'വോട്ട് കവര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി പുരപ്പുറത്ത് കയറി കൂവിവിളിച്ചു; രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പവന്‍ ഖേരയുടെ പേരുള്ളതിന് തെളിവുമായി ബിജെപി; കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ട് ചോര്‍ച്ച ആരോപണം അവഗണിക്കുന്ന കമ്മീഷന്‍ ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ സ്ഥിരീകരണമെന്ന് ഖേര; വിവാദം ചൂടുപിടിക്കുന്നു
പവന്‍ ഖേരക്ക് കാരണംകാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ന്യൂഡല്‍ഹി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് (ഡിഇഒ). രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പവന്‍ ഖേരയുടെ പേരുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വോട്ട് മോഷണ ആരോപണങ്ങള്‍ക്കിടെ, ബിജെപി പവന്‍ ഖേരക്ക് രണ്ട് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (EPIC) നമ്പറുകളുണ്ടെന്ന് ആരോപിച്ചിരുന്നു.
ന്യൂഡല്‍ഹി, ജംഗ്പുര മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികകളിലാണ് വെവ്വേറെ വിലാസങ്ങളില്‍ അദ്ദേഹത്തിന്റെ പേരുള്ളതായി കണ്ടെത്തിയത്. 1950-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം, ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. സെപ്റ്റംബര്‍ 8ന് രാവിലെ 11 മണിക്കുള്ളില്‍ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ഡിഇഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിഷയത്തില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രതികരണത്തെത്തുടര്‍ന്നാണ് പവന്‍ ഖേരയുടെ വിശദീകരണം. ഖേര ഒന്നില്‍ കൂടുതല്‍ തവണ വോട്ട് രേഖപ്പെടുത്തിയോ എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് മാളവ്യ ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, രണ്ടാമതൊരു വോട്ടര്‍ ലിസ്റ്റില്‍ പേരുണ്ടെന്ന കാര്യം ബിജെപി ആരോപണം ഉന്നയിച്ചപ്പോഴാണ് അറിയുന്നതെന്നും പവന്‍ ഖേര പ്രതികരിച്ചു.
2016-17 കാലഘട്ടത്തില്‍ ന്യൂഡല്‍ഹി മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നെന്നും, എന്നാല്‍ ആ പ്രക്രിയ പൂര്‍ത്തിയായില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടികയുടെ സമഗ്രത നിലനിര്‍ത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് മാളവ്യയുടെ പ്രതികരണത്തിലൂടെ സമ്മതിച്ചിരിക്കുകയാണെന്ന് പവന്‍ ഖേര ആരോപിച്ചു.അദ്ദേഹത്തിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കുന്നതായും പവന്‍ ഖേര പറഞ്ഞു. ഇത് വോട്ടര്‍ പട്ടികയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
തെളിവുമായി ബിജെപി
പവന്‍ ഖേരയ്ക്ക് രണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടൈന്ന് തെളിയിക്കുന്ന രേഖയുമായാണ് മാളവ്യയുടെ കോണ്‍ഗ്രസിനെതിരെയുള്ള ആക്രമണം. കോണ്‍ഗ്രസാണ് വോട്ട് കവര്‍ച്ചയില്‍ മികച്ച നിലയിലെന്നും മാളവ്യ പരിഹസിച്ചു. വോട്ട് കവര്‍ച്ചയില്‍ കോണ്‍ഗ്രസാണ് മുന്നിലെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്.
ജംഗ്പുര, ന്യൂഡല്‍ഹി എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഖേരയുടെ പേര് ഉള്‍പ്പെടുന്നതായി സൂചിപ്പിക്കുന്ന രേഖകളാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മാളവ്യ പങ്കുവെച്ചത്. 'വോട്ട് കവര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി പുരപ്പുറത്ത് കയറി കൂവിവിളിച്ചു... ഗാന്ധിമാരുമായി അടുത്ത ബന്ധം പുലര്‍ത്താനുള്ള ഒരു സന്ദര്‍ഭവും പാഴാക്കാത്ത ഖേരയ്ക്കാകട്ടെ രണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ട്', മാളവ്യ ട്വീറ്റ് ചെയ്തു.
നേരത്തെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും മാളവ്യ ആരോപണമുന്നയിച്ചിരുന്നു. സോണിയ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്നുകൊല്ലം മുന്‍പ് തന്നെ സോണിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരുന്നുവെന്നായിരുന്നു മാളവ്യയുടെ ആരോപണം.
'കോണ്‍ഗ്രസാണ് വോട്ട് കവര്‍ച്ചയില്‍ മുന്നില്‍. അതുകൊണ്ടാണ് അവര്‍ എല്ലാവരേയും ഒരേ തരത്തില്‍ കാണുന്നത്. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ കോണ്‍ഗ്രസ് മാറ്റങ്ങള്‍ വരുത്തി. അനധികൃത നുഴഞ്ഞുകയറ്റക്കാരേയും ഇന്ത്യക്കാരല്ലാത്തവരേയും ഇന്ത്യക്കാരാക്കി. രാഹുല്‍ ഗാന്ധി നമ്മുടെ ജനാധിപത്യത്തിന് ആപത്താണ് എന്ന് തിരിച്ചറിയേണ്ട സമയമാണിത്', മാളവ്യ കൂട്ടിച്ചേര്‍ത്തു.