സിപിഎം വിട്ട് വന്നവര്‍ക്ക് അംഗീകാരം; ബിപിന്‍ സി ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയില്‍; നാമനിര്‍ദ്ദേശം ചെയ്തത് കെ സുരേന്ദ്രന്‍

ബിപിന്‍ സി ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയില്‍

Update: 2024-12-07 13:48 GMT

ആലപ്പുഴ: സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെയും മധു മുല്ലശ്ശേരിയെയും ബിജെപി സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇരുവരെയും സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തത്.

കഴിഞ്ഞ തിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ട മധു മുല്ലശ്ശേരിയും മകന്‍ മിഥു മുല്ലശ്ശേരിയും ബിജെപിയില്‍ ചേര്‍ന്നത്. കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്. തിരുവനന്തപുരം മംഗലപുരത്തെ സിപിഎം നേതാവായ മധു മുലശ്ശേരി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.

സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗമായിരുന്ന അഡ്വ. ബിപിന്‍ സി ബാബു ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ബിജെപിയില്‍ ചേര്‍ന്നത്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിന്‍. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിന്‍ പാര്‍ട്ടി വിട്ടത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിബിന് അംഗത്വം നല്‍കി സ്വീകരിച്ചത്.

പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട നേതാവാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് എത്തിയത്. ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നായിരുന്നു ബിപിന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ആലപ്പുഴയില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Tags:    

Similar News