മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്; അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ട; മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം ഗൗരവമായി കാണുന്നില്ല; ആരോപണങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനത്തിന് നല്‍കിയ പണമെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാര്‍ട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ നിലയില്‍ പ്രതികരിക്കുന്നത്.
ലക്ഷ്യമെന്താണ് എന്ന് പാര്‍ട്ടിക്ക് മനസ്സിലായിട്ടുണ്ട്. ബിനീഷ് കോടിയേരിയുടേതിന് സമാനമായ കേസല്ല വീണയുടേത്. ബിനീഷിനെതിരെ കേസ് വന്നപ്പോള്‍ അതില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് പാര്‍ട്ടി പിന്തുണ ലഭിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.
മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ല, കൃത്യമായി നികുതി അടച്ചിട്ടുണ്ട്. സേവനത്തിന് ജിഎസ്ടി അടച്ചു എന്നത് മറച്ചുവയ്ക്കുന്നു. എന്നാല്‍, നല്‍കാത്ത സേവനത്തിന് എന്നതാണ് പ്രചാരണം. അവിടെയാണ് എന്റെ മകള്‍ എന്നത് പ്രസക്തമാകുന്നത്. കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിന്റെയും ജിഎസ്ടി അടച്ചതിന്റെയും കണക്കുകള്‍ പറയുന്നില്ല. നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) വേണ്ടത് എന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.നിങ്ങള്‍ നോക്കുന്നത് എന്റെ രാജി, അതുനോക്കിയിരുന്നുകൊള്ളു എന്നും അദ്ദേഹം പറഞ്ഞു.