ശബരിമലയില്‍ നടന്നത് മറ്റൊരു സ്വര്‍ണക്കടത്ത്; നഷ്ടപ്പെട്ടത് 4 കിലോ; ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുന്നത് എന്തുകൊണ്ടാണ്; അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചര്‍ച്ചചെയ്യേണ്ടതെന്ന് കെ സി വേണുഗോപാല്‍

ശബരിമലയില്‍ നടന്നത് മറ്റൊരു സ്വര്‍ണക്കടത്ത്;

Update: 2025-10-03 13:33 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുന്നത് എന്തുകൊണ്ടാണെന്നും വേണുഗോപാല്‍ ചോദിച്ചു.

യുവതീപ്രവേശന വിഷയത്തില്‍ ധൃതിപിടിച്ച് പ്രതികരിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ നിശബ്ദനായിയിരിക്കുന്നത്. ഈ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനും നിജസ്ഥിതി വ്യക്തമാക്കാനും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചര്‍ച്ചചെയ്യേണ്ടത്. മുഖ്യമന്ത്രി വായ തുറന്നേ മതിയാകുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2019ല്‍ കൊണ്ടുപോയ സ്വര്‍ണത്തില്‍ നാല് കിലോ കുറവുണ്ടായിരുന്നു. ഇത് മോഷണം തന്നെയാണ്. അന്ന് സ്വര്‍ണം കൊണ്ടുപോയ ആരോപണ വിധേയനായ വ്യക്തിക്കുതന്നെ വീണ്ടുമത് നല്‍കിയ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. നിലവിലെ ദേവസ്വം വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ല. ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന ഒരു ഏജന്‍സി ഈ വിഷയം അന്വേഷിക്കണം. സര്‍ക്കാരിന്റെ പോലീസ് സംവിധാനംതന്നെ ഇത് അന്വേഷിക്കുന്നത് കള്ളനെ മോഷണം ഏല്‍പ്പിക്കുന്നത് പോലെയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണം, പണം തുടങ്ങിയ എല്ലാ സ്വത്തുക്കളെക്കുറിച്ചും അടിയന്തരമായി സമഗ്രമായ ഓഡിറ്റ് നടത്തണം. വരവുചെലവ് കണക്കുകള്‍ സുതാര്യമാക്കുകയും സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുകയും വേണം. ഭക്തര്‍ സംഭാവന നല്‍കിയ ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഈ സര്‍ക്കാരിനെ നേരായ സര്‍ക്കാരെന്ന് പറയാനാവില്ല. ശബരിമലയിലെ സ്വര്‍ണപ്പാളി നന്നാക്കാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. നന്നാക്കാന്‍ കൊണ്ടുപോയ സ്വര്‍ണപ്പാളിക്ക് പകരം തിരികെ നല്‍കിയത് ചെമ്പുപാളിയാണ് എന്ന ആരോപണം ഞെട്ടിക്കുന്നതാണ്. 2000-ല്‍ സ്വര്‍ണപ്പാളിയായിരുന്നത് എങ്ങനെ ചെമ്പുപാളിയായി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.

ദേവസ്വം മാനുവല്‍ ലംഘിച്ച് സ്വര്‍ണപ്പാളി നന്നാക്കാന്‍ പുറത്തുകൊടുക്കാന്‍ തീരുമാനിച്ചത് ആരാണ്? ഇത് ഏല്‍പ്പിച്ച ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തിയുടെ വിശ്വാസ്യതയോ പശ്ചാത്തലമോ അന്വേഷിച്ചിട്ടില്ല. ഇദ്ദേഹം പലയിടത്തും പൂജ നടത്തി പണം വാങ്ങിയതായും വാര്‍ത്തകളുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിന് പകരം, ക്ഷേത്രസ്വത്തുക്കള്‍ അടിച്ചുമാറ്റാനാണോ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. നെയ്ത്തേങ്ങ ഇടപാട് പോലുള്ള മറ്റ് വിഷയങ്ങളിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഈ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ദേവസ്വം ബോര്‍ഡിന് ഒഴിഞ്ഞുമാറാനാവില്ല. ഉള്ള സ്വര്‍ണത്തില്‍ നാല് കിലോ കുറഞ്ഞു എന്നാലത് മോഷണം എന്നുതന്നെയാണ് പറയാന്‍ കഴിയുക. ശബരിമലയുടെ പവിത്രത നഷ്ടപ്പെടുന്ന തരത്തിലുള്ള ഈ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Tags:    

Similar News