എന്റെ ഹൃദയം വേദന കൊണ്ട് പിടയുന്നു; അതൊരു നിസ്സഹായമായ നിലവിളിയാണ്; എന്നും അവൾക്കൊപ്പം; അതിജീവിതയെ പിന്തുണച്ച് ആരോഗ്യമന്ത്രി വീണ ജോർജ്

Update: 2026-01-11 07:30 GMT

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ, കേസിലെ അതിജീവിതയുടെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് മന്ത്രി വീണാ ജോർജ്. കുറിപ്പിലെ വാക്കുകൾ "ഹൃദയഭേദകമാണെന്ന്" മന്ത്രി പ്രതികരിക്കുകയും, അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ദൈവത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള അതിജീവിതയുടെ കുറിപ്പ്, താൻ അനുഭവിച്ച വേദനകളും വഞ്ചനകളും അതിജീവിച്ചതിനെക്കുറിച്ചാണ് പറയുന്നത്. "പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും വഞ്ചനകളും സഹിച്ച് ഞങ്ങളെത്തന്നെ അംഗീകരിക്കുന്നതിനുള്ള ധൈര്യം ഞങ്ങൾക്ക് നൽകിയതിന് നന്ദി. ഇരുളിൽ നടന്നതെല്ലാം നീ കണ്ടു. ലോകം കേൾക്കാതെ പോയ ആ കരച്ചിലുകൾ നീ കേട്ടു. ഞങ്ങളുടെ ശരീരങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളിൽ നിന്ന് ബലമായി പിടിച്ചുവാങ്ങിയപ്പോഴും നീ ഞങ്ങളെ ചേർത്തുപിടിച്ചു," കുറിപ്പിൽ അതിജീവിത പറയുന്നു.

കൂടാതെ, തെറ്റായ ഒരാളെ വിശ്വസിച്ചതിനും കുഞ്ഞിന്റെ അച്ഛനാകാൻ തെറ്റായ ഒരാളെ തിരഞ്ഞെടുത്തതിനും സ്വർഗ്ഗത്തിലിരിക്കുന്ന തങ്ങളുടെ മാലാഖക്കുട്ടികൾ തങ്ങളോട് ക്ഷമിക്കണമെന്നും, അക്രമങ്ങളിൽ നിന്നും ഭയത്തിൽ നിന്നും മുക്തമായി അവരുടെ ആത്മാക്കൾക്ക് സമാധാനത്തോടെ വിശ്രമിക്കാനാകട്ടെയെന്നും അവർ കുറിച്ചു. "ഞങ്ങളുടെ കുഞ്ഞുങ്ങളെ, ഞങ്ങളുടെ കണ്ണുനീർ സ്വർഗത്തിൽ എത്തുന്നുണ്ടെങ്കിൽ ഇത് നിങ്ങൾ കേൾക്കുക. നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറന്നിട്ടില്ല. നിങ്ങളുടെ അസ്തിത്വത്തിന് വിലയുണ്ട്, നിങ്ങളുടെ ആത്മാവിന് വിലയുണ്ട്. വീണ്ടും കാണുന്നത് വരെ അമ്മമാർ നിങ്ങളെ ഹൃദയത്തിൽ കൊണ്ടുനടക്കും. ഈ അമ്മ നിന്നെ അത്രമേൽ സ്നേഹിക്കുന്നു," അതിവൈകാരികമായ കുറിപ്പ് അവസാനിക്കുന്നു.

ഈ കുറിപ്പ് പങ്കുവെച്ചുകൊണ്ട് മന്ത്രി വീണാ ജോർജ്, "നിസ്സഹായമായ, ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ" എന്നും കൂട്ടിച്ചേർത്തു. പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

Tags:    

Similar News