ക്രൈസ്തവ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള ഓപ്പറേഷന്‍ സക്‌സസായത് തൃശ്ശൂരില്‍; ഇനി ലക്ഷ്യം മുസ്ലിം സമുദായത്തിന്റെ ബിജെപിയോടുള്ള കടുത്ത എതിര്‍പ്പ് മറുകടക്കാന്‍; മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കള്‍; ഡോ.അബ്ദുസലാമിന്റെ നേതൃത്വത്തില്‍ മുസ്ലിം ഔട്ട്‌റീച്ച് പ്രോഗ്രാം; വോട്ടിന് വേണ്ടിയല്ല, തെറ്റിദ്ധാരണ മാറ്റാനെന്ന് രാജീവ് ചന്ദ്രശേഖര്‍

മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കള്‍

Update: 2025-11-07 09:09 GMT

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് അതിന് അനുസരിച്ചുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി കേരളാ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഉത്തരേന്ത്യയില്‍ പയറ്റുന്ന രാഷ്ട്രീയ ശൈലി കേരളത്തില്‍ അത്രകണ്ട് വിജയിക്കില്ലെന്ന ബോധ്യത്തില്‍ ഇവിടെ രാഷ്ട്രീയ തന്ത്രം മാറ്റുകയാണ് ബിജെപി. ഇതിന്റെ ഒന്നാം ഘട്ടത്തില്‍ ക്രൈസ്തവ വോട്ടുകള്‍ തങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു. ഇത് ഏകദേശം വിജയം കണ്ടിട്ടുണ്ട്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ നിര്‍ണായകായത് ക്രൈസ്തവ വോട്ടുകളായിരുന്നു.

ക്രൈസ്തവ വോട്ടുകള്‍ ബിജെപിയോട് അടുപ്പിക്കാമെന്ന ആത്മവിശ്വാസത്തില്‍ മുന്നേറുന്ന ബിജെപി അടുത്ത ഘട്ടത്തില്‍ മുസ്ലീം വീടുകളില്‍ സന്ദര്‍ശനം നടത്താനാണ് നീക്കം നടക്കുന്നത്. ബിജെപിയോടും കേന്ദ്രസര്‍ക്കാറിനോടുമുള്ള തെറ്റിദ്ധാരണ മാറ്റുക എന്നതാണ് ഇതിലൂട ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച ബിജെപി കേരളാ ഘടകം തയ്യാറാക്കിയ പദ്ധതിയെ കുറിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. മുസ്ലിം സമുദായത്തിന് തങ്ങളെ കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാന്‍ സംസ്ഥാനത്തെ എല്ലാം മുസ്ലിം വീടുകളും സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.എം.അബ്ദുസലാമാണ് വീടുകള്‍ സന്ദര്‍ശിച്ചുള്ള മുസ്ലിം ഔട്ട്‌റീച്ച് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. എല്ലാവര്‍ക്കും വേണ്ടിയുള്ള പാര്‍ട്ടിയാണ് ബി.ജെ.പി, തങ്ങള്‍ എല്ലായ്‌പോഴും എല്ലാവരുടേയും കൂടെയുണ്ടാകും എന്ന് പറയാനാണ് മുസ്ലിം ഔട്ട്‌റീച്ച് പരിപാടി സംഘടിപ്പിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതില്‍ രാഷ്ട്രീയമില്ല, വോട്ടുപിടിക്കാനുള്ളതല്ല, ഇത് തങ്ങളുടെ വിശ്വാസ്യതയെ ഉറപ്പിക്കാനുള്ളതാണ്. വിഷം നിറച്ചുവെച്ച രാഷ്ട്രീയത്തെ പൊളിക്കാനുള്ള ആത്മാര്‍ത്ഥമായ ഇടപെടലാണ് ഇതെന്നും ആദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എല്ലാ മുസ്ലിം വീട്ടിലും ഞങ്ങള്‍ പോകും. ബി.ജെ.പി സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച കാഴ്ചപ്പാടും രാഷ്ട്രീയവുമാണ് എല്ലാവരുടെയുടെ ഒപ്പം എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നത്. അതിന്റെ തുടര്‍ച്ച തന്നെയാണ് മുസ്ലിം ഔട്ട്‌റീച്ച് പ്രോഗ്രാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വികസന കാര്യങ്ങള്‍ മുന്നോട്ടുവെച്ചാണ് ബിജെപി മുസ്ലിംരാഷ്ട്രീയത്തിന്റെ പാതയില്‍ യാത്രചെയ്യുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെപി ഒരുങ്ങുന്നത്. അതേസമയം സിപിഎമ്മും കോണ്‍ഗ്രസ്സും ന്യൂനപക്ഷങ്ങളില്‍ വിഷം കുത്തിവയ്ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് രാജീവ് നല്‍കുന്ന വിശദീകരണം.

നേത്തെ ക്രൈസ്തവരുമായി വീണ്ടും അടുക്കുന്നതിനായി പാര്‍ട്ടിയിലെ ക്രൈസ്തവ നേതാക്കള്‍ക്കായി ബിജെപിയുടെ ക്ലാസ് അടക്കം ബിജെപി സംസ്ഥാന നേതൃത്വം നടത്തിയിരുന്നു. അടുത്തകാലത്തെ തിരിച്ചടികള്‍ കണക്കിലെടുത്ത് ബിജെപിയുടെ ക്രിസ്റ്റ്യന്‍ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു ക്ലാസ്. ക്രൈസ്തവരുടെ ഭരണഘടനാ അവകാശങ്ങളും സമുദായം നേരിടുന്ന പ്രശ്‌നങ്ങളുമാണ് പ്രധാനമായി അവതരിപ്പിച്ചത്. മതപ്രചാരണത്തിനുള്ള അവകാശം, ഒരു സമുദായത്തിലും വിശ്വസിക്കാതിരിക്കാനുള്ള അവകാശം, സുപ്രീംകോടതി വിധികള്‍, മതസ്വാതന്ത്ര്യം തടയുന്ന നടപടികള്‍ എന്നിവ ക്ലാസില്‍ വിശദീകരിച്ചിരുന്നു.

ന്യൂനപക്ഷത്തിലെ ന്യൂനപക്ഷത്തെ (മൈക്രോ മൈനോരിറ്റി) പ്രത്യേകമായി കാണണം. 1951-ലെ സെന്‍സസില്‍ രാജ്യത്ത് 2.3 ശതമാനമായിരുന്നു ക്രൈസ്തവര്‍. 1971-ല്‍ 2.6 ശതമാനമായതൊഴിച്ചാല്‍ ഇപ്പോഴും 2.3 ശതമാനം തന്നെയാണ് ജനസംഖ്യ. ഇക്കാലത്തിനിടെ അഞ്ചുശതമാനത്തോളം വളര്‍ച്ചയുണ്ടായവരുണ്ട്. ആകെ ജനസംഖ്യ കുത്തനെ കുറഞ്ഞ പാഴ്സി പോലെയുള്ള വിഭാഗങ്ങളുമുണ്ട്. എല്ലാവരെയും ന്യൂനപക്ഷമെന്ന ഗണത്തില്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് ഗുണം ചെയ്യുന്നില്ലെന്ന് ക്ലാസില്‍ വിശദീകരിച്ചു.

കേരളത്തിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനകേന്ദ്രിതമായ വിഷയങ്ങളാണ് ക്ലാസിലുള്‍പ്പെടുത്തിയിരുന്നത്. മുന്നാക്ക ക്രൈസ്തവര്‍, പട്ടികവര്‍ഗ ക്രൈസ്തവര്‍, കത്തോലിക്കര്‍, കത്തോലിക്ക ഇതരര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍, ഇവാഞ്ചലിക്കല്‍ സഭകള്‍, മുന്നാക്കസംവരണം തുടങ്ങിയവ ചര്‍ച്ചചെയ്തു.

പഠനക്ലാസ് എന്ന തരത്തിലല്ല, വികസനസന്ദേശം എല്ലാവരിലുമെത്തിക്കുന്നതിനാണ് ശില്പശാല നടത്തിയതെന്നാണ് അന്ന് രാജീവ് ചന്ദ്രശേഖര്‍ നിലപാട് അറിയിച്ചത്. സമാനമായ മാതൃകയില്‍ മുസ്ലിം സമൂഹവുമായി അടുക്കാനാണ് ബിജെപി നീങ്ങുന്നത്. സംസ്ഥാനത്ത് ബിജെപിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള മുസ്ലിംഗ്രൂപ്പുകളെയും നേതൃത്വം തേടുന്നുണ്ട്. ബിജെപി ദേശീയ തലത്തില്‍ ഏറ്റവും ശക്തമായ എതിര്‍പ്പ് നേരിടുന്നത് കേരളത്തില മുസ്ലിം വിഭാഗങ്ങളില്‍ നിന്നുമാണ്. ഈ എതിര്‍പ്പിന്റെ കാഠിന്യം കുറയ്ക്കാനാണ് രാജീവ് ചന്ദ്രശേഖറും കൂട്ടരും ലക്ഷ്യമിടുന്നത്.

Tags:    

Similar News