ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വി.എസ്. ജോയ് പറഞ്ഞതാണ് കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ സൗന്ദര്യം; ആര്യാടന്‍ ഷൗക്കത്ത് വന്‍ ഭൂരിപക്ഷത്തില്‍ എം.എല്‍.എയായിരിക്കുമെന്ന് കെ.സി. വേണുഗോപാല്‍
ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വി.എസ്. ജോയ് പറഞ്ഞതാണ് കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ സൗന്ദര്യം
ന്യൂഡല്‍ഹി: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മലപ്പുറം ഡി.സി.സി അധ്യക്ഷന്‍ വി.എസ്. ജോയ് പറഞ്ഞതാണ് കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സ്ഥാനാര്‍ഥിയാകാന്‍ വി.എസ്. ജോയ് ആഗ്രഹിച്ചിരുന്നുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പിണറായി സര്‍ക്കാറിന്റെ കൗണ്‍ഡൗണ്‍ തുടങ്ങുന്ന തെരഞ്ഞെടുപ്പാണിത്. ആര്യാടന്‍ ഷൗക്കത്ത് വന്‍ ഭൂരിപക്ഷത്തില്‍ എം.എല്‍.എയായിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളുടെ കാര്യം മറ്റ് പാര്‍ട്ടികളോട് കൂടി മാധ്യമങ്ങള്‍ ചോദിക്കണം.
ഗൗരവമുള്ള തെരഞ്ഞെടുപ്പാണിത്. 2026ന്റെ സെമി ഫൈനല്‍ ആണ് നിലമ്പൂരിലേത്. കോണ്‍ഗ്രസ് പൂര്‍ണ സജ്ജമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അറിയാവുന്നതാണ്. പിണറായി സര്‍ക്കാര്‍ മാറാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. ജനവികാരത്തിലെ പൂര്‍ണ പ്രതിഫലനം നിലമ്പൂരിലുണ്ടാകും.
തെരഞ്ഞെടുപ്പില്‍ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നാണ് പി.വി. അന്‍വര്‍ പറഞ്ഞിട്ടുള്ളത്. പിണറായി സര്‍ക്കാറിന്റെ നല്ല രീതിയില്‍ പരാജയപ്പെടുത്തുകയാണ് അന്‍വറിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് അന്‍വര്‍ പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ വിചാരിക്കുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.