പി വി അന്‍വറുമായി ബന്ധപ്പെട്ട വിവാദം ദോഷമുണ്ടാക്കി; അന്‍വര്‍ എല്‍ഡിഎഫില്‍ തുടരണമെന്നാണ് ആഗ്രഹം; ഇതുകൊണ്ടൊന്നും തകരുകയോ തളരുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും ജി സുധാകരന്‍

പി വി അന്‍വറുമായി ബന്ധപ്പെട്ട വിവാദം ദോഷമുണ്ടാക്കി

Update: 2024-09-26 10:59 GMT

കോഴിക്കോട്: ഇടത് എം.എല്‍.എ പി.വി അന്‍വറുമായി ബന്ധപ്പെട്ട വിവാദം ദോഷമുണ്ടാക്കിയെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവായ ജി. സുധാകരന്‍. ഇതുകൊണ്ടൊന്നും തകരുകയോ തളരുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും സുധാകരന്‍ വ്യക്തമാക്കി.

അന്‍വര്‍ പാര്‍ട്ടിയെ ക്ഷീണിപ്പിച്ചെന്നോ തളര്‍ത്തിയെന്നോ പറയാനാവില്ല. പക്ഷേ, ദോഷമുണ്ടാക്കി. അന്‍വറിനെ തള്ളിപ്പറയാനില്ല. ഞാനാണെങ്കില്‍ ഇക്കാര്യങ്ങള്‍ ഇങ്ങനെയായിരിക്കില്ല പറയുക. പാര്‍ട്ടി നിലപാട് അംഗീകരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വോട്ട് കൂടി നേടിയാണ് അദ്ദേഹം എം.എല്‍.എയായത്. അന്‍വര്‍ എല്‍.ഡി.എഫില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി.

സി.പി.എമ്മിന്റേത് പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. നിരവധി രക്തസാക്ഷികളുടെ ത്യാഗമാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. പാര്‍ട്ടിക്ക് അധികാരം എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഉപാധി മാത്രമാണ്. 1957ലെ ഇ.എം.എസ് മന്ത്രിസഭ തൊട്ടിങ്ങോട്ട് ഈ ദിശയിലുള്ള അനേകം നടപടികളുണ്ടായിട്ടുണ്ട്.

ആശയപരമായി വ്യതിയാനമുണ്ടായപ്പോഴൊക്കെ പാര്‍ട്ടിക്കുള്ളില്‍ തിരുത്തല്‍ പ്രക്രിയകള്‍ ഉണ്ടായിട്ടുണ്ട്. എം.വി രാഘവന് പുറത്തുപോകേണ്ടി വന്നത് അങ്ങനെയാണ്. സി.പി.എമ്മിനെ തിരുത്താന്‍ നോക്കുന്നത് ചരിത്രമറിഞ്ഞിട്ടായിരിക്കണം. ചിലര്‍ ആത്മകഥ എഴുതാന്‍ പോകുന്നുണ്ടെന്ന് കേട്ടതായും ഒരു പ്രാവശ്യം മന്ത്രിയായതു കൊണ്ടോ ഒന്നോ രണ്ടോ തവണ എം.എല്‍.എയായതു കൊണ്ടോ ആത്മകഥ എഴുതിക്കളയാമെന്ന് ധരിക്കുന്നവരെ കുറിച്ച് ഒന്നും പറയാനില്ലെന്നും ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ജി. സുധാകരന്‍ വ്യക്തമാക്കി.

Tags:    

Similar News