പോറ്റിയെ കേറ്റിയേ എന്നല്ലെ പറഞ്ഞത്, ആദ്യം കയറ്റിയത് സോണിയയുടെ വീട്ടില്‍; പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അടൂര്‍ പ്രകാശ്? ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ കുരുക്കാന്‍ പിണറായി; അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത പി ശശിയില്‍ നിന്നെന്ന ആരോപണവും തള്ളി മുഖ്യമന്ത്രി

അടൂര്‍ പ്രകാശിനെതിരെ ചോദ്യശരങ്ങളുമായി മുഖ്യമന്ത്രി

Update: 2026-01-01 12:55 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിയത് എങ്ങനെയെന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എം.പി. അടൂര്‍ പ്രകാശിന്റെ പേര് എങ്ങനെ കടന്നുവന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു വലിയ തട്ടിപ്പുകാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാ ഗാന്ധിയെപ്പോലൊരു രാഷ്ട്രീയ നേതാവിന്റെ അടുക്കല്‍ എത്താന്‍ കഴിഞ്ഞതെങ്ങനെയെന്നും, തനിക്കൊന്നും പറയാനില്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി ആരാഞ്ഞു. സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തനിക്ക് പങ്കില്ലെന്ന് അടൂര്‍ പ്രകാശ് പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അടൂര്‍ പ്രകാശെന്നും മുഖ്യമന്ത്രി ചോദിച്ചു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്നാണ് വന്നതെന്ന അടൂര്‍ പ്രകാശിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി.

ചില കാര്യങ്ങള്‍ വരുമ്പോള്‍ അതിന് കൃത്യമായ മറപടി പറയാന്‍ പറ്റാതെ വരുമ്പോള്‍ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയുകയാണ്. 'അടൂര്‍ പ്രകാശിന്റെ പേര് ഉയര്‍ന്നുവന്നത് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്. എങ്ങനെയാണ് മഹാതട്ടിപ്പുകാരായ രണ്ടു പേരും അവിടെ എത്തിയത്. പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അടൂര്‍ പ്രകാശ്. ഇവര്‍ക്ക് സോണിയാ ഗാന്ധിയെ കാണാന്‍ അവസരം കിട്ടാന്‍ പങ്കുവഹിച്ചത് ആരാണെന്നു മറുപടി പറയാന്‍ കഴിയുന്നില്ല. ഉത്തരം കിട്ടാത്തപ്പോള്‍ കൊഞ്ഞനം കുത്തുന്ന നിലയാണുള്ളത്'' - മുഖ്യമന്ത്രി വിശദീകരിച്ചു.

ആദ്യം പോറ്റിയെ കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പോറ്റി ഒറ്റയ്ക്കല്ല അവിടെ പോയത്. അന്വേഷണത്തില്‍ കണ്ടെത്തിയ സ്വര്‍ണം വാങ്ങി എന്നുപറയുന്ന പ്രതിയെയും കൂട്ടിയാണ് പോയത്. ഇതെങ്ങനെയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു

ശബരിമല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യം ചെയ്തത് വ്യക്തത വരുത്താന്‍ വേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആരെ ചോദ്യം ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും, കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.ഐ.ടി. ആരെ ചോദ്യം ചെയ്യുന്നു എന്നത് മുന്‍കൂട്ടി അറിയിക്കാറില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണെന്നും ചോദിച്ചു.

ശബരിമല സ്വര്‍ണക്കടത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണെന്നും, ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തില്‍ ഇതുവരെ പരാതികളൊന്നുമില്ലെന്നും, എസ്.ഐ.ടി. നല്ല നിലയില്‍ ചുമതല നിര്‍വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസോ താനോ അന്വേഷണത്തില്‍ ഒരു ഇടപെടലും നടത്തുന്നില്ലെന്നും, ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ. പത്മകുമാറിനെതിരെ നടപടി വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ മറുപടി പറയേണ്ട വിഷയമല്ല അതെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

അടൂര്‍ പ്രകാശിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എം.പി. അടൂര്‍ പ്രകാശ് ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി. കേസില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്ന അടൂര്‍ പ്രകാശിന്റെ വാദമാണ് ഓഫീസ് നിഷേധിച്ചത്. കേസിന്റെ അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കല്‍ സെക്രട്ടറിക്കോ ഇതില്‍ പങ്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്.ഐ.ടി. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനുപിന്നില്‍ പി. ശശിയുടെ ഇടപെടലാണെന്നും അടൂര്‍ പ്രകാശ് എം.പി. ആരോപിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ താന്‍ ഹാജരാകുമെന്നും ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസിന്റെ അന്വേഷണം ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന ഒന്നാണ്. അതിനാല്‍, അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിനോ, പൊളിറ്റിക്കല്‍ സെക്രട്ടറിക്കോ യാതൊരുവിധ പങ്കുമില്ലെന്ന് ഓഫീസ് വിശദീകരിച്ചു.

അതേസമയം, ഇതുവരെ എസ്.ഐ.ടി. തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടില്ലെന്ന് അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു വ്യക്തമാക്കി. അന്വേഷണ സംഘം വിളിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും മാധ്യമങ്ങളെ അറിയിക്കുമെന്നും താന്‍ ഒളിച്ചോടില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണം തുടരുന്നതിനിടെയാണ് ഈ രാഷ്ട്രീയ ആരോപണങ്ങളും നിഷേധങ്ങളും ഉയര്‍ന്നുവരുന്നത്.

Tags:    

Similar News