ശിവഗിരിയില്‍ 30 വര്‍ഷം മുമ്പ് നടന്നത് തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവം; പൊലീസിനെ അയയ്‌ക്കേണ്ടി വന്നത് നിര്‍ഭാഗ്യകരം; മുത്തങ്ങ സംഭവം ദു:ഖകരം; പ്രതികരിക്കണമെന്ന് തോന്നിയത് ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍; നിയമസഭയില്‍ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ കെ ആന്റണി
മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ കെ ആന്റണി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണി രംഗത്തെത്തി. 21 വര്‍ഷം മുമ്പ് കേരള രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച തനിക്ക് ഇങ്ങനെയൊരു പ്രതികരണത്തിന് അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അപ്രതീക്ഷിതമായി നേരിട്ട ഏകപക്ഷീയമായ ആക്രമണമാണ് പ്രതികരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും, തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മറുപടി പറയാമെന്ന് കരുതിയിരുന്നതായും ആന്റണി വ്യക്തമാക്കി.
താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യര്‍ഥന മാനിച്ചാണ് ചേര്‍ത്തല സ്‌കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്‌കൂള്‍ എന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ല്‍ ശിവഗിരിയില്‍ നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നു.നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്.
അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു. എല്ലാ നടപടിയും പൊലീസ് എടുക്കണം എന്ന് കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാന്‍ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവിവത്കരിക്കുമെന്ന് വാദിച്ചു. കീഴ്‌കോടതി വിധികള്‍ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി രണ്ടുതവണ പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു.
മുത്തങ്ങ സംഭവം ദുഃഖകരമാണെന്ന് പറഞ്ഞ ആന്റണി, ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് താനാണെന്നും എന്നിട്ടും അവരെ ചുട്ടുകരിച്ചെന്ന പഴികേള്‍ക്കേണ്ടി വന്നെന്നും ഖേദത്തോടെ അനുസ്മരിച്ചു. മുത്തങ്ങ വന്യജീവി സങ്കേതമാണെന്നും, അവിടെ കുടില്‍ കെട്ടിയപ്പോള്‍ എല്ലാ പാര്‍ട്ടികളും മാധ്യമങ്ങളും അവരെ അവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും, എന്നാല്‍ പിന്നീട് നിലപാട് മാറ്റിയതായും അദ്ദേഹം പറഞ്ഞു. മുത്തങ്ങ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും, ആ റിപ്പോര്‍ട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയില്‍ പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫ്. ഭരണകാലത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചത്. അടിയന്തരാവസ്ഥ കാലഘട്ടത്തിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എ.കെ.ആന്റണിയും കെ. കരുണാകരനും മുഖ്യമന്ത്രിമാരായിരുന്ന കാലഘട്ടങ്ങളിലെ പൊലീസ് അതിക്രമങ്ങളും മുഖ്യമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയും അദ്ദേഹം പരാമര്‍ശിച്ചു. ആന്റണിയുടെ ഭരണകാലത്ത് നടന്ന മുത്തങ്ങ പൊലീസ് അതിക്രമത്തെക്കുറിച്ച് ഭരണപക്ഷത്തെ എംഎല്‍എമാര്‍ ഇന്നലെ പലതവണ പരാമര്‍ശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് ശക്തമായ പ്രതികരണവുമായി എ.കെ.ആന്റണി രംഗത്തെത്തിയത്.