നവീന്‍ ബാബുവിന് ഒപ്പം തന്നെ! ദിവ്യയെ കാണാന്‍ വിലക്കില്ലെന്ന് ഗോവിന്ദന്‍ മാഷ് പ്രഖ്യാപിച്ചതോടെ ആദ്യം വനിതാ ജയിലില്‍ കാണാന്‍ എത്തിയത് ഭാര്യ; പി കെ ശ്യാമള അടക്കം നേതാക്കളുടെ പ്രവാഹം; കൈവിടില്ലെന്ന സന്ദേശവുമായി പി വി ഗോപിനാഥും, ബിനോയ് കുര്യനും; ദിവ്യക്ക് സന്തോഷ വാര്‍ത്തയ്‌ക്കൊപ്പം ദു:ഖ വാര്‍ത്തയും
ദിവ്യയെ കാണാന്‍ നേതാക്കളുടെ പ്രവാഹം
കണ്ണൂര്‍: പി പി ദിവ്യക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ വനിതാ ജയിലിലേക്ക് സിപിഎം നേതാക്കളുടെ പ്രവാഹം. ദിവ്യയെ കാണുന്നതിന് വിലക്കില്ലെന്ന് സിപഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതോടെയാണ് നേതാക്കള്‍ വനിതാ ജയിലിലെത്തിയത്. എ ഡി എമ്മിന്റെ കുടുംബത്തിന് ഒപ്പമാണെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് 'ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകും. അവര്‍ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണ്' എന്ന് ഗോവിന്ദന്‍ മാഷ് നിലപാട് വ്യക്തമാക്കിയത്.
ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഭാര്യ പി കെ ശ്യാമള അടക്കം വനിതാ നേതാക്കള്‍ ജയിലിലേക്ക് എത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പികെ ശ്യാമള, സരള, എന്‍ സുകന്യ എന്നിവരാണ് ദിവ്യയെ കാണാനെത്തിയത്. പി കെ ശ്രീമതി നേരത്തെ ദിവ്യയ്ക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
ദിവ്യയെ പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയതായും കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച വിവരവും അറിയിക്കുന്നതിനാണ് സി.പി.എം നേതാക്കള്‍ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ എത്തിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവരെത്തിയത്.
ജാമ്യം കിട്ടിയെന്ന സന്തോഷ വാര്‍ത്തയോടൊപ്പം പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന ദുഃഖവാര്‍ത്തയും ഒരേ സമയം തന്നെയാണ് ദിവ്യയെ തേടിയെത്തിയത്. എന്നാല്‍, ഗോവിന്ദന്റെ വാക്കുകള്‍ ദിവ്യയ്ക്ക് ആശ്വാസം പകരുന്നതാണ്. 'കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്. ദിവ്യ സിപിഎം കേഡറാണ്. ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാര്‍ട്ടി നിലപാടല്ലെന്നും' എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി
ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകും. അവര്‍ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗമാണ് പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചത്. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നു.
ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ ആശ്വാസമുണ്ടെന്ന് ബിനോയ് കുര്യന്‍ പ്രതികരിച്ചു. അവര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ട്. പോരായ്മ ഉണ്ടായിട്ടുണ്ട്. എന്നുകരുതി അവരെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും ബിനോയ് കുര്യന്‍ പറഞ്ഞു. അതേസമയം, ജാമ്യം ലഭിച്ച ദിവ്യ ഇന്ന് ജയില്‍ മോചിതയാവും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവ്യയെ പുറത്താക്കിയതായി പാര്‍ട്ടി അറിയിപ്പ്
പി.പി.ദിവ്യയെ പുറത്താക്കിയതായി സി.പി.എം അറിയിപ്പ്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതിന് തെരഞ്ഞെടുക്കപ്പെട്ട എല്ലാം സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയെന്നാണ് ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പേരില്‍ വന്ന വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പി.പി ദിവ്യയെ സംഘടനാ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ വിഷമാക്കുന്നതിനെ തുടര്‍ന്നാണ് ധൃതി പിടിച്ചു സംഘടനാ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ദിവ്യയുടെ ഭാഗം കേള്‍ക്കാതെ പുറത്താക്കുന്നതിനെതിരെ നാലുപേര്‍ എതിര്‍ത്തുവെങ്കിലും തീരുമാനം പൂര്‍ണമായി അംഗീകരിക്കുകയായിരുന്നു.