ഒരാഴ്ച മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് ഇപ്പോള്‍ അതൊന്നും ഓര്‍മയില്ല! കാവി ഷാള്‍ അണിയിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെ അറിയില്ല; കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ കുന്നന്താനത്തുകാരന്‍ അഖില്‍ ഓമനക്കുട്ടന്‍
കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ കുന്നന്താനത്തുകാരന്‍ അഖില്‍ ഓമനക്കുട്ടന്‍
പത്തനംതിട്ട: കിലുക്കത്തിലെ കിട്ടുണ്ണിയെ ഓര്‍മയില്ലേ? ലോട്ടറി കിട്ടിയതിന്റെ അജണ്ടയില്‍ ജഡ്ജിയേമാനെ വായില്‍ വന്നതെല്ലാം വിളിച്ചു പറഞ്ഞ ശേഷം ഒറ്റ പോക്ക് പോയി അവസാനം അബദ്ധം പറ്റി തിരികെ വരുന്ന കിട്ടുണ്ണിയെ. കിട്ടുണ്ണിയോട് കാറെവിടെ എന്ന് ചോദിക്കുമ്പോള്‍ തനിക്കൊന്നും ഓര്‍മയില്ലെന്ന് പറയുന്ന രംഗം കണ്ട് തലയറഞ്ഞു ചിരിച്ചവരാണ് മലയാളികള്‍. അതേ പോലെ ബിജെപിയില്‍ ചേര്‍ന്ന ശേഷം മടങ്ങി വന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടനും അതൊന്നും ഓര്‍മയില്ല!
ഒരാഴ്ച മുന്‍പാണ് ബിജെപി ജില്ലാ പ്രസിഡന്റില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ അംഗത്വം സ്വീകരിച്ചത്. ഇപ്പോള്‍ പക്ഷേ, അദ്ദേഹത്തിന് അതാന്നും ഓര്‍മയില്ല. ബിജെപി അംഗത്വം നല്‍കി തന്നെ ഷാള്‍ അണിയിച്ചതാരെന്ന് അറിയില്ല. തന്റെ കാറില്‍ സുഹൃത്തിനൊപ്പം പന്തളത്ത് പോയത് മാത്രം ഓര്‍മയുണ്ട്. പിന്നെ നടന്നതൊക്കെയാണ് ഓര്‍ത്തെടുക്കാന്‍ പറ്റാത്തത്.
കഴിഞ്ഞ 19 ന് പന്തളത്ത് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് ആണ് അഖിലിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. എന്നാല്‍, അന്നത്തെ സംഭവം തമാശ ആയിരുന്നുവെന്ന വിചിത്ര വാദവുമായി അഖില്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വച്ചിട്ടില്ലെന്നും അഖില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 19 ന് നടന്നത് സുഹൃത്തുക്കളുമൊത്തുള്ള തമാശ ആയിരുന്നുവത്രേ.
അന്നേ ദിവസം മാതാവിനെ ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം തിരികെ സ്വദേശമായ കുന്നന്താനത്ത് എത്തിയപ്പോള്‍ ഒരു സുഹൃത്ത് പന്തളം വരെ പോകാന്‍ ക്ഷണിച്ചു. തന്റെ കാറില്‍ അയാള്‍ക്കും മറ്റു ചില സുഹൃത്തുക്കള്‍ക്കുമൊപ്പം പന്തളത്തെത്തി. അവിടെ വച്ച് അവര്‍ സുഹൃത്തുക്കള്‍ എന്ന നിലയില്‍ സംസാരിക്കുകയും പിന്നീട് തന്നെ ഒരു ഷാള്‍ അണിയിക്കുകയായിരുന്നുവെന്നുമാണ് അഖില്‍ ഓമനക്കുട്ടന്‍ പറയുന്നത്.
ഈ സംഭവം ഒരു തമാശ മാത്രമായാണ് കണ്ടതെന്നും ഷാളണിയിച്ചത് ബിജെപി ജില്ലാ പ്രസിഡന്റായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നുമാണ് അഖില്‍ ഓമനക്കുട്ടന്റെ നിലപാട്. തന്റെ മുന്‍ തലമുറക്കാരും കോണ്‍ഗ്രസുകാരായിരുന്നു. തനിക്കും കോണ്‍ഗ്രസുകാരനായി ജീവിച്ച് മരിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞ അഖില്‍ താന്‍ ബിജെപിയില്‍ ചേര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത് വേദനിപ്പിച്ചു എന്നും പറഞ്ഞു. ആരും നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ അല്ല പന്തളത്തേക്ക് പോയതെന്നും താന്‍ യാത്രാ പ്രിയനായതു കൊണ്ട് സുഹുത്ത് വിളിച്ചപ്പോള്‍ ഒപ്പം പോയതാണെന്നും അഖില്‍ പറയുന്നു.
പന്തളത്ത് എവിടെയാണ് പോയതെന്ന് അഖിലിന് അറിയില്ല. ഷാള്‍ ഇട്ട് സ്വീകരിച്ചതും ആരാണെന്ന് അറിയില്ല. അതൊക്കെ താന്‍ മറന്നു പോയി. മല്ലപ്പളളി കുന്നന്താനം സ്വദേശിയായ അഖില്‍ ഓമനക്കുട്ടന്‍ പറയുന്നു. നെടുങ്ങാടപ്പള്ളി സി.എം.എസ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുക്കാരനായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നു. 18-ാം വയസില്‍ കുന്നന്താനം പഞ്ചായത്തില്‍ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി പ്രസിഡന്റ് തുടര്‍ന്ന് ആറു വര്‍ഷം മണ്ഡലം പ്രസിഡന്റ് തുടര്‍ന്ന് 10 വര്‍ഷം ജില്ലാസെക്രട്ടറി ഇപ്പോള്‍ സംസ്ഥാനസെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു
കുന്നന്താനം പഞ്ചായത്തിലെ അറിയപ്പെട്ട കുടുംബമാണ് തങ്ങളുടെത്. വല്യച്ഛന്‍ രാജീവ് ഗാന്ധിയുടെ ആരാധകന്‍ ആയിരുന്നു അതുകൊണ്ട് തനിക്ക് രാജീവ് എന്ന് പേരിട്ടു. നാട്ടില്‍ ഇപ്പോഴും അറിയപ്പെടുന്നത് ആ പേരില്‍ കൂടിയാണ്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ഇടതു പക്ഷരാഷ്ട്രീയത്തെയും സംഘപരിവാര്‍ രാഷ്ട്രീയത്തെയും നഖശികാന്തം എതിര്‍ത്തു വരുന്ന ആളാണ്. ചതി പ്രയോഗത്തിലൂടെയാണ് തന്നെ ബിജെപിക്കാരനാക്കിയതെന്നും അഖില്‍ പറഞ്ഞു.
