രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നത്; നടപടി ഹൈക്കമാന്‍ഡ് അംഗീകരിച്ചു; എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ തീരുമാനം എടുക്കേണ്ടത് രാഹുലെന്നും കെസി വേണുഗോപാല്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നത്
കണ്ണൂര്‍ : രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കെ.പി.സി.സി നടപടി ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്ന് എഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തില്‍ പാര്‍ട്ടി നടപടി നേരത്തെ വ്യക്തമാക്കിയതാണ്. നിയമപരമായ എന്തു നടപടിയും സ്വീകരിക്കുന്നതില്‍ ആര്‍ക്കും തടസമില്ല. നിഷ്പക്ഷമായിരിക്കണം നടപടി.
പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം നിലനിര്‍ത്തുന്നതും കോണ്‍ഗ്രസിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനം. ആ തീരുമാനം എഐസിസിയും അംഗീകരിച്ചിട്ടുണ്ട്. ഇതുപോലെയുള്ള സമാനസംഭവങ്ങളില്‍ ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചത്. ആരോപണം ഉയര്‍ന്നയുടന്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. പല പാര്‍ട്ടികളും തീരുമാനമേ എടുക്കാറില്ല. സംരക്ഷിക്കുകയാണ് പതിവ്. സംരക്ഷിച്ചില്ല എന്ന് മാത്രമല്ല, ഏറ്റവും കടുത്ത നടപടിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങിയതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും കെസി വേണുഗോപാല്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ലഭിച്ച പരാതി പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് ഒളിപ്പിച്ചുവയ്ക്കുന്ന രീതിയല്ല കോണ്‍ഗ്രസ് പിന്തുടര്‍ന്നത്. പരാതി ലഭിച്ചപ്പോള്‍ തന്നെ കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് കൈമാറി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കൂടുതല്‍ ഗൗരവമായ വിഷയങ്ങളുണ്ട്. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് ഈ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.