'വകുപ്പുകള്‍ പലതൊന്ന് കണ്ണു തുറന്നാല്‍... സാബൂ, നിന്റെ ബലൂണ്‍ പൊട്ടിക്കുവാന്‍ ഏറെ താമസമില്ല; നിന്റെ നീര്‍ക്കുമിളയും ഞങ്ങള്‍ക്ക് പൊട്ടിക്കുവാന്‍ ഏറെ താമസമില്ല'; കിറ്റെക്‌സ് സാബുവിനെതിരെ ഇ ഡിയുടെ പേരില്‍ ബി.ജെ.പി നേതാവിന്റെ ഭീഷണി; തദ്ദേശപ്പോര് അടുക്കുമ്പോള്‍ ട്വന്റി 20യുടെ രാഷ്ട്രീയ കുതിപ്പു തടയാന്‍ ബിജെപിയും രംഗത്ത്
തദ്ദേശപ്പോര് അടുക്കുമ്പോള്‍ ട്വന്റി 20യുടെ രാഷ്ട്രീയ കുതിപ്പു തടയാന്‍ ബിജെപിയും രംഗത്ത്
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ നിലവിലുള്ള ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ പോരാടി സ്വന്തമായി വഴി വെട്ടിത്തുറന്ന പ്രസ്ഥാനമാണ് ട്വന്റി 20. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ ശക്തി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അവര്‍ ഒരുങ്ങുന്നത്. എന്നാല്‍ സാബു ജേക്കബില്‍ നിന്നുള്ള ഇത്തരം നീക്കങ്ങള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം അലോസരപ്പെടുത്തുകയാണ്. സി.പി.എം., കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് പുറമേ ഇപ്പോള്‍ ബി.ജെ.പി.യും പരസ്യമായി ട്വന്റി 20-ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചു രംഗത്തുവന്നു.
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ പ്രചരിപ്പിച്ച, ട്വന്റി 20 ബി.ജെ.പി.യുടെ 'ബി-ടീം' ആണെന്ന ആക്ഷേപം പൊളിച്ചടുക്കിക്കൊണ്ടാണ് ബി.ജെ.പി. എറണാകുളം ജില്ലാ പ്രസിഡന്റ് പി.പി. സജീവ് കുന്നത്തുനാടന്‍ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി മാറിയ കിറ്റെക്‌സ് സാബുവിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിറങ്ങിയിരിക്കുന്നത്. അടുത്തിടെ ഒരു പൊതു സമ്മേളന വേദിയിലാണ് നേതാവ് വെല്ലുവിളിയുമായി രംഗത്തുവന്നത്. ഇഡിയുടെ പേരു പറഞ്ഞാണ് ഭീഷണിയുമായി നേതാവ് രംഗത്തിറങ്ങിയത്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിറഞ്ഞ പ്രസംഗത്തില്‍ അദ്ദേഹം സാബു ജേക്കബിനെ 'കീടം' എന്ന് വിശേഷിപ്പിച്ചു.
'ഒരു കീടം ബി.ജെ.പി.യെ വെല്ലുവിളിക്കുവാനായിട്ട് മുന്നോട്ടുവന്നിരിക്കുകയാണ്... കുന്നത്തുനാടുള്ള ഇവിടുത്തെ ജനങ്ങള്‍ ഇവിടുത്തെ വോട്ടര്‍മാര്‍ അദ്ദേഹത്തെ കാണുന്നത് സാധാരണ ഒരു കീടമായിട്ട് ഞങ്ങള്‍ക്ക് കാണുവാന്‍ കഴിയൂ. നിന്നെ അംഗീകരിക്കുവാന്‍ കഴിയില്ല. കേരളത്തില്‍ ഭരണം നടത്തുന്നത് എല്‍.ഡി.എഫ്. ആണെങ്കിലും, രാജ്യഭരണം കയ്യാളുന്ന ബി.ജെ.പി.യെ വെല്ലുവിളിക്കാനുള്ള സാബുവിന്റെ നീക്കത്തിനെതിരെ സജീവ് ഗുരുതരമായ ഭീഷണിയാണ് മുഴക്കിയത്.
'നീ ഹൈദരാബാദിലെ നിന്റെ ആ കമ്പനിയിലിരുന്ന് പറഞ്ഞാല്‍ മതി. രാജ്യം ഭരിക്കുന്ന... ഇനിയും ദശാബ്ദങ്ങള്‍ ഈ രാജ്യം ഭരിക്കാന്‍ പോകുന്ന ഭാരതീയ ജനതാ പാര്‍ട്ടിയോടാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി എന്നാണ് പറയാനുള്ളത്. കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകള്‍ പലതുണ്ട്. വെല്ലുവിളിക്കുമ്പോള്‍ ഓര്‍ത്തു വിളിച്ചാല്‍ സാബുവിന് കൊള്ളാം.' ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കിറ്റെക്‌സിന്റെ സാമ്രാജ്യം തകര്‍ക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. 'വകുപ്പുകള്‍ പലതൊന്ന് കണ്ണുതുറന്നാല്‍... സാബൂ, നിന്റെ ബലൂണ്‍ പൊട്ടിക്കുവാന്‍ ഏറെ താമസമില്ല. നിന്റെ നീര്‍ക്കുമിളയും ഞങ്ങള്‍ക്ക് പൊട്ടിക്കുവാന്‍ ഏറെ താമസമില്ലെന്നുമാണ് ബിജെപി നേതാവിന്റെ വെല്ലുവിളി.
അതേസമയം ബി.ജെ.പി. നേതാവിന്റെ പരസ്യ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് സാബു ജേക്കബ് മറുപടി പറഞ്ഞത്. പിണറായി വിജയന്റെ പോലീസ് 12 തവണ കിറ്റെക്‌സ് ഓഫീസുകളില്‍ റെയ്ഡ് നടത്തിയിട്ടും ഭയന്നിട്ടില്ലാത്ത തനിക്ക് മോദിയുടെ ഏജന്‍സികളെ ഭയമില്ല എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
'ഞാന്‍ ആരെയും വിരട്ടാനോ അല്ലെങ്കില്‍ ആരെയും മര്യാദ പഠിപ്പിക്കാനോ ഒന്നും ആളല്ല. നിങ്ങളാണ് എന്നെ വെല്ലുവിളിക്കുന്നത്, നിങ്ങളാണ് എന്നെ ഭയപ്പെടുന്നത്. പിണറായിയുടെ പോലീസും പിണറായിയും ഇതെല്ലാം തന്നെയാണ് പറഞ്ഞത്. 12 പ്രാവശ്യം ഇവിടെ കയറി നിരങ്ങി. അപ്പോ ഞാന്‍ ആലോചിക്കുകയായിരുന്നു, എന്താണ് മോദിയുടെ പോലീസും സംവിധാനങ്ങളും ഒന്നും ഇവിടെ വരാത്തെ എന്ന്. വരട്ടെ, നോക്കാം നമുക്ക്. ഇനി അതുംകൂടി ആയിക്കഴിഞ്ഞാല്‍ എനിക്ക് അതിന്റെ കൂടെ ഒരു സര്‍ട്ടിഫിക്കറ്റ് ഇനി ആവശ്യമുള്ളൂ. സത്യത്തിനും നീതിക്കും സാധാരണ മനുഷ്യരുടെ ക്ഷേമത്തിനും വേണ്ടിയാണ് തങ്ങള്‍ പ്രയത്‌നിക്കുന്നതെന്നും, ഈ ഭീഷണികളിലൊന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
നേത്തെ സിപിഎമ്മും കോണ്‍ഗ്രസും ട്വന്റി 20ക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. ട്വന്റി 20 രൂപീകരണത്തിന് തന്നെ കാരണം ബെന്നി ബഹനാന്റെ ഇടപെടലുകളും കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വിരോധവുമായിരുന്നു. പിന്നീട് സിപിഎമ്മും എതിരായതോടെയാണ് വ്യവസായം തെലങ്കാനയിലേക്ക് മാറ്റുന്നതിന് കാരണമായതും. അതേസമയം ട്വന്റി20യെ വെല്ലുവിളിച്ച് സിപിഎ എറണാകുളം ജില്ലാ സെക്രട്ടറിയും രംഗത്തുവന്നു. കുന്നത്തുനാട് ഉള്‍പ്പെടെ ട്വന്റി ട്വന്റിയില്‍ നിന്നും പിടിച്ചെടുക്കുമെന്ന് എറണാകുളം സിപിഎം ജില്ല സെക്രട്ടറി എസ് സതീഷ് പറഞ്ഞു. പ്രകടനപത്രിയില്‍ പറഞ്ഞ ഒന്നും ട്വന്റി ട്വന്റി നടപ്പിലാക്കിയില്ല. ഒന്നും ചെയ്യാതെ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെന്ന് പറയുന്നതാണോ പൊതുപ്രവര്‍ത്തനം. സാബു എം ജേക്കബിന്റേത് സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ്. നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ ഫണ്ടില്‍ ലൈഫ് മിഷനില്‍ നിന്ന് ഉള്ള പണവും ഉണ്ട്.
വ്യാജമായ വോട്ട് ചേര്‍ത്തത് സാബു എം ജേക്കബ്, സിപിഎം അല്ലെന്നും എസ് സതീഷ് ആരോപിച്ചു. വോട്ട് ചേര്‍ത്തത് ഉള്‍പ്പെടെ കൃത്രിമമായ കാര്യങ്ങള്‍ചെയ്തായിരുന്നു സാബു എം ജേക്കബിന്റെ വിജയം. കൊച്ചി കോര്‍പറേഷനില്‍ വനിതാ മേയര്‍ ആകാന്‍ കഴിയുന്ന നിരവധിപേര്‍ സിപിഐഎമ്മില്‍ ഉണ്ട്. കൊച്ചിയെ നയിക്കാന്‍ കഴിയുന്ന ഒരാള്‍ തന്നെ മേയര്‍ ആകും. സ്ഥാനാര്‍ഥികളില്‍ പുതിയ മുഖങ്ങളും പരിചയസമ്പന്നരും ഉണ്ടാകുമെന്നും എസ് സതീഷ് വ്യക്തമാക്കി.
കിറ്റെക്‌സ് സാബുവിനെയും ട്വന്റി 20-യെയും കേരളത്തിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഭയപ്പെടുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബി.ജെ.പി. നേതാവിന്റെ ഈ പരസ്യ വെല്ലുവിളി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മുന്നോട്ട് പോകുന്ന ട്വന്റി 20 രാഷ്ട്രീയ ബദലായി മാറിയേക്കാമെന്ന ആശങ്കയാണ് ഈ ഭീഷണികള്‍ക്ക് പിന്നില്‍.
