് ബില്‍. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നതുപോലുള്ള സമീപനം മറ്റു മതവിഭാഗങ്ങളുടെ വിഷയങ്ങളില്‍ സ്വീകരിക്കുമോ എന്ന് ചോദിച്ച കെ. രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ പേരിന് ക്രിസ്ത്യന്‍ സാമ്യമുണ്ടായതിനെ തുടര്‍ന്ന് 1987ല്‍ കേരളത്തില്‍ വലിയ കോലാഹലമുണ്ടായത് സഭയെ ഓര്‍മിപ്പിച്ചു.

മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നാട് ഉണരണം. ഹിറ്റ്‌ലര്‍ എങ്ങനെയാണ് ജര്‍മനിയെ ഫാഷിസത്തിലേക്ക് കൊണ്ടുപോയതെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ ഓര്‍ക്കണം. കേരളത്തിലെ വിഷയം പറഞ്ഞപ്പോള്‍ മന്ത്രി സുരേഷ് ഗോപി ഇവിടെയുണ്ട്, അദ്ദേഹത്തിന് അറിയാം എന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞതോടെ സുരേഷ് ഗോപി എഴുന്നേറ്റ് ബഹളം വെച്ചു.

Tags:    

Similar News