കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹം; പാര്‍ട്ടി തീരുമാനം തിരുത്താന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി; യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകാന്‍ താല്‍പ്പര്യമില്ല; വൈസ് പ്രസിഡന്റ് ആയി തുടരാന്‍ അനുവദിക്കണമെന്ന് ദേശീയ നേതൃത്വത്തോടെ ആവശ്യപ്പെടുമെന്ന് അബിന്‍ മാധ്യമങ്ങളോട്
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റി ദേശീയ സെക്രട്ടറിയാക്കിയ നടപടിയില്‍ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി പ്രതികരിച്ചു.
പാര്‍ട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. അതൃപ്തി പരസ്യമാക്കിയാണ് അബിന്റെ പ്രതികരണം. ദേശീയ സെക്രട്ടറി ആകാന്‍ താത്പര്യമില്ലെന്നും അബിന്‍ സൂചിപ്പിച്ചു. കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്നും വൈസ് പ്രസിഡന്റ് ആയി തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടും. ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും അബിന്‍ വ്യക്തമാക്കി. പാര്‍ട്ടി എടുത്ത തീരുമാനം തെറ്റെന്ന് പറയില്ല. പാര്‍ട്ടിയോട് തിരുത്താന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമെന്നും അബിന്‍ വ്യക്തമാക്കി.
സംസ്ഥാന അധ്യക്ഷനാക്കാതിരുന്നത് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചില ഘടകങ്ങള്‍ പരിശോധിച്ചതുകൊണ്ടാകാം. സാമുദായിക അടിസ്ഥാനത്തിലാണോ താന്‍ തഴയപ്പെട്ടത് എന്നതില്‍ നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും അബിന്‍ പ്രതികരിച്ചു. കഴിഞ്ഞയൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ 1.70 ലക്ഷത്തോളം വോട്ടാണ് തനിക്ക് ലഭിച്ചത്. അന്ന് രണ്ടാം സ്ഥാനത്തെത്തി.തന്നെക്കൊണ്ട് കഴിയുന്നതുപോലെ പാര്‍ടി ആവശ്യപ്പെട്ടപ്രകാരം പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ പ്രവര്‍ത്തിക്കാനാകണം എന്നാണ് ആഗ്രഹിച്ചതെന്നും അബിന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനായി ഒ ജെ ജനീഷിനെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഹൈക്കമാന്‍ഡ് കഴിഞ്ഞ ദിവസം നിയമിച്ചത്. രമേശ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെയും കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് നിയമനം. ഗ്രൂപ്പ് സമവാക്യങ്ങളെ അപ്രസക്തമാക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം. ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കിയതിന് പുറമേ ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റുമാക്കിയത് രമേശ് ചെന്നിത്തലയ്ക്കുള്ള വ്യക്തമായ സന്ദേശമാണ്.
ഐ ഗ്രൂപ്പിന് പ്രസക്തിയില്ലെന്ന് വിശദീകരിക്കുകയാണ് ഇതിലൂടെ. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ തീരുമാനങ്ങളേ നടക്കൂവെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ഇതിനെ രമേശ് ചെന്നിത്തല എങ്ങനെ പ്രതിരോധിക്കുമെന്നതാണ് നിര്‍ണ്ണായകം. കേരളത്തില്‍ കെസി വേണുഗോപാല്‍ ഇനി കൂടുതല്‍ സജീവമാകും. ഷാഫി പറമ്പിലാകും കെസിയുടെ പ്രധാന പോരാളി. ഈ തരത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ വരും. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പും അപ്രസക്തമായി. എ ഗ്രൂപ്പിലെ പ്രധാനിയായിരുന്ന ഷാഫി എല്ലാ അര്‍ത്ഥത്തിലും കെസിയ്ക്കൊമാവുകയാണ്. കാലങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം. കഴിഞ്ഞ പുനഃസംഘടനയില്‍ കെഎസ്യു അധ്യക്ഷ സ്ഥാനവും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടിരുന്നു. അതായത് ചെന്നിത്തല ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പും അപ്രസക്തം.
സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ശേഷം കൂടുതല്‍ വോട്ട് നേടിയ അബിന്‍ വര്‍ക്കിയെ മറികടന്നാണ് ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കുന്നത്. ഷാഫി പറമ്പിലിന്റെ അതിവിശ്വസ്തനായിരുന്നു. തിരഞ്ഞെടുപ്പില്‍ അബിന്‍ വര്‍ക്കിയേക്കാള്‍ വളരെ കുറച്ചു വോട്ടുകളാണ് ജനീഷിന് കിട്ടിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായ സംസ്ഥാന കമ്മിറ്റിയില്‍ ഉപാധ്യക്ഷനായിരുന്നു ജനീഷ്. തൃശ്ശൂര്‍ സ്വദേശിയാണ്. കെഎസ്യു ജില്ലാ അധ്യക്ഷ സ്ഥാനമടക്കം വഹിച്ചിട്ടുണ്ട്. ഷാഫി പറമ്പില്‍ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.
ജനീഷിന് പുറമേ, ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി. കെ.എം. അഭിജിത്ത് എന്നിവരുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ അബിന്‍ വര്‍ക്കിയേയും അഭിജിത്തിനേയും ദേശീയ സെക്രട്ടറിമാരായി ഉയര്‍ത്തി. ഇതോടെ അബിന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രസക്തിയും പോയി. ഇതിനെല്ലാം കാരണം ഷാഫിയുടെ ചരടു വലികളാണ്. പേരാമ്പ്രയിലെ സംഭവങ്ങളോടെ ഷാഫിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇനി കൂടുതല്‍ പ്രസക്തിവരും.
അധ്യക്ഷന്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജിവയ്ക്കുന്നതും പുതിയ അധ്യക്ഷ നിയമനത്തില്‍ സംസ്ഥാന - ദേശീയ തലത്തില്‍ പുതിയ ഫോര്‍മുല പരീക്ഷിക്കുന്നതും യൂത്ത് കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായാണ്. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനു നഷ്ടപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസില്‍ ആദ്യമായാണ് വര്‍ക്കിങ് പ്രസിഡന്റ് പദവി നടപ്പിലാക്കുന്നത്. ദേശീയ സെക്രട്ടറി, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനങ്ങള്‍ക്കൊപ്പം നിയമസഭാ സീറ്റു കൂടിയാണ് അധ്യക്ഷ പദം ലഭിക്കാത്തവര്‍ക്ക് അനൗദ്യോഗികമായി ലഭിച്ച ഉറപ്പ്.
ബിനു ചുള്ളിയില്‍, ഒ.ജെ ജനീഷ് എന്നിവരുടെ പേരുകള്‍ ദേശീയ തലത്തില്‍ പരിഗണിച്ചപ്പോഴും അബിന്‍ വര്‍ക്കിയെ പ്രസിഡന്റാക്കണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. ദേശീയ സെക്രട്ടറിയായി രണ്ടു മാസം മുന്‍പു നിയമിതനായ ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കും എന്നായിരുന്നു അഭ്യൂഹം. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാല്‍ ബിനുവിനെ അധ്യക്ഷനാക്കാനാകില്ലന്നായിരുന്നു അബിന്‍ അനുകൂലികളുടെ നിലപാട്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച അബിന്‍ വര്‍ക്കിയെ പ്രസിഡന്റാക്കുകയെന്നതാണ് സ്വാഭാവിക നീതിയെന്നായിരുന്നു വാദം. അതാണ് ലംഘിക്കപ്പെട്ടത്.