അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗുരുതരം; പൊലീസും ക്രിമിനലുകളും തമ്മില്‍ അവിശുദ്ധ ബന്ധം; മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

ഫോണ്‍ ചോര്‍ത്തിയ അന്‍വറിന് എതിരെയും കേസെടുക്കണം

Update: 2024-09-11 09:58 GMT

തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ കൊണ്ടുപൊറുതിമുട്ടിയിരിക്കുന്ന സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അന്‍വറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവര്‍ണ്ണറിന്റെ കത്തില്‍ സര്‍ക്കാരിനും അന്‍വരിനും വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ ചിലര്‍ ഇടപെടുന്നു എന്നാണ് ഗവര്‍ണ്ണറിന്റെ കത്തില്‍ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മില്‍ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അന്‍വറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയതും ഗുരുതര കുറ്റമാണെന്നും ഗവര്‍ണ്ണറിന്റെ കത്തില്‍ പറയുന്നുണ്ട്. പുറത്ത് വന്ന സംഭാഷണങ്ങളില്‍ പൊലീസിനുള്ള ക്രിമിനല്‍ ബന്ധം വ്യക്തമാണെന്നും ഗവര്‍ണ്ണറിന്റെ കത്തില്‍ പറയുന്നു.

പൊലിസിന്റെ സംവിധാനമുപയോഗിച്ചാണ് പി വി അന്‍വര്‍ എം.എല്‍.എ ഫോണ്‍ ചോര്‍ത്തിയതെങ്കില്‍ അത് കുറ്റകരമാണ്. ഫോണ്‍ ചോര്‍ത്തലിന് കൂട്ടുനിന്ന പൊലിസുകാരുള്‍പ്പെടെ പ്രതിസ്ഥാനത്താകും. എം.എല്‍.എ നിയമനടപടി നേരിടാന്‍ തയാറാണെന്ന് പരസ്യമായി പ്രതികരിച്ചിട്ടും പൊലിസ് നടപടി സ്വീകരിച്ചിട്ടില്ല.

എ.ഡി.ജി.പിക്കെതിരേയുള്ള ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിലും അന്വേഷണം ആരംഭിച്ചിട്ടില്ല. സൈബര്‍ സെല്ലിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വഴിയാണ് മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ എ.ഡി.ജി.പി ചോര്‍ത്തിയതെന്നായിരുന്നു അന്‍വര്‍ എം.എല്‍.എയുടെ ആദ്യ ആരോപണം. എന്നാല്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുമതിയില്ലാതെ ഔദ്യോഗികമായി ഫോണ്‍ ചോര്‍ത്താന്‍ സാധിക്കില്ല. സസ്പന്‍ഷനിലായ എസ്.പി സുജിത്ദാസ് എ.ടി.എസ് സംവിധാനമുപയോഗിച്ച് മന്ത്രിമാരടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പി.വി അന്‍വര്‍ കഴിഞ്ഞ ദിവസവും ആരോപണം ഉന്നയിച്ചിരുന്നു.

Tags:    

Similar News