മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നാല്‍ വലിയ നാണക്കേട്; എങ്ങനെയും സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; മറ്റുപരിപാടികള്‍ റദ്ദാക്കി എം വി ഗോവിന്ദന്‍ തലസ്ഥാനത്ത് തിരിച്ചത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
എങ്ങനെയും സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിലെ തര്‍ക്കത്തില്‍ സി.പി.ഐയുടെ നിലപാട് കടുപ്പിച്ചതോടെ എല്‍ഡിഎഫില്‍ ഉടലെടുത്ത കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ടിറങ്ങുന്നു. കണ്ണൂരിലെ തന്റെ മണ്ഡലമായ തളിപ്പറമ്പിലെ നിരവധി പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം അടിയന്തരമായി തലസ്ഥാനത്തേക്ക് തിരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ യാത്ര.
ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐയെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.വി. ഗോവിന്ദന്റെ നീക്കം. സി.പി.ഐയുമായി ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭാ യോഗം വൈകിട്ടേക്ക് മാറ്റിവെച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ വിട്ടുനിന്നാല്‍ അത് വലിയ നാണക്കേടാകുമെന്നും, ഏത് വിലകൊടുത്തും അത്തരമൊരു സാഹചര്യം ഒഴിവാക്കാനുമാണ് സി.പി.എം ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പി.എം. ശ്രീ പദ്ധതിയില്‍ സി.പി.ഐയുടെ പ്രതിഷേധം നിലനിര്‍ത്തിക്കൊണ്ടുതന്നെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് ചര്‍ച്ചകള്‍ തുടരാമെന്ന് സി.പി.എം നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് സി.പി.ഐ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന സി.പി.ഐ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എം.എ. ബേബി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും ആലപ്പുഴയില്‍ നടത്തിയ ചര്‍ച്ചയും ഫലപ്രദമാകാതെയാണ് പിരിഞ്ഞത്. വിവാദമായ പി.എം. ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവെച്ച ധാരണാപത്രം റദ്ദാക്കണമെന്നാണ് സി.പി.ഐയുടെ പ്രധാന ആവശ്യം. ഇല്ലെങ്കില്‍ ഇടതുമുന്നണിക്കും സി.പി.എമ്മിനും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമെടുക്കുമെന്നും സി.പി.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച തളിപ്പറമ്പ് മണ്ഡലത്തില്‍ എം.വി. ഗോവിന്ദന് രാവിലെയും വൈകീട്ടും ഉള്‍പ്പെടെ നാല് ഉദ്ഘാടന ചടങ്ങുകളും, വ്യാഴാഴ്ച അഞ്ച് പരിപാടികളുമായി തിരക്കിട്ട ഷെഡ്യൂളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹം ഈ പരിപാടികള്‍ റദ്ദാക്കുകയായിരുന്നു.
