വെറുതെ ആണോ പോലീസിനെ കൊണ്ട് അക്രമം അഴിച്ചു വിട്ടത്..വെറുതെ ആണോ അമിത് ഷായെ കണ്ട് കാലില്‍ വീണത്; കാരണം.. മകനും പെട്ടു..മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലിയാണ്; അവര്‍ക്ക് സംരക്ഷണം ഒരുക്കാനുളള കാവല്‍നായ്ക്കളുടെ പണിയാണ് പൊലീസ് ചെയ്യുന്നതെന്നും അബിന്‍ വര്‍ക്കി
പിണറായി വിജയന്റെ കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ മകനും മകളും കുടുംബവും ചേര്‍ന്ന് 'തിരുട്ട് ഫാമിലി'യായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി ആരോപിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അബിന്‍ വര്‍ക്കിയുടെ പ്രതികരണം.
2018-ലെ ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി ഇ.ഡി. വിളിച്ചുവരുത്തിയത്. 2023 ഫെബ്രുവരി 14-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വിവേക് കിരണ്‍ സമന്‍സിന് മറുപടി നല്‍കുകയോ ഹാജരാകുകയോ ചെയ്തില്ല. സാധാരണഗതിയില്‍ ഇ.ഡി. വീണ്ടും സമന്‍സ് അയച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും, ഈ കേസില്‍ പിന്നീട് ഒരു നടപടിയുമുണ്ടായില്ലെന്ന് അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ മകന്‍ കേസില്‍പ്പെട്ടതുകൊണ്ടാണ് അദ്ദേഹം പോലീസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടതെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് കാലില്‍ വീണതെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു. ഇതിലൂടെ ബി.ജെ.പി.ക്ക് മുന്നില്‍ ഒരു പാര്‍ട്ടി സര്‍വ്വതും അടിയറവ് വെച്ചെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഒരു ജനപ്രതിനിധിക്കെതിരെ പോലീസ് ഇത്തരത്തില്‍ ഒരു ആക്രമണം അഴിച്ചുവിട്ട സംഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച സംഭവം പരാമര്‍ശിച്ച് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് മര്‍ദ്ദിച്ചപ്പോള്‍ സ്വീകരിച്ച നിലപാട് പോലീസ് ഇനിയും ആവര്‍ത്തിക്കില്ലെന്ന് അബിന്‍ വര്‍ക്കി മുന്നറിയിപ്പ് നല്‍കി. വടകര ഡിവൈഎസ്പി സുനില്‍ കുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ജനപ്രതിനിധികളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തിലടക്കം സമരം തുടരുമെന്ന് അബിന്‍ വര്‍ക്കി അറിയിച്ചു. പോലീസിനെ 'തിരുട്ട് ഫാമിലിക്ക്' സംരക്ഷണം ഒരുക്കാനുള്ള കാവല്‍ നായ്ക്കളായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എം.പി ഷാഫി പറമ്പില്‍ ഒരു 'ഷോ' കാണിച്ചത് കൊണ്ടാണ് ടീച്ചറമ്മ വീട്ടിലിരിക്കുന്നതെന്നും മലബാറില്‍ സിപിഎമ്മിന് തല ഉയര്‍ത്താന്‍ കഴിയാത്തത് എം.പി ഷാഫി കാണിച്ച 'ഷോ' കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ സമരം ചെയ്ത കാലം മറന്നെന്നും, ഡിവൈഎഫ്‌ഐക്ക് നാണമുണ്ടെങ്കില്‍ ക്ലിഫ് ഹൗസില്‍ പണയം വെച്ച വാഴപ്പിണ്ടി നട്ടെല്ല് ഇടയ്‌ക്കൊന്ന് ഇളക്കിവെച്ച് ഇവര്‍ക്കെതിരെ പറയാന്‍ ധൈര്യം കാണിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയുടെ കുടുംബം കാണിക്കുന്ന മോഷണത്തിന് കുടപിടിക്കുന്ന സിപിഎമ്മിനോടും ഡിവൈഎഫ്‌ഐയോടും പുച്ഛമാണെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി.