പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണം; ധാരണാപത്രം മരവിപ്പിക്കണം; എന്‍.ഇ.പി 2020 രാജ്യത്തിന് അപകടകരം; തമിഴ്‌നാടിനെപ്പോലെ സുപ്രീം കോടതിയെ സമീപിക്കണമെന്നും ഡി രാജ
പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണം
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിന്റെ പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്മാറണമെന്നും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം മരവിപ്പിക്കണമെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ദേശീയ വിദ്യാഭ്യാസ നയമായ എന്‍.ഇ.പി 2020 രാജ്യത്തിന് അപകടകരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവ് കമ്മറ്റിയും വിലയിരുത്തിയ സാഹചര്യത്തിലാണ് ഈ ആവശ്യം.
വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണത്തിനും വര്‍ഗീയവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും എന്‍.ഇ.പി 2020 വഴിതെളിയിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടതായി ഡി. രാജ വ്യക്തമാക്കി. ഈ നയത്തെ അടിസ്ഥാനമാക്കിയുള്ള പി.എം.ശ്രീ പദ്ധതിയുമായി സഹകരിക്കാനാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ ഫണ്ട് തടഞ്ഞതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് പോലെ കേരളവും നിയമപരമായ നടപടികളുമായി മുന്നോട്ട് പോകണമെന്നും, എന്തുക്കൊണ്ട് അങ്ങനെയൊരു വഴിയല്ല സ്വീകരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നൂറ് വര്‍ഷത്തെ മഹത്തായ ചരിത്രമുള്ള, പക്വതയും വിവേകവുമുള്ള പാര്‍ട്ടിയാണ് സി.പി.ഐ. രാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. പി.എം.ശ്രീ വിഷയത്തില്‍ പരിഹാരം കണ്ടെത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,' ഡി. രാജ പറഞ്ഞു. എന്‍.ഇ.പി 2020 എന്നത് ബി.ജെ.പി-ആര്‍.എസ്.എസ് സര്‍ക്കാര്‍ പിന്തുടരുന്ന പ്രതിലോമകരമായ നയമാണെന്നും, ഇത് ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാനും, വിദ്യാഭ്യാസത്തെ സ്വകാര്യവല്‍ക്കരിക്കാനും, അധികാരം കേന്ദ്രീകരിക്കാനും, സിലബസ് വര്‍ഗീയവല്‍ക്കരിക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം വിശദീകരിച്ചു.
മതേതര ജനാധിപത്യ റിപ്പബ്ലിക് ആയ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം മതേതര ജനാധിപത്യപരമായിരിക്കണം. ശാസ്ത്രീയ മനോഭാവത്തെയും വസ്തുനിഷ്ഠമായ ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും ഡി. രാജ ആവശ്യപ്പെട്ടു. ഇതിനിടെ, പി.എം.ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സി.പി.ഐ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടക്കുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ വിട്ടുനില്‍ക്കും.
