മലപ്പുറമെന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന ഞരമ്പുരോഗികളുടെ പട്ടികയില്‍ മുഖ്യമന്ത്രി എങ്ങനെയെത്തി? പൂരം കലക്കല്‍ ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി കെ പത്മനാഭന്‍

യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണം

Update: 2024-10-05 11:19 GMT

കണ്ണൂര്‍: സ്വര്‍ണക്കടത്ത് പരാമര്‍ശത്തിലൂടെ മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചെന്നു മുതിര്‍ന്ന ബിജെപി നേതാവ് സി കെ പദ്മനാഭന്‍. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ ചില ഞരമ്പ് രോഗികള്‍ക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തില്‍ മുഖ്യമന്ത്രി എങ്ങനെയാണ് എത്തിയതെന്ന് സി കെ പദ്മനാഭന്‍ ചോദിച്ചു. കാട്ടിലെ പുലിയെ പിടിക്കാന്‍ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ എം എസ് കൊടുത്ത മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോ? .

പൂരം കലക്കിയതിന് പിന്നില്‍ വലിയൊരു ഗൂഢതന്ത്രമുണ്ടെന്നും അതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് പാര്‍ട്ടിയില്‍ പെട്ടവര്‍ ആയാലും യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണം. കണ്ണൂരില്‍ ബി.ജെ.പിയുടെ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.കെ പദ്മനാഭന്റെ പ്രസംഗത്തില്‍നിന്ന്

150 കിലോ സ്വര്‍ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലേക്ക് വന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. 123 കോടിയുടെ ഹവാലപണം വന്നു. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറത്തായതുകൊണ്ട് അത് മലപ്പുറം ജില്ലയുടെ തലയില്‍ കെട്ടിവെക്കുന്നത് ഒരു നല്ല രീതിയല്ല. ഈ മലപ്പുറമെന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന ചില ഞരമ്പുരോഗികളുടെ പട്ടികയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി എങ്ങനെയാണ് എത്തിയത്. എന്തടിസ്ഥാനത്തിലാണ് എത്തിയത് എന്നുള്ളതിനെ കുറിച്ചും നമ്മള്‍ ചിന്തിക്കേണ്ടതായുണ്ട്. പൂരം കലക്കാനുള്ള ശ്രമമുണ്ടായി എന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം സമ്മതിച്ചിരിക്കുകയാണ്. പൂരം എന്നുപറയുന്നത് ചെറിയൊരു സംഭവമല്ല. അതിന്റെ പുറകിലൊരു വലിയ ഗുഢതന്ത്രമുണ്ട്. അതിനെക്കുറിച്ചൊക്കെ യഥാര്‍ഥവസ്തുത പുറത്തുകൊണ്ടുവരാന്‍ പോലീസുദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ചതുകൊണ്ട് കാര്യമില്ല. അതിന് ജുഡീഷ്യല്‍ എന്‍ക്വയറി തന്നെയാണ് ആവശ്യം.

Tags:    

Similar News