വ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയില്‍ തടഞ്ഞുനിര്‍ത്തിയതില്‍ തുടങ്ങിയ പ്രശ്‌നം; ഗാര്‍ഹിക പീഡനവും ആഭിചാരവും അവിഹിതവും എല്ലാം ശരിവയ്ക്കും വിധം സിപിഎം പ്രതിരോധം തീര്‍ക്കല്‍; ബിപിന്‍ പ്രശ്‌നമാകില്ലെന്ന വിലയിരുത്തല്‍ സജീവം; പഴയ കേസ് കുത്തിപ്പൊക്കിയേക്കും
ആലപ്പുഴ: ബിജെപിയിലേക്കുള്ള ബിപിന്‍ സി ബാബുവിന്റെ മാറ്റത്തെ പ്രതിരോധിക്കാന്‍ പഴയ കൂടോത്രവും സിപിഎം ചര്‍ച്ചയാക്കും. ബിപിന്‍ സി ബാബുവിന്റെ ഭാര്യ ഗാര്‍ഹിക പീഡന പരാതി കൊടുക്കാനും ഇനി സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കേസെടുക്കും. നേരത്തെ ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഒതുക്കി തീര്‍ത്തു. ഈ കേസില്‍ സിപിഎം നിയമോപദേശം തേടുന്നുണ്ട്. വീണ്ടും കേസ് സജീവമാക്കാനാണ് നീക്കം. ബിപിന്‍ പാര്‍ട്ടിവിട്ടതോടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഗാര്‍ഹിക പീഡന പരാതി ചര്‍ച്ചയാക്കി. ഇതും പ്രതിരോധത്തിന് ഗുണകരമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.
ബിപിന്‍ സി. ബാബു പാര്‍ട്ടിവിട്ടത് അച്ചടക്ക നടപടിയെത്തുടര്‍ന്നാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പ്രതികരിച്ചു കഴിഞ്ഞു. വിഭാഗീയത കാരണമല്ല അദ്ദേഹം പോയത്. സ്വഭാവദൂഷ്യം സംബന്ധിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തി. ഇവരെ ഒരുമിച്ചു കൊണ്ടുപോകുന്നതിനും സി.പി.എമ്മിലേക്കു തിരികെ കൊണ്ടുവരുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരുമ്പോഴാണ് ബി.ജെ.പി.യിലേക്കു പോയത്. വന്നവഴി മറന്ന് പ്രവര്‍ത്തിച്ചത് തെറ്റായിപ്പോയി. സി.പി.എമ്മിന്റെ മതേതത്വം നഷ്ടമായെന്നു പറഞ്ഞ് ബിപിന്‍ പോയത് ആര്‍.എസ്.എസ്. നയിക്കുന്ന പാര്‍ട്ടിയിലേക്കാണെന്നും നാസര്‍ പറഞ്ഞു. ഇതില്‍ നിന്നും ബിപിന്‍ കുറ്റം ചെയ്തുവെന്ന് പാര്‍ട്ടി സമ്മതിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരാതി പോലീസിന് കൈമാറുമോ എന്നതാണ് ഇനി നിര്‍ണ്ണായകം.
തന്റെ കുറ്റങ്ങളെ ന്യായീകരിക്കാനും വെള്ളപൂശാനുമാണ് രാഷ്ട്രീയമാറ്റത്തിലൂടെ ബിപിന്‍ സി. ബാബു ശ്രമിക്കുന്നതെന്ന് സി.പി.എം. കായംകുളം ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍നിന്ന് അച്ചടക്കനടപടിക്കു വിധേയനായി നില്‍ക്കുന്നയാളാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചതായി പറയുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളിലടക്കം ഒരു പരിപാടികളിലും കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി പങ്കെടുത്തിട്ടില്ല. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി എടുത്തത്. കുടുംബജീവിതത്തില്‍ പൊതുപ്രവര്‍ത്തകനു യോജിക്കാത്ത നടപടികളാണ് ബിബിന്‍ സി. ബാബുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഏരിയ കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.
ബിപിന്‍ സി.ബാബുവിന് എതിരെ ഭാര്യയും കുടുംബവും ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങളാണ്. ബിപിനെതിരെ പാര്‍ട്ടിക്കും പൊലീസിലും ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഭാര്യയെ ഒഴിവാക്കാന്‍ ബിപിന്‍ ആഭിചാരക്രിയ നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. മര്‍ദിച്ചെന്ന് ആരോപിച്ച് ഭാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടര്‍ന്നു പൊലീസ് കേസെടുത്തു. ഇത് ബിപിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ക്ഷീണമായി. ഈ കേസില്‍ തുടര്‍ നടപടിക്ക് സാധ്യതയുണ്ടോ എന്ന് സിപിഎം പരിശോധിക്കുന്നുണ്ട്.
പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ള മിശ്ര വിവാഹമായിരുന്നു ഇവരുടേത്. അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി.ചന്ദ്രബാബുവും ഇടപെട്ടായിരുന്നു വിവാഹം. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും വഴി ഉയര്‍ന്നുവന്ന നേതാവാണു ബിപിന്‍. പിന്നീട് വിഭാഗീയതയുടെ ഭാഗമായി പാര്‍ട്ടിയുമായി അകല്‍ച്ചയിലായി. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടു ബിപിന്‍ നടത്തിയ പരാമര്‍ശവും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. കായംകുളം കരീലക്കുളങ്ങര കളീയ്ക്കല്‍ സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ചു നടത്തിയതാണെന്നു ബിപിന്‍ മുന്‍പു സംസ്ഥാന സെക്രട്ടറിക്കു നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. ഈ കേസില്‍ പ്രതിയായ ശേഷം ബിപിന്‍ വിട്ടയയ്ക്കപ്പെട്ടതാണ്.
എന്നാല്‍ സത്യന്‍ വധക്കേസില്‍ ബിപിനെ പ്രതിയാക്കിയതു പാര്‍ട്ടിയല്ലെന്നും സത്യന്റെ മൊഴി പ്രകാരമാണെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകത്തിന്റെ പേരു പറഞ്ഞു ഭീഷണിപ്പെടുത്തേണ്ടെന്ന താക്കീതും മന്ത്രി അന്നു നല്‍കി. ബിപിനെതിരായ നടപടിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ബ്രാഞ്ചിലേക്കാണു തിരിച്ചെടുത്തത്. ഇതില്‍ ബിപിന്‍ അസ്വസ്ഥനായിരുന്നു. ബിപിനെതിരെ പാര്‍ട്ടിയംഗം കൂടിയായ ഭാര്യ ഗാര്‍ഹികപീഡന പരാതി പാര്‍ട്ടിക്കു നല്‍കിയതോടെയാണു വിവാദങ്ങളില്‍പ്പെട്ടത്.
പാര്‍ട്ടി ഇടപെട്ടായിരുന്നു ഇവരുടെ വിവാഹം. രണ്ടുവര്‍ഷം മുന്‍പ് വ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയില്‍ തടഞ്ഞുനിര്‍ത്തിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാര്‍ഹികപീഡന പരാതി പാര്‍ട്ടിക്കു നല്‍കുകയും ചെയ്തു. ഇതോടെ കുടുംബപ്രശ്നം പാര്‍ട്ടിവിഷയമായി. ആരോപണം അന്വേഷിച്ച പാര്‍ട്ടി ആറുമാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. കായംകുളം ഏരിയ കമ്മിറ്റിയംഗമായിരുന്നു അപ്പോള്‍. ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിയും വന്നു. നടപടിയുടെ കാലാവധി കഴിഞ്ഞിട്ടും ബിപിനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് എടുത്തതില്‍ ബിപിന്‍ അസ്വസ്ഥനായിരുന്നു.