അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ല; ടി.കെ.ദേവകുമാറിന്റെ മകന്‍ ടി.ഡി.സുബ്രമണ്യന്‍ ആവശ്യപ്പെട്ടപ്പോഴാണ് അഭിമുഖം നല്‍കിയത്; പി ആര്‍ ഏജന്‍സിയുടെ ആളാണെന്ന് പിന്നീടാണ് അറിഞ്ഞത്; സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ

അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ല

Update: 2024-10-04 17:37 GMT

തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കി. മലപ്പുറം പരാമര്‍ശം ഉണ്ടാക്കിയ പരിക്കിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന് ചില അംഗങ്ങള്‍ ചോദിച്ചതടെയാണ് പിണറായി മറുപടിയുമായി എത്തിയത്. ഇതിന് മറുപടിയായി പിണറായി പിആര്‍ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഭിമുഖത്തിലെ മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമര്‍ശം രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുന്നത് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ദിനപത്രത്തിന് അഭിമുഖം നല്‍കാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകന്‍ ടി.ഡി.സുബ്രമണ്യന്‍ ആവശ്യപ്പെട്ടപ്പോഴാണ് അഭിമുഖം നല്‍കിയത്. അഭിമുഖ സമയത്ത് മുറിയിലേക്ക് കടന്നുവന്നയാള്‍ പിആര്‍ ഏജന്‍സിയുടെ ആളാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഏജന്‍സിയെയും വന്നയാളിനെയും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. എഡിജിപിആര്‍എസ്എസ് ചര്‍ച്ച സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കും. ആരോപണങ്ങളുടെ പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് നീക്കുന്നത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.

അതേസമയം മലപ്പുറം ജില്ലയുടെ അട്ടിപ്പേര്‍ അവകാശം പറഞ്ഞ് ആരും വരേണ്ടെന്ന് എംവി ഗോവിന്ദനും പ്രതികരിച്ചു. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ്. മലപ്പുറം എല്ലാവരുടെയും മലപ്പുറമാണ്. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി വി അന്‍വര്‍ ഉള്‍പ്പെടെ സ്വതന്ത്രര്‍മാരെ മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി ആക്കുകയും അവര്‍ തോല്‍ക്കുകയും ജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ഈ പ്രക്രിയയിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടത്ര സ്വാധീനം ഇല്ലാതിരുന്ന മലപ്പുറം ജില്ലയില്‍ വളരെ ശക്തമാകാന്‍ സിപിഎമ്മിന് സാധിച്ചത്. അന്‍വര്‍ ഉണ്ടായിരുന്നത് കൊണ്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇതോടെ അവസാനിച്ചുവെന്ന് പാര്‍ട്ടി കാണുന്നില്ല. മലപ്പുറം ജില്ല എല്ലാവരുടെയുമാണ്. ഇംഎസ്എസ് സര്‍ക്കാരിന്റെ കാലത്ത് മലപ്പുറം ജില്ലയുണ്ടാക്കുന്നതിനിതിരെ കോണ്‍ഗ്രസും ജനസംഘവും ചേര്‍ന്ന് ഒന്നിച്ചാണ് സമരം നടത്തിയത്.

കേരളത്തിലൊരു കുട്ടി പാകിസ്ഥാന്‍ വരാന്‍ പോകുന്നുവെന്നാണ് അന്ന് ആര്‍എസ്എസുകാര്‍ പറഞ്ഞത്. മലപ്പുറം ജില്ല രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎമ്മും അന്നത്തെ മുഖ്യമന്ത്രി ഇഎംഎസുമാണ്. പി ശശിക്കെതിരായ അന്‍വറിന്റെ പരാതിയില്‍ കാതലായ പ്രശ്‌നം ഒന്നുമില്ലെന്നും പി ശശിയെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണെന്നും എംവി ?ഗോവിന്ദന്‍ പറഞ്ഞു. റിയാസ് ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എംഎല്‍എ ആയതും പിന്നീട് മന്ത്രിയായതും.

സിപിഎമ്മില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ല എന്നത് പച്ചക്കള്ളമാണ്. ജമാഅത്തെ ഇസ്ലാമി നേതാവ് ആരിഫ് അലി ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. എന്തിനായിരുന്നു ആ ചര്‍ച്ച എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഡിഎഫ് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും എംവിഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പി ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടിക്ക് പരിശോധിക്കാന്‍ ഒന്നുമില്ല. വസ്തുതയില്ലാത്ത കാര്യങ്ങളാണ് പരാതിയിലുള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News