കരുണാകരന്റെ ആത്മാവ് പി.സരിനൊപ്പം; കേരളത്തിലെ നല്ല നേതാക്കളിലൊരാളാണ് അദ്ദേഹം; അദ്ദേഹത്തെയാക്ഷേപിച്ച രാഹുലിന് കാലുകുത്താൻ കൂടി യോഗ്യതയില്ല; വിമർശനവുമായി എ.വി ഗോപിനാഥ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരെടുത്ത് വിമർശിക്കാതെ പാലക്കാട് മുൻ ഡി.സി.സി. പ്രസിഡൻ്റ് എ.വി. ഗോപിനാഥ് രംഗത്ത്. കരുണാകരൻ്റെ ആത്മാവ് പി.സരിനൊപ്പമാണെന്ന് പാലക്കാട് മുൻ ഡി.സി.സി. പ്രസിഡൻ്റ് എ.വി. ഗോപിനാഥ് വ്യക്തമാക്കി. അവിടെ രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശനം നടത്താത്തത് അഹങ്കാരത്തിൻ്റെയും ധിക്കാരത്തിൻ്റെയുെം ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ വാക്കുകൾ, 'കരുണാകരന്‍ എല്ലാവരുടെയും ആളാണ്. അദ്ദേഹത്തിന് രാഷ്ട്രീയം ഇല്ല. എല്ലാ ജനങ്ങളെയും സഹായിക്കാന്‍ കഴിയാവുന്നതിനപ്പുറം സഹായിക്കുന്നയാളാണ്. മാത്രമല്ല വലിയ സ്‌നേഹബന്ധങ്ങളുള്ള കേരളത്തിലെ നേതാക്കന്മാരിലൊരാളാണ്. കരുണാകരനെ ഒരിക്കല്‍ കണ്ടവര്‍ പിന്നെ മറക്കില്ല. അതുകൊണ്ട് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പോവുക എന്നത് എല്ലാ കക്ഷികളും ചെയ്യും. അവിടെ പോകാത്തത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഭാഗമാണ്. സരിന്‍ പോയി എന്നുള്ളത് സാമാന്യമര്യാദയുടെ ഭാഗമായാണ്.
കരുണാകരന്റെ ആത്മാവ് സരിനൊപ്പമായിരിക്കും. കരുണാകരനെയും കല്യാണിക്കുട്ടിയമ്മയെയും പരസ്യമായി ആക്ഷേപിച്ച ഒരാളുടെ കൂടെ കരുണാകരന്റെ ആത്മാവ് എങ്ങനെ നില്‍ക്കും. അതൊരിക്കലും കഴിയില്ല. അങ്ങനെ കേരളരാഷ്ട്രീയത്തില്‍ ആദ്യമായി ചെയ്ത ഒരു വ്യക്തിയാണ് ഇവിടെ മത്സരിക്കുന്നത്. നയനാരുടെ ശവകുടീരത്തില്‍ പോയി ആരെങ്കിലും നയനാരെ ആക്ഷേപിക്കുമോ. കരുണാകരനെ വ്യക്തിപരമായി അധിക്ഷേപിച്ച ഒരു വ്യക്തി പോയില്ലെങ്കില്‍ അതില്‍ അത്ഭുതമില്ല.
കരുണാകരനെ ആക്ഷേപിച്ചയാള്‍ക്ക് ആ മണ്ണില്‍ ചവിട്ടാനുള്ള യോഗ്യതയില്ല. അത് സരിനുള്ളത് കൊണ്ടാണ് ഇടതുപക്ഷസ്ഥാനാര്‍ഥിയായിട്ടും സരിന്‍ പോയത്. കരുണാകരന്റെ സ്മൃതികുടീരത്തിന്റെ എട്ടുകിലോമീറ്റര്‍ അപ്പുറത്തല്ലാതെ ഈ സ്ഥാനാര്‍ഥിക്ക് ചവിട്ടാന്‍ അധികാരമില്ല. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ ആത്മാവ് പരസ്യമായി പുറത്തുവരും' എന്നും എ.വി. ഗോപിനാഥ് തുറന്നടിച്ചു.