സിപിഐ ഉത്തരം താങ്ങുന്ന പല്ലി, ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തില്‍ പോലും ജയിക്കില്ല; എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാര്‍ട്ടി; ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നു; കടന്നാക്രമണവുമായി സിപിഎം നേതാവ് എസ് അജയകുമാര്‍

സിപിഐ ഉത്തരം താങ്ങുന്ന പല്ലി,

Update: 2026-01-06 06:33 GMT

പാലക്കാട്: സിപിഐക്കും ബിനോയ് വിശ്വത്തിനുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു സിപിഎം നേതാവ് എസ് അജയകുമാര്‍. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്. ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്കുള്ളതെന്നും അജയകുമാര്‍ പറഞ്ഞു. ദീര്‍ഘനാളായി സിപിഎം - സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന ഒറ്റപ്പാലത്തെ മണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു പരാമര്‍ശം.

'ഒരു നാലാകിട രാഷ്ട്രീയ നേതാവിനെ പോലെയാണ് ബിനോയ് വിശ്വം പെരുമാറിക്കൊണ്ടിരിക്കുന്നത്. ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന ഒരു പ്രത്യേക തരം സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമായി സിപിഐ മാറി. ഉത്തരം താങ്ങുന്നത് പല്ലിയാണെന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്ക് ഉള്ളത്. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമാണ് കേരളത്തില്‍ സിപിഐക്ക് ഉള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്നാല്‍ ജയിക്കാന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല സിപിഐ. ഒരസംബ്ലി മണ്ഡലത്തില്‍ പോയിട്ട് ഒരു പഞ്ചായത്തില്‍ വേണ്ടേ. ഞങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞല്ലേ മണ്ണൂര്‍ പഞ്ചായത്തില്‍ മത്സരിച്ചത്. എന്നിട്ട് എന്തായി?. അധികാരം, ധാര്‍ഷ്ട്യം. അതിരുകടന്ന അവകാശവാദം മണ്ണൂര്‍ പഞ്ചായത്തില്‍ സിപിഐയുടെ അന്ത്യം കുറിക്കുന്ന ജനവിധിയായി' - എസ് അജയകുമാര്‍ പറഞ്ഞു.

എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ നാലാളുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമര്‍ശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകള്‍ പത്തരമാറ്റ് തങ്കം ആണോ എന്നും എസ് അജയകുമാര്‍ ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ നേരത്തെ വിലയിരുത്തിയിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു വിലയിരുത്തല്‍. ഇടതുമുന്നണിയെ നെ സ്നേഹിച്ച വിവിധ വിഭാഗങ്ങളില്‍ ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്നു. ഇതാണ് ഫലത്തില്‍ തെളിയുന്നത്. വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങള്‍ വോട്ട് ചെയ്തില്ല. മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം, ന്യൂനപക്ഷ ഏകീകരണം, ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകള്‍ എന്നിവ പരാജയ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് എല്‍ഡിഎഫ് യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ചയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍, സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന എക്സിക്യൂട്ടീവ് എന്നീ ഘടകങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രിക്ക് മേല്‍ സിപിഐഎമ്മിന് നിയന്ത്രണമില്ല എന്ന അതിരൂക്ഷ വിമര്‍ശനമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിക്ക് മേല്‍ സിപിഐഎമ്മിന് നിയന്ത്രണം ഉണ്ടെങ്കില്‍ വെള്ളാപ്പള്ളി വിഷയത്തില്‍ തിരുത്തിയെനെ എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ അതിര് വിട്ട് മുഖ്യമന്ത്രി ന്യായീകരിച്ചത് തെറ്റാണെന്ന വിമര്‍ശനവും കൗണ്‍സിലില്‍ ഉയര്‍ന്നിരുന്നു.

Tags:    

Similar News