തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യ സര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും; ഇത് ജനാധിപത്യ സര്‍ക്കാരാണ്; അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല; ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി ഗണേഷ് കുമാര്‍
തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതില്‍ മടിച്ചു നില്‍ക്കുമ്പോള്‍ തന്റെ നിലപാട് പറഞ്ഞ് കേരളാ കോണ്‍ഗ്രസ് ബി നേതാവും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. യുവതീപ്രവേശനത്തിന് സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ചാണ് ഗതാഗത മന്ത്രി രംഗത്തെത്തിയത്. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. ചില തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. ആ സാഹചര്യം മാറിയപ്പോള്‍, ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യസര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്. അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല. ഈ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന്' മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
'കെപിഎംഎസ്, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സമുദായങ്ങള്‍ ഈ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അതെല്ലാം ശബരിമലയില്‍ ആചാരലംഘനം പാടില്ല എന്നുള്ളതാണ്. ആചാര ലംഘനം പാടില്ല എന്നതു തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും' മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇന്നലെ നിയമമന്ത്രി പി രാജീവ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് കൃത്യമായി പറഞ്ഞിരുന്നില്ല.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്. 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ മുമ്പ് സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിപിഎമ്മും സര്‍ക്കാരും മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമോ എന്നാണ് രാഷ്ട്രീയകേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
അഅതേസമയം ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും. സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടതുണ്ടെങ്കില്‍, സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഉചിതമായ വിധത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. ഈ വിഷയത്തില്‍ പാര്‍ട്ടിയോട് സുപ്രീംകോടതി നിലപാട് ചോദിച്ചിട്ടില്ല. ഇത് ഇവിടത്തെ വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ എന്നും ബേബി പറഞ്ഞു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദം ഉണ്ടായതാണല്ലോ. ആ സാഹചര്യത്തില്‍ ഇവിടെ ചര്‍ച്ച ചെയ്ത് ഒരു തീരുമാനം എടുക്കട്ടെ. ഒരു വിഷയവുമായി ബന്ധപ്പെട്ടും സമൂഹത്തില്‍ ഒഴിവാക്കാവുന്ന സംഘര്‍ഷം ഉണ്ടാകുന്നതിന് വഴി വെച്ചു കൂടാ. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാക്കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനമാണ് പിന്തുടര്‍ന്നിട്ടുള്ളത്. അതെല്ലാം സാമൂഹികമായി ബന്ധപ്പെട്ട വിഭാഗങ്ങളെയെല്ലാം ബോധ്യപ്പെടുത്തിയാണ് ചെയ്യേണ്ടത്. അതാണ് പാര്‍ട്ടിയുടെ പൊതു സമീപനം. യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായം രൂപീകരിച്ച് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബേബി പറഞ്ഞു.
