പറഞ്ഞത് ശരിയായോ എന്ന് പി വി അന്‍വര്‍ ആലോചിക്കട്ടെ; അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ല; എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്; തന്നെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ അന്‍വര്‍ ആഞ്ഞടിച്ചതില്‍ മന്ത്രിക്ക് അതൃപ്തി

വനംവകുപ്പിനെതിരെ അന്‍വര്‍ ആഞ്ഞടിച്ചതില്‍ മന്ത്രിക്ക് അതൃപ്തി

Update: 2024-09-23 15:40 GMT

കോഴിക്കോട്: നിലമ്പൂരില്‍ തന്നെ വേദിയിലിരുത്തി പി.വി. അന്‍വര്‍ എം.എല്‍.എ വനംവകുപ്പിന് എതിരെ ആഞ്ഞടിച്ചതില്‍ മന്ത്രി എ.കെ. ശശീന്ദ്രന് അതൃപ്തി. പറഞ്ഞത് ശരിയായോ എന്ന് അന്‍വര്‍ ആലോചിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആണോ പറയേണ്ടത് എന്ന് ആലോചിക്കട്ടെ. അദ്ദേഹം കാര്യങ്ങള്‍ അറിയുന്ന ആളാണല്ലോ. പ്രായം കൂടിയ ആള്‍ ആയതു കൊണ്ടാണ് താന്‍ ഉപദേശിക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അദ്ദേഹത്തെ പോലെയുള്ള എം.എല്‍.എ. പറയുന്നതിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ ഞാന്‍ പഠിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ആവശ്യമില്ല. അറിയേണ്ടത് എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്. വ്യക്തിപരമായി വിഷമം ഇല്ല. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖിക്കുകയോ ഇല്ലെന്നും അതിന് മാത്രമുള്ള പക്വതയുണ്ടെന്നും എ.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വനംവകുപ്പുമായി ബന്ധപ്പെട്ട് ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയുണ്ടെന്നും സര്‍ക്കാര്‍ ഇടപെടേണ്ട വിഷയത്തില്‍ ഇടപെടാത്തതുകാരണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് പോയെന്നും അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ പറഞ്ഞത്

വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴെന്നും വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും പിവി അന്‍വര്‍ എംഎല്‍എ തുറന്നടിച്ചു.

വനത്തില്‍ ആര്‍ക്കും പ്രവേശനമില്ല. വനത്തില്‍ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയില്‍ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളില്‍ വരെ വന്യജീവികള്‍ എത്തുന്നുണ്ട്. സോഷ്യല്‍ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്. അന്യര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികള്‍ക്ക് ഭക്ഷണം കിട്ടുന്നില്ല.

കെ സുധാകരന്‍ വനം മന്ത്രിയായിട്ട് ഇതൊന്നും നേരിയായിട്ടില്ല. പിന്നല്ലെ പാവം ശശീന്ദ്രന്‍ വിചാരിച്ചിട്ടെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. വനത്തിനുളളില്‍ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങള്‍ പണിയുകയാണ്. ഇത് ശരിയല്ല. പാര്‍ട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ - വന്യ ജീവി സംഘര്‍ഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വലിയ വോട്ടുചോര്‍ച്ചയുണ്ടാക്കി. വനം വകുപ്പുദ്യോഗസ്ഥരുടെ മനസ് വന്യ ജീവികളെക്കാള്‍ ക്രൂരമാണ്. വനം വകുപ്പുദ്യോഗസ്ഥന്‍ മരിച്ചിട്ട് മൃതദേഹം ഓഫീസില്‍ വക്കാന്‍ പോലും മേലുദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല.

ഇടതു രീതിയല്ല. വരച്ച വരയില്‍ ഉദ്യോഗസ്ഥരെ നിര്‍ത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാന്‍ ചെന്നപ്പോള്‍ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചു. താന്‍അപ്പോള്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അടി കൊടുത്തേനെയെന്നും പി.വി.അന്‍വര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പണ്ടത്തെ പോലെ ഇപ്പോള്‍ പണിയില്ല. ഈ നിയമസഭ പ്രസംഗത്തില്‍ പറയാന്‍ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭ സമ്മേളനത്തില്‍ പറയാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ നേരത്തെ പറയുകയാണ്. ആവാസ വ്യവസ്ഥയും പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം. മനുഷ്യര്‍ക്കും ഇവിടെ ജീവിക്കണം.ലോക രാജ്യങ്ങളില്‍ കാലത്തിന് അനുസരിച്ച് പല നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു. ഓസ്‌ട്രേലിയയില്‍ കങ്കാരുക്കളെ കൊല്ലാന്‍ തോക്ക് നല്‍കിയിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

അവര്‍ കോടികള്‍ മുടക്കി പല ഭാഗത്തും കെട്ടിടങ്ങള്‍ ഉണ്ടാക്കുകയാണ്. തന്റെ നേതൃത്വത്തിലാണ് ഈ പണി നടന്നിരുന്നതെങ്കില്‍ ഉദ്യോഗസ്ഥരെയൊക്കെ ഡിസ്മിസ് ചെയ്‌തേനെ. വനം വകുപ്പിന്റെ തോന്ന്യവാസത്തിന് അതിരില്ലാത്ത സ്ഥിതിയാണ്. ഇതൊക്കെ ഇവിടെ മാത്രമേ നടക്കു. തമിഴ്‌നാട്ടിലാണെങ്കില്‍ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ. പണ്ടൊക്കെ നാട്ടുകാര്‍ ഇരുട്ടടി അടിച്ചേനെ. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വന്നതോടെ അതിനും കഴിയാതായി. അതേസമയം, വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ പി.വി അന്‍വറിന്റെ വിമര്‍ശനം പരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.


Tags:    

Similar News