ശബരിമല യുവതീപ്രവേശനത്തിന് ഇന്നെന്ത് പ്രസക്തി കാലഘട്ടത്തിന്റെആവശ്യമനുസരിച്ചാണ് പാര്‍ട്ടി തീരുമാനങ്ങള്‍ സ്വീകരിക്കുക; ഞങ്ങളെന്നും നല്ല കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ; അതിനുള്ള അംഗീകാരമാണ് എന്‍എസ്എസ് പിന്തുണയെന്ന് ഇ പി ജയരാജന്‍
ശബരിമല യുവതീപ്രവേശനത്തിന് ഇന്നെന്ത് പ്രസക്തി കാലഘട്ടത്തിന്റെആവശ്യമനുസരിച്ചാണ് പാര്‍ട്ടി തീരുമാനങ്ങള്‍ സ്വീകരിക്കുക
കണ്ണൂര്‍: ശബരിമല യുവതീപ്രവേശന വിഷയത്തിന് ഇന്ന് പ്രസക്തിയില്ലെന്നും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചാണ് പാര്‍ട്ടി തീരുമാനങ്ങള്‍ സ്വീകരിക്കുകയെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. പൊതുതാല്‍പര്യം പരിഗണിച്ചാണ് പാര്‍ട്ടി തീരുമാനങ്ങളെടുക്കുന്നത്. അതിനുള്ള അംഗീകാരമാണ് ഓരോ വിഭാഗവും നല്‍കുന്ന പിന്തുണ. ശബരിമലയിലെ വളര്‍ച്ചയിലൂടെ കേരളത്തിനാകെ നേട്ടമുണ്ടാകുകയല്ലേയെന്നും ഇ.പി ചോദിക്കുന്നു. ഇടതുപക്ഷത്തോട് ചായ്‌വ് കാണിച്ചുകൊണ്ട് എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ഇ.പിയുടെ രംഗത്തുവന്നത്.
''ഞങ്ങളെ കുറിച്ച് നല്ല വാക്ക് പറഞ്ഞവരോടെല്ലാം നന്ദിയുണ്ട്. ഞങ്ങളെന്നും നല്ല കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ. പൊതുതാല്‍പര്യം പരിഗണിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു കാര്യത്തിലും എടുത്തുചാടി തീരുമാനം എടുക്കാറില്ല. അതിനുള്ള അംഗീകാരമാണ് ഓരോ വിഭാഗവും നല്‍കുന്ന പിന്തുണ. എന്‍.എസ്.എസിന്റെയും എന്‍.എന്‍.ഡി.പിയുടെയും മറ്റു സംഘടനകളുടെയും സമീപനവും ഇതിന്റെ ഭാഗമാണ്. ഓരോ കാലഘട്ടത്തിന്റെയും ആവശ്യമനുസരിച്ചാണ് തീരുമാനങ്ങള്‍ സ്വീകരിക്കുക. യുവതീപ്രവേശന വിഷയത്തിന് ഇന്ന് എന്ത് പ്രസക്തിയാണുള്ളത് അതൊക്കെ കഴിഞ്ഞിട്ട് കാലമെത്രയായി
പ്രതിപക്ഷം പഴയ സംഭവങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പുതിയ പ്രവര്‍ത്തനങ്ങളെ നിസ്സാരവല്‍ക്കരിക്കുകയും നിരാകരിക്കുകയുമായാണ്. ഇത് ഗുണകരമായ വശമല്ല. ലോകത്തിലെ ആരാധനാകേന്ദ്രങ്ങളിലും പുണ്യസ്ഥലങ്ങളിലും ആളുകള്‍ എത്തുന്നതിലൂടെ ആ നാട് വളരുകയല്ലേ. ശബരിമലയിലെ വളര്‍ച്ചയിലൂടെ കേരളത്തിനാകെ നേട്ടമുണ്ടാകുകയല്ലേ. അതിനെ എന്തിനാണ് തടസപ്പെടുത്തുന്നത് മക്കയിലും വേളാങ്കണ്ണിയിലുമെല്ലാം ലക്ഷക്കണക്കിന് ആളുകള്‍ പോകുന്നില്ലേ. അതുപോലെ ശബരിമലയിലും ആളുകള്‍ വരുന്നതിനാണ് വിശ്വാസികളുടെ സംഗമം സംഘടിപ്പിച്ചത്. അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല'' -ഇ.പി. ജയരാജന്‍ പറഞ്ഞു.
കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കോണ്‍ഗ്രസ് കള്ളക്കളി കളിച്ചുവെന്നുമാണ് നേരത്തെ സുകുമാരന്‍ നയര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനാലാണ് ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങള്‍ക്ക് ആരോടും എതിര്‍പ്പില്ല. പ്രത്യേകിച്ച് സര്‍ക്കാറിനോട് എതിര്‍പ്പ് പുലര്‍ത്താറില്ല. ആശയങ്ങളോടാണ് എതിര്‍പ്പ്. ശബരിമല യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയുടെ വിഷയത്തില്‍ മറ്റുപാര്‍ട്ടികള്‍ ഒന്നും ചെയ്തില്ല. കേന്ദ്ര ഗവണ്‍മെന്റ് ഒന്നും ചെയ്തില്ല. യുവതി പ്രവേശനം തടയാന്‍ നിയമമുണ്ടാക്കുമെന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ അന്ന് പറഞ്ഞിരുന്നു. എവിടെ പോയി എന്തെങ്കിലും നടന്നോ നേരത്തെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെ (ഇടതു സര്‍ക്കാര്‍) ആ പ്രശ്‌നങ്ങളില്‍ അയവ് വരുത്താന്‍ തീരുമാനിക്കുമ്പോള്‍ ആ വിഷയത്തില്‍ അവരോട് യോജിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അല്ലാതെ അതില്‍ രാഷ്ട്രീയം ഒന്നുമില്ല. സമദൂരത്തില്‍നിന്ന് മാറ്റമൊന്നുമില്ല' -സുകുമാരന്‍ നായര്‍ വ്യക്തമാക്കി.