ജില്ലാ സമ്മേളനത്തിലേക്ക് കടക്കും മുന്‍പ് തലസ്ഥാന ജില്ലയിലും വിഭാഗീയത; മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുന്‍ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കി; അച്ഛനൊപ്പം മകനും ബിജെപിയിലേക്ക്
മിഥുന്‍ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിലേക്ക് കടക്കും മുന്‍പ് തലസ്ഥാന ജില്ലയിലും കലങ്ങിമറിയുകയാണ് വിഭാഗീയത. മംഗലപുരം ഏരിയ സമ്മേളനങ്ങള്‍ക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്.
സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുന്‍ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കി. മധുവിനൊപ്പം മിഥുനും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ് നടപടി.
മധുവിനെ സിപിഎം ഇന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളില്‍ മധുവിനെതിരെ ജില്ലാ സെക്രട്ടറി നിയമനടപടി സ്വീകരിക്കും. മധു കോണ്‍ഗ്രസ്സിലേക്കോ ബിജെപിയിലേക്കോ എന്നായിരുന്നു ആകാംഷ. ഒടുവില്‍ ബിജെപിയില്‍ ചേരാന്‍ ധാരണയായി. വി മുരളീധരന്‍, സുരേഷ് ഗോപി അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി മധുവുമായി ചര്‍ച്ച നടത്തി.
എന്നാല്‍ മധു പോയാലും മകന്‍ പോലും കൂടെയുണ്ടാകില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്. എന്നാല്‍ മകനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ശ്യാമും മകള്‍ മാതുവും ഒപ്പമുണ്ടാകുമെന്ന് മധു തിരിച്ചടിച്ചു. പിന്നാലെ പാര്‍ട്ടിയെ വെല്ലുവിളിച്ച മധുവിനെ സിപിഎം പുറത്താക്കി. ബിജെപിയുമായി മധു ചില നീക്കുപോക്കുകള്‍ നേരത്തെ ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സംഘടനയുടെ പൊതു രീതിയല്ല മധുവിന് ഉണ്ടായിരുന്നതെന്ന് മനസിലാക്കാന്‍ വൈകിയെന്നെ വിചിത്രവാദം കൂടി ഉന്നയിച്ചാണ് നടപടി.
സംഘടനാവാഴ്ചകള്‍ സംബന്ധിച്ചും സാമ്പത്തിക തിരിമറികളെ കുറിച്ചും തലസ്ഥാന ജില്ലയിലെ പലമേഖലകളില്‍ നിന്നും പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതികളെത്തുന്നുണ്ട്. സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളില്‍ തുടങ്ങി പാര്‍ട്ടി ഫണ്ട് വിനിയോഗത്തിലെ വീഴ്ചകളില്‍ വരെയുള്ള പരാതികളില്‍ സമയത്ത് ഇടപെടുന്നില്ലെന്ന പൊതുവിമര്‍ശനം മംഗലപുരത്തെ പൊട്ടിത്തെറിക്ക് പിന്നാലെ സജീവമായി ഉയരുന്നുണ്ട്. ഇനിയും പൂര്‍ത്തിയാക്കാനുള്ള ഏരിയ സമ്മേളനങ്ങളിലും ജില്ലാ സമ്മേളനത്തിലുമെല്ലാം ഇത്തരം ചര്‍ച്ചകള്‍ക്ക് ചൂടേറും.
അതേ സമയം സി.പി.എം വിട്ട മധു മുല്ലശ്ശേരി ബുധനാഴ്ച രാവിലെ 10.30ന് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നും അംഗത്വം സ്വീകരിക്കും. ഡി.വൈ.എഫ്.ഐ നേതാവായിരുന്ന മകന്‍ മിഥുനും ബി.ജെ.പി അംഗത്വം സ്വീകരിക്കും. സി.പി.എം കായംകുളം ഏരിയ കമ്മിറ്റി അംഗം ബിപിന്‍ സി.ബാബു ബി.െജ.പിയിലെത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി ഏരിയ സെക്രട്ടറി തന്നെ പാര്‍ട്ടിവിട്ടുപോകുന്നത്.
കഴിഞ്ഞ ദിവസം സി.പി.എം ഏരിയ സമ്മേളനത്തിനിടെ ഇറങ്ങിപ്പോന്ന മധു ബി.ജെ.പിയില്‍ ചേരുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും വി. മുരളീധരനും വി.വി. രാജേഷും ഇന്ന് രാവിലെ മധുവിന്റെ വീട്ടിലെത്തിയിരുന്നു. ഇവരെ ഇളനീര്‍ നല്‍കിയാണ് മധു സ്വീകരിച്ചത്.
അതിനിടെ, മധു കുറച്ച് കാലമായി ബി.ജെ.പിയുമായി നല്ല അടുപ്പത്തിലായിരുന്നുവെന്ന് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയി ആരോപിച്ചു. ഏരിയ സെക്രട്ടറിയായിരിക്കെ തന്നെ മധു ബി.ജെ.പിയില്‍ കാലെടുത്തുവെച്ചിരുന്നുവെന്നും ഇതേക്കുറിച്ച് പാര്‍ട്ടിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും ജോയി പറഞ്ഞു.
ഏരിയ സെക്രട്ടറിയായിരിക്കെ തന്നെ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. അത് ശരിയാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. പൊതുമധ്യത്തില്‍ പാര്‍ട്ടിയെ അവഹേളിച്ചതിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും മധുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു.
തനിക്കെതിരെ വ്യക്തിപരമായി ആരോപണങ്ങള്‍ ഉന്നയിച്ചതിന് മധുവിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ അനുമതി തേടിയതായും ജോയി പറഞ്ഞു. 42 വര്‍ഷം സി.പി.എം പ്രവര്‍ത്തകനും നേതാവുമായിരുന്ന മധു മുല്ലശ്ശേരി ബി.ജെ.പിയില്‍ ചേരുമെന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ട്ടി പുറത്താക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഏരിയാ സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മധു മത്സരിച്ചിരുന്നു. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി. ജോയി ഇയാള്‍ക്കെതിരെ രംഗത്തുവന്നതോടെ മധു പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയും സി.പി.എം വിടുകയാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
എട്ടുവര്‍ഷം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ആറ് വര്‍ഷം ഏരിയ സെക്രട്ടറിയുമായിരുന്നു മധു. ഏരിയ സമ്മേളനത്തില്‍ തനിക്കെതിരെ വിമര്‍ശനം പോലും ഉയര്‍ന്നിരുന്നില്ലെന്നും പാര്‍ട്ടി നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അച്ചടക്കത്തോടെ കൃത്യമായി നടത്തിയിട്ടുണ്ടെന്നും മധു പറഞ്ഞു.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മംഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമീപിക്കാന്‍ സാധിക്കാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന ആരോപണമാണ് മധുവിനെതിരെ ഉയര്‍ന്നത്. എന്നാല്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി. ജോയി നടത്തിവരുന്നതെന്നാണ് മധുവിന്റെ ആരോപണം. പുതിയ ഏരിയാ കമ്മിറ്റി ചേര്‍ന്നപ്പോള്‍ മധുവിനു പകരം എം ജലീലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.