സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാകുമോ? സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണം; പി.എം ശ്രീയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.വൈ.എഫ് ലേഖനം

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാകുമോ?

Update: 2025-10-29 04:28 GMT

കോഴിക്കോട്: വിവാദ പി.എം ശ്രീ പദ്ധതിയില്‍ പിണറായി സര്‍ക്കാറിനും സി.പി.എമ്മിനും എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ എ.ഐ.വൈ.എഫ് ലേഖനം. പി.എം ശ്രീ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത നിലവാര തകര്‍ച്ചയും ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണവുമാണെന്ന് സംസ്ഥാന ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എ.ഐ.വൈ.എഫ് സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ 'പി.എം ശ്രീ: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാരുമോ? ' തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കുന്നത്.

കേരളത്തിന്റെ സര്‍വാധിപത്യം ലക്ഷ്യം വെക്കുന്ന നയം പി.എം ശ്രീ പദ്ധതിയിലൂടെ ഒളിച്ചു കടത്തുന്നു. അതുകൊണ്ട് പി.എം ശ്രീക്കെതിരായ നിലപാട് മയപ്പെടുത്താന്‍ എ.ഐ.വൈ.എഫിന് സാധിക്കില്ലെന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്ന കാര്യം. വിദ്യാഭ്യാസത്തിന്റെ സാര്‍വത്രിക സ്വഭാവത്തെ തീര്‍ത്തും അവഗണിച്ച് സംസ്ഥാന അവകാശങ്ങള്‍ കവര്‍ന്നെടുത്ത് കേന്ദ്രത്തിന്റെ സര്‍വാധിപത്യം ലക്ഷ്യം വക്കുന്ന നയം പി.എം ശ്രീയിലൂടെ ഒളിച്ചു കടത്തുകയും അതുവഴി ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യങ്ങളെയെല്ലാം നിര്‍മ്മൂലനം ചെയ്യാനുമുള്ള നീക്കമാണ് നടക്കുന്നത്.

വിദ്വേഷത്തിലധിഷ്ഠിതമായ ഫാഷിസ്റ്റുകളുടെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളില്‍ ശാസ്ത്ര, ചരിത്രവിരുദ്ധമായ വസ്തുതകളെ പ്രതിഷ്ഠിച്ച് മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയാന്തരീക്ഷം ആര്‍.എസ്.എസിന് വേണ്ടി ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഒരുക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാകുമോ? പുന്നപ്ര വയലാര്‍ സമരത്തിലേക്ക് പോകും മുമ്പ് സര്‍ സി.പിയുമായി സഖാവ് ടി.വി. തോമസിന്റെ നേതൃത്വത്തില്‍ 27 ഇന ആവശ്യങ്ങളുയര്‍ത്തി ചര്‍ച്ച നടക്കുകയുണ്ടായി. രാഷ്ട്രീയ ആവശ്യങ്ങളും സാമ്പത്തിക ആവശ്യങ്ങളുമായിരുന്നു അതിലുണ്ടായിരുന്നത്. സര്‍ സി.പി കമ്യൂണിസ്റ്റ് നേതാക്കളോട് പറഞ്ഞത് സാമ്പത്തിക ആവശ്യങ്ങള്‍ എല്ലാം താന്‍ അംഗീകരിക്കുന്നുവെന്നും രാഷ്ട്രീയ ആവശ്യങ്ങള്‍ നിങ്ങള്‍ പിന്‍വലിക്കണമെന്നുമായിരുന്നു.

രാഷ്ട്രീയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സാമ്പത്തിക ആവശ്യങ്ങള്‍ എല്ലാം പിന്‍വലിക്കാമെന്നായിരുന്നു ടി.വി. തോമസിന്റെ മറുപടി. രോഷാകുലനായ സര്‍ സി.പി അലറിക്കൊണ്ട് 'നാലായിരം പട്ടാളക്കാരും എണ്ണായിരം പൊലീസുകാരും തനിക്കുണ്ടെ'ന്ന് പറഞ്ഞു. 'എങ്കില്‍ നമുക്ക് കാണാം' എന്ന് പറഞ്ഞ ധീരരായ കമ്യൂണിസ്റ്റ് നേതാക്കള്‍ ജീവിച്ചിരുന്ന മണ്ണാണ് കേരളം. അതുകൊണ്ട് സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണമെന്നും ലേഖനം പറയുന്നു.

Tags:    

Similar News