സെനറ്റ് തെിരഞ്ഞെടുപ്പില്‍ ബാലറ്റുകള്‍ കാണാനില്ലെന്ന്; എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം; കേരളസര്‍വ്വകലാശാല തിരഞ്ഞെടുപ്പ് റദ്ദാക്കി

ബാലറ്റ് മോഷണം ആരോപിച്ച് ഇരുപക്ഷവും

Update: 2024-09-11 17:49 GMT

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം.കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.കെ.എസ്.യു രജിസ്ട്രാറെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് എസ് എഫ് ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.15 ബാലറ്റ് പേപ്പറുകള്‍ കാണാതായതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.സംഘര്‍ഷത്തെത്തുടര്‍ന്ന് സെനറ്റ് ഹാളിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു.

യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റിലും എസ് എഫ് ഐ വിജയിച്ചിരുന്നു. എന്നാല്‍, സെനറ്റ് തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ കെ എസ് യുവിനായിരുന്നു വിജയം. റിസര്‍വേഷന്‍ സീറ്റുകളിലാണ് കെ എസ് യു ജയം നേടിയത്. രജിസ്ട്രാറുടെ സഹായത്തോടെയാണ് കെ എസ് യുവിന്റെ ജയമെന്നാണ് എസ് എഫ് ഐ ആരോപണം.ബാലറ്റ് പേപ്പറുകള്‍ കാണാതായതില്‍ ഇരുവിഭാഗങ്ങളും പരസ്പരം പഴിചാരുകയാണ്.രണ്ട് സീറ്റില്‍ വിജയിച്ചതോടെ പി.എം.ആര്‍ഷോയുടെ നേതൃത്വത്തില്‍ ബാലറ്റ് വിഴുങ്ങിയെന്ന് കെഎസ്യു പ്രസിഡന്റ് ആരോപിച്ചു.അതേസമയം കെ.എസ്.യു. ബാലറ്റ് മോഷ്ടിച്ചെന്ന് പി.എം.ആര്‍ഷോയും ആരോപിച്ചു.ഇതോടെ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു.

തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹാളിന് പുറത്തിറങ്ങി പ്രതിഷേധിച്ചു.അതോടൊപ്പം വിജയിച്ച സീറ്റുകളിലുള്ള ആഹ്‌ളാദപ്രകടനവും നടത്തി. പിന്നാലെ സെനറ്റ് ഹാളിന് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.എന്നാല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഹാളിന് പുറത്തിറങ്ങിയില്ല. പിന്നാലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹാളില്‍ പ്രതിഷേധവുമായെത്തി.സെനറ്റ് ഹാളിലേക്ക് വിദ്യാര്‍ഥികള്‍ ഇരച്ചുകയറി. തടിക്കഷ്ണങ്ങള്‍ വലിച്ചെറിഞ്ഞു.പോലീസും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും കൂട്ടയടിയിലേക്ക് നീങ്ങുകയും ചെയ്തു.ഇത് വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വടികളും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.പിന്നാലെ പോലീസെത്തി കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങി. അതേസമയം സര്‍വകലാശാല ഗേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്-എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

കെ എസ് യു പ്രവര്‍ത്തകരെ പുറത്തിറക്കണം എന്ന ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കള്‍ ഹാളിനു പുറത്തെത്തിയെങ്കിലും പോലീസ് അവരെ അകത്തേക്ക് കടത്തി വിട്ടില്ല. നിലവില്‍ ഗേറ്റിനകത്തേക്ക് ആരെയും കടത്തിവിട്ടില്ല. അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വകലാശാല തിരഞ്ഞെടുപ്പ് റദ്ദാക്കി.ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ പിന്നീടെന്ന് സര്‍വ്വകലാശാല അറിയിച്ചു

തര്‍ക്കമുണ്ടായ സീറ്റുകളില്‍ എസ്എഫ്ഐ സ്വയം വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് കെ എസ് യു ആരോപിക്കുന്നത്. കഴിഞ്ഞ തവണ കെ എസ് യു ജയിച്ച രണ്ട് സീറ്റുകളില്‍ ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ തര്‍ക്കമുണ്ടായ സംവരണ സീറ്റും.

രജിസ്ട്രാറുടെ സഹായത്തോടെ എസ്എഫ്ഐ ഉണ്ടാക്കിയെടുത്ത അട്ടിമറി വിജയമാണിത് എന്നാണ് കെ എസ് യു ആരോപിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ സെനറ്റ് ഹാളിനകത്ത് തടഞ്ഞു വച്ചിരിക്കുകയാണെന്നും ഈ തര്‍ക്കത്തിനൊരു പരിഹാരമുണ്ടാക്കിയതിനു ശേഷം മാത്രമേ ഇനി അവരെ പുറത്തേക്ക് വിടൂ എന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നത്.

പോലീസ് എസ്എഫ്ഐക്കാരെ സഹായിക്കാനുള്ള ശ്രമം നടത്തുന്നു എന്നും കെ എസ് യു ആരോപിക്കുന്നു. സംഘര്‍ഷത്തില്‍ സെനറ്റ് ഹാളിലെ കസേരകള്‍ക്കുള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

Tags:    

Similar News