അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി; പഴയകാല കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം; പാര്‍ട്ടി സംവിധാനത്തെക്കുറിച്ച് ധാരണയില്ല; നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദന്‍

പ്രതിപക്ഷം ഉന്നയിക്കും വിധമുള്ള ആക്ഷേപങ്ങള്‍ ഉയര്‍ത്തി അന്‍വര്‍ അപമാനം തുടര്‍ന്നു

Update: 2024-09-27 09:58 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ഇടത് എംഎല്‍എ അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 'അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയിരിക്കുന്ന സ്ഥിതിയാണ് കാണാന്‍ സാധിച്ചത്. അന്‍വറിന്റെ നിലപാടിനെതിരായി പാര്‍ട്ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണം', ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും പ്രചാരണം നടത്തിവരികയാണ്. അതേറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് അന്‍വര്‍ ചെയ്തിട്ടുള്ളതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലെ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാദം തെറ്റാണ്. ഇത്രയും കാലം എംഎല്‍എയായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വര്‍ഗബഹുജന സംഘടനകളില്‍ ഇന്നേവരെ പ്രവര്‍ത്തിച്ചിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് ഇടതുപക്ഷത്തിന്റെ സഹയാത്രികനായി സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗമായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയവുമായി ബന്ധമുള്ള വേദികളിലൊന്നും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ നയങ്ങളെ കുറിച്ചോ സംഘടനാരീതികളെ കുറിച്ചോ വ്യക്തമായ ധാരണ അദ്ദേഹത്തിനില്ല.

അന്‍വര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരനൊപ്പം ഡിഐസി, പിന്നീട് കോണ്‍ഗ്രസില്‍ പോയില്ല. തുടര്‍ന്ന് പാര്‍ട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടല്ല അന്‍വര്‍ പ്രവര്‍ത്തിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ ഇതുവരെ അന്‍വറിന് കഴിഞ്ഞില്ല. വര്‍ഗ ബഹുജന സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് പാര്‍ട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അമര്‍ത്യാസെന്‍ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാര്‍ട്ടിയും, സര്‍ക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയില്‍ എല്ലായ്‌പ്പോഴും സര്‍ക്കാര്‍ ഇടപെടുന്നു. ഈ പശ്ചാത്തലത്തില്‍ വേണം അന്‍വറിന്റെ പരാതിയെ കാണാനെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അന്‍വര്‍ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിന് കൊടുത്ത പരാതിയുടെ പകര്‍പ്പ് പാര്‍ട്ടിക്കും നല്‍കി. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചു. സര്‍ക്കാരിന് നല്‍കിയ പരാതിയായതിനാല്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കാം എന്നായിരുന്നു പാര്‍ട്ടി നിലപാട്. ആദ്യ പരാതിയില്‍ ശശിക്കെതിരെ പരാമര്‍ശമില്ലായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഉള്‍പ്പെടുത്തി. താന്‍ നേരിട്ട് അന്‍വറിനെ വിളിച്ചു. 3ന് കാണാന്‍ തീരുമാനിച്ചു. അതിനിടെ അച്ചടക്കം ലംഘിച്ച് വാര്‍ത്താ സമ്മേളനം നടത്തി. വാര്‍ത്ത സമ്മേളനവും, ആക്ഷേപവും തുടര്‍ന്നു. ഇത്തരം നിലപാട് പാടില്ലെന് സന്ദേശം നല്‍കി പാര്‍ട്ടി വാര്‍ത്താക്കുറിപ്പ് ഇറക്കി. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി. അച്ചടക്കം പാലിക്കേണ്ടയാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മലപ്പുറത്തെ നേതാക്കളാക്കളടക്കം അന്‍വറിനോട് സംസാരിച്ചു. അന്‍വറിന്റെ പരാതി കേള്‍ക്കാതിരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. നല്ല പരിഗണന പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിച്ച് മുന്നോട്ട് പോകുകയെന്നതായിരുന്നു പാര്‍ട്ടി നയം. സര്‍ക്കാരും അതേ നയം സ്വീകരിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പാര്‍ട്ടി അംഗം പോലും അല്ലാതിരുന്ന അന്‍വറിന് നല്ല പരിഗണന നല്‍കി. എന്നാല്‍ പ്രതിപക്ഷം ഉന്നയിക്കും വിധമുള്ള ആക്ഷേപങ്ങള്‍ ഉയര്‍ത്തി അന്‍വര്‍ അപമാനം തുടര്‍ന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയെന്നും സംസ്ഥാനത്തെ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയില്ലെന്നും എംവിഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന പ്രചാരവേല പാര്‍ട്ടിക്കും, സര്‍ക്കാരിനുമെതിരെ നടക്കുന്നു. പിണറായി ഉപജാപക സംഘത്തില്‍ പെട്ടു. അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നീ ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചു. പലരും കമ്യൂണിസ്റ്റ് പാര്‍ട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാര്‍ട്ടി അധികാരത്തിലെത്തി. സ്വര്‍ണ്ണക്കടത്ത് ആക്ഷേപം ഉയര്‍ന്ന കഴിഞ്ഞ തവണയും പാര്‍ട്ടി അധികാരത്തിലെത്തി. ജനങ്ങള്‍ ആ പ്രചാരണ കോലാഹലങ്ങളെ അവഗണിച്ചു. അടുത്ത മുഖ്യമന്ത്രിയാരെന്ന ചര്‍ച്ച പോലും പ്രതിപക്ഷ ക്യാമ്പിലുണ്ടായി. വയനാട് ദുരന്തത്തെപ്പോലും സര്‍ക്കാരിനെതിരെ വിഷയമാക്കി.

റിയാസിനെ പ്രകീര്‍ത്തിച്ച് അന്‍വര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്കെതിരെയും ആക്ഷേപം ഉയര്‍ത്തി. മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇഎംഎസ് മുതല്‍ വിഎസ് വരെയുള്ള മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം വന്നു. ചങ്ങലക്കിടയിലാണെന്നാണ് തനിക്കെതിരെ ആക്ഷേപം ഉയര്‍ന്നത്. ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അത്ഭുതം. ഒറ്റക്കല്ല, കൂട്ടായാണ് പാര്‍ട്ടിയെ നയിക്കുന്നത്. ചില്ലിക്കമ്പാണെങ്കില്‍ ചവിട്ടി അമര്‍ത്താം. ഒരു കെട്ടാണെങ്കില്‍ എളുപ്പമാവില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ അന്‍വറല്ല, ആര് ശ്രമിച്ചാലും നടക്കില്ല. ഫോണ്‍ ചോര്‍ത്തല്‍ ഗൗരവമുള്ള വിഷയമാണ്. അതേ കുറിച്ച് നല്ല രീതിയില്‍ അന്വേഷണം നടക്കുമെന്നും എംവിഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News