'എടോ സന്ദീപ് വാര്യരെ വിഷ ഫാക്ടറിക്ക് തന്റെ വീട്ടിലെ സ്ഥലം കൊടുത്തെന്നല്ലേ ഇന്നലെ വരെ കാച്ചിയത്; ഒരു കസേരയ്ക്ക് വേണ്ടി അച്ഛനെയും അമ്മാവനെയും മറന്നോ? സന്ദീപിന് എല്ലാ തൊരപ്പന്‍ പണിയുമറിയാം': ഒറ്റപ്പാലം സീറ്റ് മോഹിച്ചാണ് സന്ദീപ് പോയതെന്ന് അഡ്വ.ബി ഗോപാലകൃഷ്ണന്‍

ഒറ്റപ്പാലം സീറ്റ് മോഹിച്ചാണ് സന്ദീപ് പോയതെന്ന് അഡ്വ.ബി ഗോപാലകൃഷ്ണന്‍

Update: 2024-11-16 10:30 GMT

പാലക്കാട്: പി.സരിന്റെ ഒറ്റപ്പാലത്തെ കസേര നോക്കിയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേക്കേറിയതെന്ന് ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍. സന്ദീപ് വാര്യര്‍ പാര്‍ട്ടിയില്‍ നിന്ന് പോയത് നന്നായെന്നും ബിജെപിയില്‍ തുടരണമെങ്കില്‍ സഹനം വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


കോണ്‍ഗ്രസ്സുകാരെ ദൈവം രക്ഷിക്കട്ടെ...

'കസേര കിട്ടാത്തതിന് പിണങ്ങി കോണ്‍ഗ്രസില്‍ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യര്‍ കെ.മുരളീധരന്‍ പറഞ്ഞത് ഓര്‍ക്കണമായിരുന്നു. പാലക്കാട് വച്ച് മുരളീധരന്‍ പറഞ്ഞത് കോണ്‍ഗ്രസില്‍ തന്നെ പ്രശ്‌നമാണ് പിന്നെ അയാള്‍ വന്നിട്ട് എന്ത് കാര്യം എന്നാണ്. ജീവിതം മുഴുവന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കസേര ഇല്ല. അപ്പോഴാണ് അത്താഴം ഉണ്ണാന്‍ കസേര തപ്പി വാര്യര് കോണ്‍ഗ്രസിലെത്തുന്നത്.

പിന്നെ വാര്യര്‍ക്ക് സാധാരണക്കാര്‍ ഇരിക്കുന്ന കസേര പോര ചുരുങ്ങിയത് വി ഡി സതീശന്റെ കസേര എങ്കിലും വേണ്ടിവരും. അതിനുള്ള എല്ലാ തൊരപ്പന്‍ പണിയും അറിയുന്ന ആളാണ് സന്ദീപ് വാര്യര്‍. സരിന്റെ ഒറ്റപ്പാലത്തെ കസേര നോക്കിയാണ് കോണ്‍ഗ്രസില്‍ ചേക്കേറിയത്. തുടക്കം കൊള്ളാം വിഷം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്‌നേഹത്തിന്റെ കടയില്‍ കൂപ്പണ്‍ മേടിക്കാന്‍ കയറി എന്നാണ് അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

എടൊ സന്ദീപ് വാര്യരെ വിഷ ഫാക്ടറിക്ക് തന്റെ വീട്ടിലെ സ്ഥലം കൊടുത്തിരുന്നുവെന്നും വിഷം വില്‍ക്കാനുള്ള മൊത്തക്കച്ചവടക്കാരനാണ് തന്റെ അമ്മാവനെന്നുമായിരുന്നല്ലൊ ഇന്നലെ വരെ കാച്ചിയത്. കോണ്‍ഗ്രസ് ദുര്‍ഭരണം സൈനികരോട് കാട്ടിയ നന്ദികേടിനെതിരെ പടപൊരുതിയ അഭിമാനിയായ സൈനികന്റെ മകനാണ് താന്‍ എന്നായിരുന്നല്ലൊ ഇന്നലെ വരെ ഉണ്ടായിരുന്ന വീമ്പ് പറച്ചില്‍ 'ഒരു കസേരക്ക് വേണ്ടി അച്ഛനേയും ആര്‍എസ്എസ് പ്രചാരകനായിരുന്നു എന്ന് താങ്കള്‍ പറഞ്ഞ അമ്മാവനേയും താങ്കള്‍ മറന്നു പോയോ? ബി.ജെ.പി യുടെ നാവായിരുന്നു താന്‍ എന്ന് പറഞ്ഞതിനോട് വിയോജിപ്പിലെങ്കിലും കാലും കയ്യുമായിരുന്നു എന്ന് പറയരുത്.ഒരു കൊടി കെട്ടിയ പാരമ്പര്യമോ കഷ്ടപ്പാടൊ താങ്കള്‍ ഈ പാര്‍ട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല'താങ്കള്‍ക്ക് പറ്റിയ പാര്‍ട്ടിയിലേക്ക് തന്നെയാണ് താങ്കള്‍ പോയിരിക്കുന്നത്.

പക്ഷെ അവിടെ കഷ്ടപ്പെടുന്ന ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. അവരെ ഓര്‍ത്ത് എനിക്ക് സഹതാപവുമുണ്ട്. പക്ഷെ ബി ജെ പിയില്‍ നിന്ന് താങ്കള്‍ പോയത് നന്നായി. കാരണം ഈ പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ സഹനം വേണം - ആര്‍ത്തി പാടില്ല' എല്ലാം നഷ്ടപ്പെടുമെന്ന് സ്വയം നിശ്ചയം ചെയ്ത് ഇറങ്ങി തിരിച്ചവരുടെ സംഘടനയാണ് സംഘപരിവാര്‍ അവിടെ കസേരക്ക് സ്ഥാനം ഇല്ല കസേര പോയിട്ട് കിടപ്പാടം ഇല്ലാതെയും കാടക്കാന്‍ കിറപ്പായില്ലാതെയും കഴിയുന്ന പതിനായിരക്കണക്കിന് പാവപ്പെട്ട നിഷ്‌ക്കളങ്കരായ സംഘ പ്രവര്‍ത്തകരുടെ സംഘടനയാണ് ബി.ജെ.പി.

അവിടെ താങ്കള്‍ക്ക് തുടരണമെങ്കില്‍ മനസിലെ അധികാരത്തോടുള്ള ആര്‍ത്തി ഇല്ലാതാകണം. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നീരസങ്ങളും പരിഗണന കിട്ടാതെ വരലും ഒക്കെ ഉണ്ടാകാം. പക്ഷെ മനസില്‍ ആദര്‍ശം ഉള്ളവര്‍ക്ക് അധികാരത്തിന്റെ ആര്‍ത്തിയില്‍ കസേര കിട്ടാത്തതിന് പാര്‍ട്ടിയെയും പ്രവര്‍ത്തകരേയും ഉപേക്ഷിക്കാനാവില്ല: അതു കൊണ്ടാണ് ഞാന്‍ പറഞ്ഞത് സ്‌നേഹത്തിന്റെ കടയിലെ അത്താഴ മാണ് വാര്യര്‍ക്ക് നല്ലത്. ഇവിടെ ഞങ്ങള്‍ ബലിദാനികളെ സ്മരിച്ച് കഷ്ടപ്പെടുന്ന പ്രവര്‍ത്തകരോടപ്പം നടന്നും പോസ്റ്റര്‍ ഒട്ടിച്ചും ഞങ്ങളുടെ ആദര്‍ശത്തോടപ്പം ജീവിച്ചോളാം. താങ്കള്‍ ചെന്ന് രാജ്യദ്രോഹികളോടപ്പം സ്‌നേഹവിരുന്നില്‍ പങ്കെടുത്ത് താങ്കളുടെ ഭാഷയില്‍ ഇറ്റലിക്കാരി മദാമ്മക്ക് ഓശന പാടു: ...'നമസ്‌കാരം നേരില്‍ കാണാതിരിക്കട്ടെ'- ഗോപാലകൃഷ്ണന്‍ പോസ്റ്റില്‍ കുറിച്ചു.

Full View


Tags:    

Similar News