അഴിമതി നടത്തിയ പി കെ ശശിയെ രണ്ടു പദവികളില്‍ നിന്ന് കൂടി നീക്കി പാര്‍ട്ടി; സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്നും നീക്കിയിട്ടും കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് സുഖിമാനായി തുടരുന്നു; ശശിയുടെ കാര്യത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ട് തട്ടില്‍ തന്നെ!
ശശിയുടെ കാര്യത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ട് തട്ടില്‍ തന്നെ!
പാലക്കാട്: പാലക്കാട്ടെ സിപിഎമ്മിനുള്ളിലെ കരുത്തനായിരുന്ന പി കെ ശശിക്കെതിരെ പാര്‍ട്ടി ശക്തമായ നപടി കൈക്കൊള്ളുമ്പോഴും കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രി പിറണായി വിജയന്‍. പാര്‍ട്ടിയിലെ ഫണ്ട് തട്ടിപ്പില്‍ ആരോപണ വിധായനായ പി കെ ശശിക്കെതിരെ ഇനിയും യാതൊരു നടപടിയും മുഖ്യമന്ത്രി കൈക്കൊണ്ടിട്ടില്ല. പാര്‍ട്ടി നടപടി നേരിട്ട് മാസങ്ങളായിട്ടും അദ്ദേഹത്തെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കിയിട്ടില്ല. ഇത് തന്റെ വിശ്വസ്തനെ മുഖ്യമന്ത്രി എളുപ്പം കൈവിടില്ലെന്ന സൂചനയാണ്.
ഇതിനിടെ പാര്‍ട്ടി നടപടി നേരിട്ട പികെ ശശിയെ രണ്ടു പദവികളില്‍ നിന്ന് കൂടി നീക്കി. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനം. സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയറ്റിന്റെ തീരുമാനം. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എന്‍ മോഹനന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് ആവും.
അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പികെ ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. നേരത്തെ പികെ ശശിക്ക് നേരെ എടുത്ത അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നല്‍കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്ന് നീക്കം ചെയ്യാനായിരുന്നു തീരുമാനം.
അതേസമയം ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കുമെന്ന വിധത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം പദവിയില്‍ തുടരുകയായിരുന്നു. പാര്‍ട്ടി നടപടിക്കെതിരെ അപ്പീല്‍ നല്‍കാനുമാണ് ശശിയുടെ നീക്കം. ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയിലാണ് അപ്പീല്‍ നല്‍കുക. ചട്ടങ്ങള്‍ പാലിച്ചല്ല തനിക്കെതിരെ നടപടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീല്‍ നല്‍കുക.
ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്.
അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പി.കെ.ശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കിയത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസില്‍ കുടുക്കാനുള്ള ഗൂഢ നീക്കവും ശശിയുടെ പുറത്തേക്കുള്ള വഴി എളുപ്പത്തിലാക്കി. ശശിയെ അടിമുടി നിസഹായനാക്കുക എന്നത് ലക്ഷ്യമിട്ടാണ് കെ.ടി.ഡി.സി ചെയര്‍മാന്‍പദവും സി.ഐ.ടി.യു ജില്ലാ അധ്യക്ഷ പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം ശക്തമാക്കിയത്.
അച്ചടക്ക നടപടിയെടുക്കുമ്പോള്‍ പാര്‍ട്ടി അനുവദിച്ച മുഴുവന്‍ പദവികളും ഒഴിയുന്നതാണ് മര്യാദയെന്നും സ്ഥാനത്ത് തുടര്‍ന്നാല്‍ അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ജില്ലാ നേതൃത്വം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ മുഖ്യമന്ത്രി തന്നെ വിശ്വസ്തനെ തുണക്കുന്ന നിലപിടാണ്. മുഖ്യമന്ത്രി, ടൂറിസം മന്ത്രി എന്നിവരോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന പി.കെ.ശശി ഇപ്പോഴും കെടിഡിസി കസേരയില്‍ തുടരുന്നതില്‍ പാര്ട്ടിക്കുള്ളില്‍ അതൃപ്തി ശക്തമാണ്.