'നയമാണ് പ്രശ്നം, ഒരു ആള്‍ അല്ല; നിലപാടാണ് പ്രശ്നം; ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം'; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് എം.വി. ഗോവിന്ദന്‍

സന്ദീപ് വാര്യരെ സ്വാഗതം ചെയ്യുന്നെന്ന് എം.വി. ഗോവിന്ദന്‍

Update: 2024-11-04 09:53 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎമ്മിനെ വിമര്‍ശിച്ച നിരവധി പേര്‍ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും തങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബിജെപി നേതാവ് സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങള്‍ ആരെയാണ് സ്വാഗതം ചെയ്യാതിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. നയമാണ് പ്രശ്നം. ഒരു ആള്‍ അല്ല. നിലപാടാണ് പ്രശ്നം, എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട്ടെ ഇടതുപക്ഷത്തിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിക്ക് അനുകൂലമായ ഘടകങ്ങള്‍ രൂപപ്പെടുന്നുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ബി.ജെ.പിക്ക് അകത്തുള്ള അതൃപ്തി ഓരോന്നായി പുറത്തുവരുന്നുണ്ട്. കൊടകര കുഴല്‍പ്പണക്കേസിലും ബി.ജെ.പിക്ക് അകത്തുള്ള വൈരുധ്യങ്ങളും പ്രശ്നങ്ങളുമാണ് കൃത്യമായി പുറത്തുവരുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ നിലപാട് തിരുത്തി മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതില്‍ തെറ്റില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിട്ടു വരുന്നവരെ സ്വീകരിക്കാന്‍ സി പിഎമ്മിന് മടിയില്ല. തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചയല്ലെന്നും എംബി രാജേഷ് പറഞ്ഞു.

Tags:    

Similar News