'നരകത്തീയില്‍ വെന്തുമരിക്കണമെന്ന് മാണിസാറിനെ ശപിച്ച സിപിഎം അദ്ദേഹത്തിന്റെ സ്മാരകത്തിന് സ്ഥലം അനുവദിച്ചതില്‍ സന്തോഷം; 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ എങ്ങനെ വന്നു; സ്ഥലം കിട്ടാന്‍ ഞങ്ങള്‍ കൂടി ഒരു നിമിത്തമായതില്‍ അഭിമാനം'; സിപിഎമ്മിനെ പരിഹസിച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം: കെ.എം. മാണിക്ക് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതംചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ എടുത്ത നല്ല തിരുമാനമാണിതെന്നും വരാനിരിക്കുന്ന തലമുറ കെ.എം മാണിസാര്‍ ആരായിരുന്നു എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് ഒരു സ്മാരകം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് ഇവര്‍ തന്നെ ചെയ്യണം. കാരണം, അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ച ആളുകളാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. നരക തീയില്‍ വെന്ത് മരിക്കണമെന്ന് മാണി സാറ് ജീവിച്ചിരിക്കുമ്പോള്‍ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കന്മാര്‍. അതേ മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാന്‍ അതേ ആളുകള്‍ സ്ഥലം അനുവദിച്ചതിനുള്ള സന്തോഷം പങ്കുവയ്ക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
ആ സ്ഥലം കിട്ടാന്‍ യുഡിഎഫും നിമിത്തമായതില്‍ വലിയ സന്തോഷമുണ്ടെന്ന് പരിഹാസരൂപേണ സതീശന്‍ പറഞ്ഞു. അല്ലെങ്കില്‍ 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ എങ്ങനെ വന്നു. ഇക്കാര്യം ഇടതുപക്ഷംതന്നെ ചെയ്യണം. കാരണം അദ്ദേഹത്തെ അങ്ങനെയെല്ലാം അപമാനിക്കാന്‍ ശ്രമിച്ച ആളുകളാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. നരകത്തീയില്‍ വെന്തുമരിക്കണമെന്ന് മാണിസാര്‍ ജീവിച്ചിരിക്കുമ്പോള്‍ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കള്‍. അങ്ങനെ നരകത്തീയില്‍ വെന്തുമരിക്കണമെന്ന ശാപവാക്കുകള്‍ ചൊരിഞ്ഞ കെ.എം. മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാന്‍ അതേ ആളുകള്‍ത്തന്നെ സ്ഥലം അനുവദിച്ചതിലെ സന്തോഷം പങ്കുവെയ്ക്കുന്നെന്നും സതീശന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസിലെ അതിജീവതയ്ക്കെതിരായ അധിക്ഷേപവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. അതിജീവിതയെ അധിക്ഷേപിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് താക്കീത് നല്‍കും. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയുമായുള്ള ചാറ്റ് പുറത്തുവിട്ട ഫെനി നൈനാന്റെ നടപടി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.
ഷാനിമോള്‍ ഉസ്മാന്‍ സിപിഐഎമ്മിലേക്ക് എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഷാനിമോള്‍ സിപിഎമ്മില്‍ ജോയിന്‍ ചെയ്യുമെന്ന് പറഞ്ഞ് വാര്‍ത്ത കൊടുത്തു. ഷാനിമോളുടെ പിതാവ് മരിച്ചിട്ട് ഒരാഴ്ച പോലും ആയിട്ടില്ല. ആ സാഹചര്യത്തില്‍ വീട്ടിലിരിക്കുന്ന അവരെ അപമാനിക്കുന്ന രീതിയില് സെന്റ്‌റില്‍ ഇരുന്ന് ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തു. ഐഷ പോറ്റി പോയതിന്റെ കടം തീര്‍ക്കുന്നത് പിതാവ് മരിച്ചു വീട്ടില്‍ ഇരിക്കുന്ന ദുഃഖിതയായി ഇരിക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍ ചേരും എന്ന് പറഞ്ഞ് കള്ളപ്രചരണം നടത്തിയിട്ടാണ് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല വ്യക്തികളും വിവിധ സോഷ്യല്‍ ഗ്രൂപ്പുകളുമടക്കം യുഡിഎഫിലേക്ക് തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള കക്ഷികള്‍ യുഡിഎഫില്‍ ജോയിന്‍ ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. എന്‍ഡിഎയിലെ രണ്ട് കക്ഷികള്‍ ജോയിന്‍ ചെയ്തില്ലേ. എല്‍ഡിഎഫിലുള്ള വ്യക്തികള്‍ വന്നു കൊണ്ടിരിക്കുന്നില്ലേ. വ്യക്തികള്‍, ഗ്രൂപ്പുകള്‍, സോഷ്യല്‍ ഗ്രൂപ്പുകള്‍, ഇന്‍ഫ്ളുവന്‍സേഴ്സ്, എന്‍ഡിഎയിലും, എല്‍ഡിഎഫിലുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുഡിഎഫിന്റെ ഭാഗമാകും. തിരഞ്ഞെടുപ്പിന് മുന്‍പായി ഞങ്ങള്‍ വിപുലീകരിക്കും അദ്ദേഹം പറഞ്ഞു.
തന്നെക്കുറിച്ച് ഒരു 10 കാര്‍ഡുകള്‍ എല്ലാ ദിവസവും ഇടുന്നുണ്ട്. ലോകംകണ്ട ഏറ്റവുംവലിയ കൊള്ളക്കാരനാണ് താനെന്നാണ് പ്രചരണം. അതിലൊന്നും ഒരു വിരോധവുമില്ല. അതുവഴി നല്ല പബ്ലിസിറ്റിയാണ് അവര്‍ തനിക്കു നല്‍കുന്നത്. അവിടെയിരുന്ന് സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നയാളെ നമ്മള്‍ക്കറിയാമെന്ന് പറഞ്ഞു. അപ്പോഴതാ ഉടന്‍ തന്നെ ഒരാള്‍ രംഗപ്രവേശം ചെയ്തു. കോഴി കട്ടവന്‍ തലയില്‍ പപ്പുണ്ടോ എന്ന് തപ്പി നോക്കുന്ന പോലെ. അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞുകൊണ്ടെന്നും സതീശന്‍ പരിഹസിച്ചു.
