സി.പി.ഐയുടെ പക്കലുള്ള സീറ്റ് വിട്ടുനല്‍കുകയോ അല്ലെങ്കില്‍ അവരുടെ ചിഹ്നത്തില്‍ത്തന്നെ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കുകയോ ചെയ്യണം; സതീശനെ തളയ്ക്കാന്‍ മുഖ്യമന്ത്രിയുടെ 'മാസ്റ്റര്‍ പ്ലാന്‍'; പറവൂരില്‍ വരുന്നത് 'ജനകീയ' സ്വതന്ത്രനോ? തോല്‍പ്പിക്കാന്‍ പിണറായി നേരിട്ടിറങ്ങും
കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വന്തം തട്ടകമായ പറവൂരില്‍ അപ്രസക്തനാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് തന്ത്രങ്ങള്‍ മെനയുന്നു. സതീശനെ നിയമസഭയ്ക്ക് പുറത്തെത്തിക്കുക എന്ന ഏക ലക്ഷ്യത്തോടെ പറവൂരില്‍ ഒരു 'പൊതുസ്വതന്ത്രനെ' ഇറക്കി പരീക്ഷണം നടത്താനാണ് സി.പി.എം നീക്കം. ഇതിനായി സി.പി.ഐയുടെ പക്കലുള്ള സീറ്റ് വിട്ടുനല്‍കുകയോ അല്ലെങ്കില്‍ അവരുടെ ചിഹ്നത്തില്‍ത്തന്നെ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കുകയോ ചെയ്യണമെന്ന കടുത്ത നിലപാടിലാണ് സി.പി.എം നേതൃത്വം.
പറവൂര്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാല്‍, പന്ന്യന്‍ രവീന്ദ്രനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചിട്ടും വി.ഡി. സതീശനെ കുലുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്രമാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. വി.എസ്. സുനില്‍ കുമാറിന്റെ പേര് സി.പി.ഐ ഉയര്‍ത്തുന്നുണ്ടെങ്കിലും, സതീശനെ വീഴ്ത്താന്‍ അതിലും വലിയ തന്ത്രങ്ങള്‍ വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
രാഷ്ട്രീയത്തിന് അതീതമായ സ്വാധീനമുള്ള, പറവൂരുകാരനായ ഒരു വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കുക. ഇതിലൂടെ യു.ഡി.എഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാം. നിലവില്‍ പറവൂര്‍ സി.പി.ഐയിലുള്ള ഗ്രൂപ്പ് പോര് സതീശന് ഗുണകരമാകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയേക്കും. പ്രതിപക്ഷ നേതാവ് മണ്ഡലത്തില്‍ നടത്തുന്ന ഇടപെടലുകളെ സര്‍ക്കാര്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുക.
മണ്ഡലത്തിലെ നിര്‍ണ്ണായകമായ സമുദായ വോട്ടുകള്‍ സമാഹരിക്കാന്‍ പ്രാദേശിക സ്വാധീനമുള്ള വ്യക്തികളെ രംഗത്തിറക്കുക. 'സതീശനെതിരെ ഇത്തവണ അയഞ്ഞ പോരാട്ടം പാടില്ല. അത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമാണ്. ഇടതുമുന്നണി ഒറ്റക്കെട്ടായി നില്‍ക്കുന്നതിനൊപ്പം ജനകീയനായ ഒരു സ്വതന്ത്രന്‍ വന്നാല്‍ പറവൂരില്‍ അട്ടിമറി സാധ്യമാണ്.' - ഒരു മുതിര്‍ന്ന സി.പി.എം നേതാവ് സൂചിപ്പിച്ചു.
തുടര്‍ച്ചയായ വിജയങ്ങളിലൂടെ പറവൂര്‍ തന്റെ വിശ്വസ്ത കേന്ദ്രമാക്കി മാറ്റിയ വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ വെല്ലുവിളിയാണ്. എന്നാല്‍, സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള സീറ്റ് തര്‍ക്കം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവ്. സതീശനെ ഏതുവിധേനയും പരാജയപ്പെടുത്തുക എന്നത് സി.പി.എമ്മിന്റെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.
