'എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമതാണ്; ഇവിടുത്തെ സ്ഥിതിയെന്ത്? ആദ്യം സ്വയം പുകഴ്ത്തല്‍ നിര്‍ത്തണം'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജി.സുധാകരന്‍

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജി.സുധാകരന്‍

Update: 2025-04-07 08:30 GMT

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ജി.സുധാകരന്‍. ''എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മള്‍ പറഞ്ഞു നടക്കുന്നത്. ആദ്യം ഈ സ്വയം പുകഴ്ത്തല്‍ നിര്‍ത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമതാണ്.''- കെ.സുധാകരന്‍ പരിഹസിച്ചു. ആലപ്പുഴയില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്‌ക്രോസ് സൊസൈറ്റിയും ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷനും നടത്തിയ ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ പരാമര്‍ശം.

ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ക്കെതിരെയാണ് സുധാകരന്‍ വിമര്‍ശനമുന്നയിച്ചത്. എല്ലാത്തിലും ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. സ്വയം പുകഴ്ത്തല്‍ നടത്തിക്കോട്ടെ. പക്ഷേ ഇവിടുത്തെ സ്ഥിതി എന്താണെന്ന് ജി സുധാകരന്‍ ചോദിച്ചു. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം പ്രധാനമാണ്. സംഘര്‍ഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ല. പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ല. ഉത്തരക്കടലാസുകള്‍ കാണാതെ പോകുന്നു. അയാള്‍ക്കെതിരെ നടപടിയില്ല, അറസ്റ്റ് ചെയ്യണ്ടേ എന്നും സുധാകരന്‍ ചോദിച്ചു.

എംബിഎ ഉത്തരക്കടലാസ് സ്‌കൂട്ടറില്‍ കൊണ്ടു പോയില്ലേ. ഒരു മാധ്യമവും മുഖപ്രസംഗം എഴുതിയില്ല, ഒരു വൈസ് ചാന്‍സിലറും ഒരു വിദ്യാര്‍ത്ഥി സംഘടനയും മിണ്ടിയില്ല. പരീക്ഷയ്‌ക്കൊന്നും ഒരു വ്യവസ്ഥയില്ല. എല്ലായിടത്തും ലഹരി. ഇതിലും മുന്നിലല്ലേ. സ്വയം പുകഴ്ത്തല്‍ നിര്‍ത്തണമെന്നും സുധാകരന്‍ പറഞ്ഞു. എംഎല്‍എയുടെ മകന്റെ പ്രശ്‌നത്തില്‍ താന്‍ സജി ചെറിയാനെതിരെ ഒന്നും പറഞ്ഞില്ല. എംഎല്‍എയുടെ മകനെ ആശ്വസിപ്പിക്കാന്‍ പോയതാണ്. എംഎല്‍എയുടെ മകനെ എനിക്കറിയാം. അയാള്‍ ലഹരിയൊന്നും ഉപയോഗിക്കില്ല. എവിടെയോ ഇരുന്നപ്പോള്‍ പിടിച്ചു കൊണ്ടുപോയതാണ്. അയാള്‍ അതൊന്നും ചെയ്യില്ലെന്നും സുധാകരന്‍ പറഞ്ഞു.

ആരോഗ്യ വകുപ്പിനെതിരെയും ജി സുധാകരന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാരിന്റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കൊണ്ട് പാവപ്പെട്ടവന് പ്രയോജനമില്ല. ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ എന്ന് മാത്രം പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പിനെതിരെയും ജി സുധാകരന്‍ കടുപ്പിച്ചു. ടി വി തോമസിന് ശേഷം ആലപ്പുഴയില്‍ ഏതെങ്കിലും പുതിയ വ്യവസായങ്ങള്‍ വന്നിട്ടുണ്ടോ. ആശുപത്രികള്‍ മാത്രം വരുന്നുവെന്നാണ് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയിലെ സ്ഥാപനങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് വ്യവസായ വകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ടി.വി.തോമസിന്റെ കാലത്തിനുശേഷം ആലപ്പുഴയില്‍ വല്ല വ്യവസായവും വന്നോ? എന്നും സുധാകരന്‍ ചോദിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന സുധാകരനാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്.

Tags:    

Similar News