നിലമ്പൂരിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് എതിരായ ജനകീയ പ്രക്ഷോഭങ്ങളിലൊന്നും പി വി അന്‍വറിനെ കണ്ടിട്ടില്ല; യുഡിഎഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം; മുന്നണി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും; അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ആര്യാടന്‍ ഷൗക്കത്ത്

Update: 2025-01-07 10:53 GMT

മലപ്പുറം: എങ്ങനെയും യുഡിഎഫില്‍ ചേക്കേറാനുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ മോഹം നിലമ്പൂരിലെ വന്‍മരത്തില്‍ തട്ടിത്തകരുമോ? പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് രംഗത്തുവന്നു. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ അന്‍വര്‍ കൈക്കൊള്ളുന്ന ഇപ്പോഴത്തെ നിലപാട് പൊള്ളയാണെന്നാണ് ആര്യാടന്‍ ഷൗക്കത്ത് ആരോപിക്കുന്നത്. നിലമ്പൂരിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് എതിരായ ജനകീയ പ്രക്ഷോഭങ്ങളിലൊന്നും പി വി അന്‍വറിനെ കണ്ടിട്ടില്ലെന്ന് ഷൗക്കത്ത് പറഞ്ഞു. യുഡിഎഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ മുന്നണി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വറിനെ കണ്ടിട്ടില്ല. ജനവാസ മേഖലയില്‍ കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടന്‍ മുഹമ്മദ് സംസാരിച്ചപ്പോള്‍ അന്‍വറിന്റെ അഭിപ്രായം കേട്ടില്ല. കരുളായിലെയും വഴിക്കടവിലെയും ആദിവാസികള്‍ക്ക് വേണ്ടി വിരല്‍ അനക്കാന്‍ കഴിഞ്ഞിട്ടില്ല. നിലമ്പൂര്‍ ബൈപ്പാസിന്റേയും കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന്റേയും അവസ്ഥ എന്താണ്. അന്‍വര്‍ ഇപ്പോള്‍ പറയുന്നു പാര്‍ട്ടി ചെയ്യാന്‍ അനുവദില്ലെന്ന്. പാര്‍ട്ടി പറയുന്നു അന്‍വറിന്റെ കഴിവ് കേടെന്ന്. നിലമ്പൂരിന്റെ വികസനം സാധ്യമാകണമെങ്കില്‍ യുഡിഎഫ് ജയിക്കണം. അന്‍വര്‍ സ്ഥാനാര്‍ഥി ആകുമോ എന്ന ചോദ്യത്തിന് അത് അറിയില്ല എന്ന് ആര്യാടന്‍ ഷൗക്കത്ത് മറുപടി നല്‍കി. യുഡിഎഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം. ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കും- ഷൗക്കത്ത് വ്യക്തമാക്കി.

ഇതോടെ അന്‍വറിന്റ യുഡിഎഫ് പ്രവേശന നീക്കത്തിനെതിരെ ആദ്യവെടി പൊട്ടിക്കഴിഞ്ഞു. ഇതോടെ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടി വരുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മുസ്ലിംലീഗിന് അംഗീകരിച്ചാല്‍ മാത്രമേ അന്‍വറിന് യുഡിഎഫില്‍ കയറാന്‍ കഴിയുക. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അന്‍വറിനോട് താല്‍പ്പര്യമുണ്ട്. എന്നാല്‍, നിരന്തരം ശല്യക്കാരനായ അന്‍വറിനെ മുന്നണിയില്‍ പ്രവേശിക്കാന്‍ അവസരം കൊടുത്താല്‍ അത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലും ഒരു വിഭാഗത്തിനുണ്ട്. ഇതോടെ കരുതലോടെയാണ് യുഡിഎഫും അന്‍വറിന്റെ കാര്യത്തില്‍ നീങ്ങുന്നത്.

വനനിയമ ഭേദഗതിക്കെതിരെ അന്‍വര്‍ മാര്‍ച്ച് സംഘടിപ്പിച്ചത് അടക്കം യുഡിഎഫില്‍ കയറിപ്പറ്റുക എന്ന ലക്ഷ്യത്തോടെയാരുന്നു. അന്‍വറിന്റെ ഡി.എം.കെ പ്രവേശനം, സി.പി.എം നേതൃത്വം ഇടപെട്ട് തടഞ്ഞതോടെയാണ് അന്‍വര്‍ തന്റെ പഴയ തട്ടകമായ യു.ഡി.എഫിലേക്ക് മടങ്ങാന്‍ നീക്കം തുടങ്ങിയിരുന്നത്. ഇതിന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്റെയും കെ മുരളീധരന്റെയും രമേശ് ചെന്നിത്തലയുടെയും ശക്തമായ പിന്തുണയുമുണ്ട്. കെ.സി വേണുഗോപാല്‍ മനസ്സു തുറന്നിട്ടില്ല. വി ഡി സതീശനാണ് കുറച്ചെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍, സതീശനും ഇപ്പോള്‍ അയഞ്ഞ മട്ടിലാണ്. സാദിഖലി തങ്ങളെ കണ്ട അന്‍വര്‍ താന്‍ യുഡിഎഫിലേക്ക് നീങ്ങുന്നു എന്ന ശക്തമായ പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്.

അന്‍വര്‍ യു.ഡി.എഫില്‍ എത്തിയാല്‍, നിലമ്പൂര്‍ അദ്ദേഹത്തിനായി മത്സരിക്കാന്‍ വിട്ട് കൊടുക്കേണ്ട അവസ്ഥ വരുമെന്നതാണ് ആര്യാടന്‍ ഷൗക്കത്തിനെ അസ്വസ്ഥനാക്കുന്നത്. ഇതിന് വി.എസ് ജോയി സമ്മതിച്ചാലും, ആര്യാടന്‍ ഷൗക്കത്ത് സമ്മതിക്കാന്‍ സാധ്യതയില്ല. അങ്ങനെ സംഭവിച്ചാല്‍, ഇടതുപക്ഷ സ്വതന്ത്രനായി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ മത്സരിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ മലയോര കര്‍ഷകര്‍ക്കുവേണ്ടി ചെറുവിരലനക്കാതെ വഞ്ചിച്ചതിന്, മാപ്പുപറഞ്ഞു വേണം പി.വി അന്‍വര്‍ വനനിയമ ഭേദഗതിക്കെതിരെ ജനകീയ യാത്ര നടത്തേണ്ടതെന്നാണ്, നിലമ്പൂരിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഇതിന്റെ ഭാഗമായി വനനിയമ ഭേദഗതിക്കെതിരെ നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് നിലമ്പൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃത്വവും ലോങ്മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. വനനിയമ ഭേദഗതിക്കെതിരെയും വന്യമൃഗ ആക്രമണങ്ങളില്‍ നടപടിയെടുക്കാത്തതിനുമെതിരെ ജനകീയ പ്രക്ഷോഭത്തിനാണ് നിലമ്പൂര്‍ എടക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ തുടക്കമിടുന്നത്.

ജനുവരി 10 വരെ നിലമ്പൂര്‍ മേഖലയിലെ വഴിക്കടവ്, എടക്കര, മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം, ചാലിയാര്‍ പഞ്ചാത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും കര്‍ഷക സദസുകള്‍ നടത്തുവാനും കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്. ലോങ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം 15, 16 തിയ്യതികളില്‍ നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പാലോളി മെഹബൂബ്, എടക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാബു തോപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ഡലത്തിലുടനീളം വാഹന പ്രചരണജാഥയും നടത്തുന്നുണ്ട്.

ജനുവരി മൂന്നാം വാരത്തില്‍ വഴിക്കടവില്‍ നിന്നും നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫീസിലേക്കാണ് ലോങ് മാര്‍ച്ച് നടത്തുന്നത്. സംസ്ഥാന നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് നേതൃത്വം പറയുന്നത്. ഇതെല്ലാം മുന്നില്‍ കണ്ടാണ് അന്‍വര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചതും അറസ്റ്റു വരിച്ച് മാധ്യമങ്ങളില്‍ താരമായതും. ഇതോടെ ഇനി താന്‍ യുഡിഎഫായി എന്നാണ് അന്‍വറിന്റെ പക്ഷം. കഴിഞ്ഞ എട്ടുവര്‍ഷക്കാലം എം.എല്‍.എയായിട്ടും വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ മലയോര കര്‍ഷകര്‍ക്കുവേണ്ടി ചെറുവിരലനക്കാതെ വഞ്ചിച്ചതിന് മാപ്പുപറഞ്ഞു വേണം പി.വി അന്‍വര്‍ ജനകീയ യാത്ര നടത്തേണ്ടതെന്ന് സോഷ്യല്‍ മീഡിയകളിലും ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ പ്രചരണം നടത്തുന്നുണ്ട്.

മലയോര കര്‍ഷകര്‍ കുടിയൊഴിഞ്ഞുപോകേണ്ടി വരുമെന്നതിനാല്‍ കരിമ്പുഴ വന്യജീവി സങ്കേതം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം വനം മന്ത്രിയായിരിക്കെ പരസ്യമായി പ്രഖ്യാപിച്ച നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ആര്യാടന്‍ തടഞ്ഞ കരിമ്പുഴ വന്യജീവി സങ്കേതം കൊണ്ടുവന്ന് മലയോര കര്‍ഷകരെ ദ്രോഹിച്ചത് പി.വി അന്‍വര്‍ എം.എല്‍.എയാണെന്നാണ് അവരുടെ ആരോപണം.

'2019 തിലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് വനത്തില്‍ കുടിലുകെട്ടി താമസിക്കുന്ന 300 ആദിവാസി കുടുംബങ്ങളെ ആറു വര്‍ഷമായി പുനരധിവസിപ്പിക്കാന്‍ പോലും കഴിയാത്ത എം.എല്‍.എയാണ് ഇപ്പോള്‍ സമരപ്രഹസനം നടത്തുന്നതെന്നും പ്രളയ ദുരന്തത്തിനിരയായ വനത്തിനുള്ളിലെ ആദിവാസികളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്താണ് ഹൈക്കോടതിയെ സമീപിച്ചത് എന്നതും വസ്തുതതയാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് കുടിവെള്ളവും, ബയോ ടോയിലറ്റ് സൗകര്യങ്ങളുമടക്കം ലഭിച്ചതും.

അന്‍വര്‍ പ്രത്യേക പാര്‍ട്ടി ഉണ്ടാക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍, വലിയ ചലനം ഉണ്ടാക്കാന്‍ കഴിയുമെന്നും അത് യു.ഡി.എഫ് വോട്ട് ബാങ്കിനെയും സ്വാധീനിക്കുമെന്ന മുന്നറിയിപ്പും ഈ വിഭാഗം നല്‍കുന്നുണ്ട്. അതുകൊണ്ട്, ആര്യാടന്‍ ഷൗക്കത്ത് വിഭാഗത്തിന്റെ എതിര്‍പ്പ് കാര്യമാക്കണ്ട എന്ന നിലപാടാണ് എതിര്‍ ചേരി ഉയര്‍ത്തുന്നത്. ഈ വാദം അംഗീകരിക്കപ്പെട്ടാല്‍, ആര്യാടന്‍ ഷൗക്കത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും പിന്നെ കോണ്‍ഗ്രസ്സില്‍ നില്‍ക്കാന്‍ കഴിയുകയില്ല. അവിടെ ആര്യാടന്‍ കോണ്‍ഗ്രസിന് പുറത്തേക്ക് വന്നേക്കും. ജില്ലയിലെ കോണ്‍ഗ്രസ്സില്‍ വലിയ സ്വാധീനമുണ്ട് ആര്യാടന്. അതുകൊണ്ട് അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ നിലമ്പൂര്‍ സീറ്റ് നിര്‍ണായക ഘടകമായി മാറിയേക്കും.

Tags:    

Similar News