സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കൊല്ലം; ഇക്കുറി വിഭാഗീയതകള്‍ ഇല്ലാതെ പൂര്‍ണ്ണമായും 'പിണറായിസം' വാഴുന്ന സമ്മേളനമാകും; ഭരണത്തില്‍ നടപ്പാക്കേണ്ട നിലപാടുകള്‍ അടങ്ങുന്ന ''നവകേരള നയരേഖ' പിണറായി സമ്മേളനത്തില്‍ അവതരിപ്പിക്കും; വികസന നയങ്ങളില്‍ ഉദാര പരിഷ്‌കരണം വേണമെന്ന് ആവശ്യം
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കൊല്ലം
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്തില്‍ കൊടിയേറും. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സമ്മേളനത്തിനുള്ള ഒരുക്കങ്ങലെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. വിഭാഗീയതകള്‍ ഇല്ലാതായ പൂര്‍ണമായും പിണറായി വിജയന്റെ സ്വാധീനം വിളങ്ങുന്ന സമ്മേളനമാകും ഇക്കുറിയും നടക്കുന്നത്. വിഭാഗീയ നീക്കങ്ങള്‍ മുളയിലെനുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐഎം കടക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായ കൊടിമര പതാക ജാഥകള്‍ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറില്‍ സംഗമിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാനുമായ കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖാ യാത്രകള്‍ സംഗമിച്ച് പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സ്ഥാപിക്കും.
പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സിപിഐഎം കോ ഓര്‍ഡിനേറ്റര്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും വിവിധ ജില്ലകളില്‍ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേര്‍ സമ്മേളനത്തിന്റെ ഭാഗമാകും.
ഭരണത്തില്‍ നടപ്പാക്കേണ്ട നിലപാടുകള്‍ അടങ്ങുന്ന ''നവകേരള നയരേഖ' പിണറായി വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ കാലത്തിന് അനുസരിച്ച് ഭരണം മുന്നോട്ടു പോകണം എന്നതാണ് നയരേഖയില്‍ പ്രധാനമായും പറയുന്നത്. വികസന നയങ്ങളില്‍ ഉദാര പരിഷ്‌കരണം വേണമെന്ന് ആവശ്യമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് മുന്‍പ് നടന്ന സമ്മേളനതില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ കരുത്തുമായാണ് ഇക്കുറിയും സമ്മേളനം നടക്കുക.
കഴിഞ്ഞ തവണ അവതരിപ്പിച്ച 'നവകേരളത്തിനായുള്ള പാര്‍ട്ടി കാഴ്ചപ്പാട്' നയരേഖ ഭരണതലത്തില്‍ പ്രയോഗവത്കരിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് പുതിയ നയരേഖ അവതരിപ്പിക്കുക. ചരിത്രമെഴുതിയ രണ്ടാം പിണറായി സര്‍ക്കാറില്‍ ഒതുങ്ങുകയല്ല ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് വികസന നയങ്ങളില്‍ ഉദാര പരിഷ്‌കരണം നടപ്പില്‍വരുത്താന്‍ മൂന്നു വര്‍ഷം മുമ്പ് എറണാകുളത്ത് നടന്ന സമ്മേളനം തീരുമാനിച്ചത്. ഇതിന്റെ മുന്നോടിയായിരുന്നു പിണറായി സമ്മേളനത്തിലവതരിപ്പിച്ച നയരേഖ.
സംഘടനാപരവും രാഷ്ട്രീയവുമായ നിര്‍ബന്ധിത പരിഷ്‌കരണത്തിന് വിധേയമാകാന്‍ ആഹ്വാനം ചെയ്യുന്ന രേഖ, എങ്ങനെ പ്രായോഗികതലത്തില്‍ കൊണ്ടുവരുമെന്നതില്‍ അന്നേ നേതൃനിരയിലെ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. കെ-റെയില്‍, സ്വകാര്യ സര്‍വകലാശാല, ആഗോള നിക്ഷേപക സംഗമം അടക്കമുള്ള നേരത്തേ വിവിധ കാരണങ്ങളാല്‍ തുറന്നെതിര്‍ത്തവയായിരുന്നു അവയിലെ പലതും എന്നതായിരുന്നു കാരണം. എന്നാല്‍, പിണറായി അവതരിപ്പിച്ച രേഖ സമ്മേളനം അംഗീകരിച്ചതോടെ സി.പി.എം നയരേഖയാവുന്നതും എല്‍.ഡി.എഫിന്റെ അനുമതിയോടെ അതിലെ നിര്‍ദേശങ്ങള്‍ക്ക് ഭരണതലത്തില്‍ തുടക്കംകുറിക്കുന്നതുമാണ് പിന്നീട് കണ്ടത്.
നേരത്തേ പരസ്യമായി എതിര്‍ത്തിരുന്ന സ്വകാര്യ സര്‍വകലാശാലക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയും 'ഇന്‍വെസ്റ്റ് കേരള' എന്ന പേരില്‍ കൊച്ചിയില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ച് 1.53 ലക്ഷം കോടിയുടെ വാഗ്ദാനം നേടുകയും ചെയ്തു. എതിര്‍പ്പുകളെ അവഗണിച്ച് മറ്റു പദ്ധതികളും മുന്നോട്ടുപോവുകയാണ്.
'ക്ഷേമ സര്‍ക്കാര്‍' എന്നതില്‍ ഒതുങ്ങാറുള്ള ഇടതുഭരണത്തെ 'വികസന സര്‍ക്കാര്‍' എന്നതിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുകയും അതുവഴി മധ്യവര്‍ഗത്തിന്റെകൂടി പിന്തുണ നേടുകയുമാണ് പാര്‍ട്ടി ലക്ഷ്യം. പൊതുവെ സി.പി.എം ഭരിക്കുമ്പോള്‍ കേള്‍ക്കാറുള്ള 'പാര്‍ട്ടി സെല്‍ഭരണം' എന്ന പല്ലവി ഇപ്പോഴില്ലെന്നത് ശുഭസൂചനയായാണ് കണക്കാക്കുന്നത്.
അടിസ്ഥാനവര്‍ഗത്തെ തൃപ്തിപ്പെടുത്തുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മധ്യവര്‍ഗത്തിന്റെ താല്‍പര്യവും സ്വപ്നങ്ങളുമായ പശ്ചാത്തല, അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പരിഗണന നല്‍കിയാണ് മൂന്നാം ഭരണത്തിലേക്കുള്ള ഉദാരപരിഷ്‌കരണത്തിന് തുടക്കമിട്ടത്. പുതിയ സര്‍ക്കാറിന്റെ നയമെന്ന നിലക്കാണ് 'നവകേരളത്തിനുള്ള പുതുവഴികള്‍' രേഖ സമ്മേളനത്തില്‍ പിണറായി ഇത്തവണ അവതരിപ്പിക്കുക. ഇക്കാര്യം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍തന്നെ പ്രഖ്യാപിച്ചതോടെ വരുന്ന തെരഞ്ഞെടുപ്പിലും ഇടതുമന്നണിയെ പിണറായി തന്നെ നയിക്കുമെന്നാണ് പാര്‍ട്ടി പറയാതെ പറഞ്ഞുവെക്കുന്നത്.