മകന്‍ വിവേക് കിരണ് ഇഡി സമന്‍സ് കിട്ടിയിട്ടില്ല; കിട്ടിയതായി മകന്‍ തന്നോടുപറഞ്ഞിട്ടില്ല; തന്റെ മക്കളില്‍ അഭിമാനം മാത്രം; ദുഷ്‌പ്പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല; എന്തെല്ലാം കണ്ടിരിക്കുന്നുതാന്‍, ഇതൊന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പിണറായി വിജയന്‍

മകന്‍ വിവേക് കിരണ് ഇഡി സമന്‍സ് കിട്ടിയിട്ടില്ല

Update: 2025-10-13 13:34 GMT

തിരുവനന്തപുരം: ഇഡി തന്റെ മകന്‍ വിവേക് കിരണ് അയച്ചെന്ന് അയച്ചെന്ന് പറയുന്ന സമന്‍സ് കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. സമന്‍സ് കിട്ടിയതായി മകന്‍ തന്നോടുപറഞ്ഞിട്ടില്ല. തന്റെ മക്കളില്‍ അഭിഭാനമാണുള്ളത്. ദുഷ്‌പ്പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിട്ടില്ല. മക്കള്‍ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം നടക്കുന്നവരാണ്. മര്യാദയ്ക്ക് ജോലി ചെയ്ത് ജീവിക്കുന്ന ആളാണ് തന്റെ മകനെന്നും ക്ലിഫ് ഹൗസില്‍ എത്ര മുറി ഉണ്ടെന്ന് പോലും അയാള്‍ക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയില്‍ മാത്രം ജീവിക്കുന്നയാളാണ് മകന്‍. ഇ ഡി സമന്‍സ് ആര്‍ക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമന്‍സ് കൊടുത്തത്? ഒരു സമന്‍സും ക്ലിഫ് ഹൗസില്‍ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സമൂഹത്തിന് മുന്നില്‍ തന്നെ കളങ്കിതനാക്കി ചിത്രീകരിക്കാനാണ് ശ്രമം. എന്തെല്ലാം കണ്ടിരിക്കുന്നുതാന്‍, ഇതൊന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പറഞ്ഞത്..

'എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാന്‍ ശ്രമിക്കുമ്പോള്‍ ശാന്തമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്. 10 വര്‍ഷമായി ഞാന്‍ മുഖ്യമന്ത്രിയാണ്. അഭിമാനിക്കാന്‍ വകനല്‍കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നു ബോധ്യമുണ്ട്. പലയിടത്തും പദ്ധതികള്‍ക്കു കരാര്‍ ലഭിക്കാന്‍ കമ്മിഷന്‍ നല്‍കണം. എന്നാല്‍ ഇവിടെ അങ്ങനെ ഇല്ല എന്നതില്‍ അഭിമാനമുണ്ട്. ഉന്നതതലത്തിലുള്ള അഴിമതി ഇവിടെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്'' മുഖ്യമന്ത്രി പറഞ്ഞു.

''എന്റെ പൊതുജീവിതം കളങ്കരഹിതമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തില്‍ കുടുംബം ശക്തമായി ഒപ്പം നിന്നിട്ടുണ്ട്. എന്റെ മക്കള്‍ രണ്ടു പേരും അതേ നിലയാണ് സ്വീകരിച്ചിട്ടുള്ളത്. എന്റെ മകനെ എത്ര പേര്‍ കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ എത്രയെത്ര മുഖ്യമന്ത്രിമാരുടെ മക്കളെ നിങ്ങള്‍ കണ്ടിട്ടുണ്ട്. ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും എന്റെ മകന് അറിയില്ല. അതാണ് എന്റെ മകന്റെ പ്രത്യേകത. ദുഷ്പേര് എനിക്കുണ്ടാകുന്ന തരത്തില്‍ എന്റെ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല.

മകള്‍ക്കു നേരെ പലതും ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അതിനെ ചിരിച്ചുകൊണ്ടു നേരിട്ടില്ലേ? അത് ഏശുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ മര്യാദയ്ക്ക് ജോലി ചെയ്യുന്ന ഒരാളെ, പിണറായി വിജയന് ഇങ്ങനെ ഒരു മകനുണ്ടെന്നു ചിത്രീകരിച്ച് വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. അത് എന്നെ ബാധിക്കില്ല. ആ ചെറുപ്പക്കാരന്‍ മര്യാദയ്ക്കുള്ള ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജോലിയും വീടും മാത്രമാണ് അയാളുടെ ജീവിതം. മക്കള്‍ ദുഷ്പേരുണ്ടാക്കുന്ന അനുഭവം പലര്‍ക്കുമുണ്ട്. എന്നാല്‍ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. എനിക്കതില്‍ അഭിമാനമുണ്ട്''മുഖ്യമന്ത്രി പറഞ്ഞു.


ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തില്‍ എന്‍എസ്എസിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകള്‍ക്കും ലഭ്യമാക്കാന്‍ നിയമനടപടി സ്വീകരിക്കാന്‍ ഇന്നു ചേര്‍ന്ന യോഗം തീരുമാനിച്ചു. സുപ്രീം കോടതി അനുമതിയോടെ അതു നടപ്പാക്കും. എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു തീരുമാനിക്കും.

സംസ്ഥാനത്തെ നവകേരള വികസനം സംബന്ധിച്ച് സമഗ്രമായ പഠനം നടത്താനായി 'സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം' എന്ന പേരില്‍ പുതിയ പരിപാടി ആരംഭിക്കും. ഈ പരിപാടിയിലൂടെ സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കും.

ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് വിശദമായ പഠന റിപ്പോര്‍ട്ടായി തയ്യാറാക്കുകയും ഭാവി കേരളത്തിന്റെ വികസന രൂപരേഖയ്ക്ക് അടിസ്ഥാനമാക്കുകയും ചെയ്യും. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ ജീവിതനിലവാരം സംസ്ഥാനത്ത് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News