സ്മാർട്ട് സിറ്റിയുടെ അഴിമതിപ്പണം സർക്കാർ നൽകേണ്ടിവരും; ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണമായ അഴിമതി പദ്ധതികളെപ്പോലെ തന്നെയാണ് ഇതും; സ്മാർട്ട് സിറ്റി വിവാദങ്ങളിൽ പ്രതികരിച്ച് ചെറിയാൻ ഫിലിപ്പ്

Update: 2024-12-10 08:59 GMT

തിരുവനന്തപുരം: സ്മാർട്ട് സിറ്റി വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചെറിയാൻ ഫിലിപ്പ് രംഗത്ത്. മുഖ്യമന്ത്രി പറയുന്നതു പോലെ മൂല്യം കണക്കാക്കി ദുബായ് കമ്പനിയ്ക്ക് ഓഹരി വില നൽകി കൊച്ചിയിലെ സ്മാർട്ട് സിറ്റി ഏറ്റെടുക്കുമ്പോൾ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖർ കൈപ്പറ്റിയ അഴിമതിപ്പണവും സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭൂമികച്ചവടത്തിലെ അഴിമതിപ്പണം കമ്പനിയുടെ മൂലധന ചെലവിൽ പെടും. തുച്ഛമായ വിലയ്ക്ക് 246 ഏക്കർ സർക്കാർ ഭൂമി കൈമാറിയപ്പോൾ സ്മാർട്ട് സിറ്റി സംയുക്ത സംരംഭത്തിൽ സർക്കാരിന്റെ ഓഹരിയായി 16 ശതമാനം മാത്രമാണുള്ളതെന്നും. സ്മാർട്ട് സിറ്റിയുടെ ആദ്യ ഘട്ടം പോലും പൂർത്തിയാക്കാത്ത ദുബായ് കമ്പനിയുടെ ഓഹരി വിഹിതം 84 ശതമാനമാണ്. സർക്കാർ ഓഹരിയുടെ ആറിരട്ടിയിലധികമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ഓഹരി മൂല്യം 2011-ലെ കരാർ കാലത്തെ സാങ്കല്പിക വിലയാണോ ഇപ്പോഴത്തെ കമ്പോള വിലയാണോയെന്ന് മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്മാർട്ട് സിറ്റി ഏറ്റെടുക്കുമ്പോൾ നിശ്ചയിക്കുന്ന പുതിയ വില പുതിയ അഴിമതിയ്ക്ക് വഴി തെളിക്കുമോയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.

സർക്കാർ വക ഭൂമി സർക്കാരിന് തിരിച്ചെടുക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് ഭീമമായ തുക മുടക്കേണ്ട ദുരവസ്ഥയാണിപ്പോൾ. അഴിമതി ലക്ഷ്യമാക്കി വീണ്ടു വിചാരമില്ലാതെ എടുത്തു ചാടിയ അന്നത്തെ ഭരണാധികാരികളെ രാജ്യദ്രോഹികളായി കണക്കാക്കേണ്ടിവരും.

സ്വപ്നപദ്ധതികൾ എന്ന പേരിൽ പാഴായ അഴിമതി പദ്ധതികളാണ് ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണം. ഇതിന് സമാനമാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതിയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണമായ അഴിമതി പദ്ധതികളെപ്പോലെ തന്നെയാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News