ജൈവ സങ്കേതമായ മാടായിപാറയില്‍ ജി.ഐ.ഒ പ്രവര്‍ത്തകര്‍ ഫലസ്തീന്‍ അനുകൂല പ്രകടനവുമായ എത്തിയത് അനുമതിയില്ലാതെ; 30 ജിഐഒ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു പോലീസ്; കേസിനെ നിയമപരമായി നേരിടുമെന്ന് നേതാക്കള്‍

ജൈവ സങ്കേതമായ മാടായിപാറയില്‍ ജി.ഐ.ഒ പ്രവര്‍ത്തകര്‍ ഫലസ്തീന്‍ അനുകൂല പ്രകടനവുമായ എത്തിയത് അനുമതിയില്ലാതെ

Update: 2025-09-06 14:22 GMT

കണ്ണൂര്‍: ജൈവ സങ്കേതമായ പഴയങ്ങാടിയിലെ മാടായി പാറയില്‍ അനുമതിയില്ലാതെ ഫലസ്തീന്‍ അനുകൂല പ്രകടനവും പൊതുയോഗവും നടത്തിയതിന് 30 ജി.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്തു. തിരുവോണ ദിവസമായ ഇന്നലെ ഫലസ്തീന്‍ അനുകൂല ബാനറും കൊടികളുമായി പ്രകടനം നടത്തിയതിനാണ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസെടുത്തത്.

സമൂഹത്തില്‍ സ്പര്‍ദ്ധ യുണ്ടാക്കണമെന്ന ഉദ്ദ്യേശത്തോടെയാണ് പ്രകടനവും പൊതുസമ്മേളനവും നടത്തിയതെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയ കുറ്റം. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടനയാണ് ജി.ഐ.ഒ.

പൊതു പരിപാടികളും വാഹനങ്ങളും വിലക്കിയ സ്ഥലമാണ് മാടായിപ്പാറ ജൈവ സങ്കേതം. ഇവിടെ വാഹനങ്ങള്‍ കയറ്റരുതെന്ന് പഴയങ്ങാടി പൊലിസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പരിപാടിയുടെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് പഴയങ്ങാടി എസ്.എച്ച്.ഒ സ്വമേധയാ കേസെടുത്തത്.

അതേസമയം കേസ് എടുത്ത നടപടിയെ വിമര്‍ശിച്ച് ജിഐഒ. കേസിനെ നിയമപരമായി നേരിടുമെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന സുബൈര്‍ പറഞ്ഞു. മാടായിപ്പാറയില്‍ ഗതാഗത തടസം സൃഷ്ടിക്കുകയോ ജനങ്ങളെ ദ്രോഹിക്കുകയോ ചെയ്യാത്ത പ്രകടനത്തിനെതിരെ കേസ് എടുത്തതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് ഷിഫാന സുബൈറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ മുഴുവന്‍ നടക്കുമ്പോഴാണ് കേരള പൊലീസിന്റെ ഈ സമീപനമെന്നും പൊലീസ് നടപടി സംശയാസ്പദമെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

Tags:    

Similar News