എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ മാറ്റുകയെന്നത് സി.പി.ഐ നിലപാട്; മാറ്റുന്നതിനുള്ള സമയം കുറിച്ചുവെച്ചിട്ടില്ല; അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ബിനോയ് വിശ്വം

എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ മാറ്റുകയെന്നത് സി.പി.ഐ നിലപാട്

Update: 2024-10-04 13:03 GMT

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ മാറ്റുകയെന്നത് സി.പി.ഐയുടെ നിലപാടാണെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാല്‍, എ.ഡി.ജി.പിയെ മാറ്റുന്നതിനുള്ള സമയം കുറിച്ചുവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും ബിനോയ് വിശ്വംകൂട്ടിച്ചേര്‍ത്തു. ക്രമസമാധാനച്ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ മാറ്റുമെന്ന് സി.പി.ഐയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റുമെന്ന് ബിനോയ് വിശ്വത്തിന് ഉറപ്പ് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. സി.പി.ഐ നിര്‍വാഹകസമിതിയിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.

എ.ഡി.ജി.പിയെ മാറ്റുമെന്നും മാറ്റാതെ പറ്റില്ലെന്നും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചിരുന്നു. തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. പൂരം കലക്കലിലും അന്വേഷണമായതോടെ അജിത്കുമാര്‍ നേരിടുന്നത് നാല് അന്വേഷണങ്ങളാണ്. ആര്‍.എസ്.എസ് കൂടിക്കാഴ്ചയിലടക്കമുള്ള ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മാറ്റേണ്ടിവരുമെന്ന് ഉറപ്പാണ്.

നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് അജിത് കുമാറിനെ മാറ്റണമെന്ന് സി.പി.ഐയും ബിനോയ് വിശ്വവും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യത്തോട് മുഖംതിരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കൈകൊണ്ടത്.

Tags:    

Similar News