സുജിത്തിനെ ചേര്‍ത്തുപിടിച്ച് കെ.സി; വിവാഹ സമ്മാനമായി ഒരു പവന്‍ മോതിരം നല്‍കി; ബാധ്യതകള്‍ തീര്‍ക്കാന്‍ എ.ഐ.സി.സി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്; പോരാട്ടത്തില്‍ വിട്ടുവീഴ്ചകളില്ലാതെ വര്‍ഗ്ഗീസ് ചൊവ്വന്നൂരിനും കൂട്ടര്‍ക്കും കെ സി വേണുഗോപാലിന്റെ അഭിനന്ദനം
സുജിത്തിനെ ചേര്‍ത്തുപിടിച്ച് കെ.സി
തൃശൂര്‍: കുന്നംകുളത്ത് പൊലീസ് മൃഗീയമായി മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ സന്ദര്‍ശിച്ചു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിവാഹത്തിന് ഒരുങ്ങുന്ന സുജിത്തിന് സമ്മാനവുമായാണ് കെ സി എത്തിയത്. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ പൊലീസുകാര്‍ വാഗ്ദാനം ചെയ്ത വന്‍തുക നിരാകരിച്ച സുജിത്തിന്റെ കുടുംബത്തിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഒപ്പമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സുജിത്തിനും അമ്മ ഷീബയ്ക്കും ഉറപ്പ് നല്‍കി.
ഈ മാസം 15ന് വിവാഹിതനാകുന്ന സുജിത്തിന് എ.ഐ.സി.സിയുടെ സ്‌നേഹസമ്മാനമായി ഒരു പവന്റെ സ്വര്‍ണ്ണമോതിരം കെ.സി. വേണുഗോപാല്‍ വിരലില്‍ അണിയിച്ചു. രാജ്യത്തെ കോണ്‍ഗ്രസിന് ഒന്നാകെ ഒരു പ്രതീകമാണ് സുജിത്ത് എന്നും സുജിത്തിനേയും പൊലീസ് മര്‍ദ്ദനത്തിനെതിരെ പ്രതികരിക്കാന്‍ വിട്ടുവീഴ്ചകളില്ലാതെ ഒപ്പം നിന്ന കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് വര്‍ഗ്ഗീസ് ചൊവ്വന്നൂരിനെയും ഒപ്പമുള്ളവരെയും ഓര്‍ത്ത് അഭിമാനിക്കുന്നു എന്നും കെ.സി. പറഞ്ഞു. വര്‍ഗീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുമെന്നും ഇക്കാര്യം കെ പി സി സി പ്രസിഡന്റുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുജിത്തിന്റെ ആരോഗ്യസ്ഥിതി തിരക്കിയ അദ്ദേഹം ആവശ്യമായ ചികിത്സയ്ക്ക് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കി. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സുജിത്തിനെ കാണാന്‍ കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ നിന്നും ചൊവ്വന്നൂരിലെ വീട്ടില്‍ എത്തിയത്. മുന്നോട്ടുള്ള പോരാട്ടത്തില്‍ ധൈര്യമായി നില്‍ക്കണം, കോണ്‍ഗ്രസ് പാര്‍ട്ടി കൂടെ ഉണ്ട്, യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവരാവകാശ നിയമത്തിന്റെ ഗുണമാണ് ലഭിച്ചത്.
പിണറായി സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന് തുറന്നറിയിക്കുന്നതാണ് സുജിത്തിനേറ്റ മര്‍ദ്ദനം. 2023ല്‍ നടന്ന സംഭവം മൂടിവെയ്ക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിച്ചത്. സുജിത്തിന് മര്‍ദ്ദനം മേല്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തെ കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നു.എന്നിട്ടും പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. പകരം ഇവരുടെ ഇന്‍ക്രിമെന്റ് കട്ടുചെയ്യുക മാത്രമാണ് ചെയ്തത്.
മൃഗീയ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പേരിന് നടപടിയെടുത്ത് സംരക്ഷിച്ച ഉന്നത ഉദ്യോഗസ്ഥരും കുറ്റകൃത്യത്തില്‍ പങ്കാളികളായ പോലീസുകാരെപോലെ തുല്യ പ്രതികളാണ്. കീഴുദ്യോഗസ്ഥര്‍ മോശം പ്രവര്‍ത്തി ചെയ്താല്‍ നടപടിയെടുക്കേണ്ടത് ഉന്നത ഉദ്യോഗസ്ഥരാണ്. അവരെ നിയന്ത്രിക്കേത് രാഷ്ട്രീയ മേധാവികളാണ്. അതിനാല്‍ ഈ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. സിപിഎമ്മിലെ ക്രിമിനലുകള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.
മര്‍ദിച്ച ഉദ്യോഗസ്ഥരോളം കുറ്റം മര്‍ദ്ദന ദൃശ്യങ്ങള്‍ കണ്ടിട്ടും അത് പൂഴ്ത്തിവെച്ച് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചെയ്തു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള പൊലീസിനെ ക്രിമിനലുകളുടെ താവളമാക്കുകയാണ് ഒന്‍പത് വര്‍ഷം കൊണ്ട് പിണറായി ചെയ്തത്.
ഒരു യുവാവിനെ മൃഗീയമായി മര്‍ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ ആദ്യം സഹാനുഭൂതി കാണിക്കേണ്ടത് മുഖ്യമന്ത്രി ആയിരുന്നു. ഇതുവരെയും അദ്ദേഹം മിണ്ടിയില്ല- മിസ്റ്റര്‍ പിണറായി ഇനിയെങ്കിലും വായ് തുറക്കണം. ആലപ്പുഴയില്‍ പാവപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഗണ്‍മാനെ സംരക്ഷിച്ച മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാരുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്.
പിണറായി ഭരണത്തില്‍ നരനായാട്ടിന് വിധേയമായവരുടെ പ്രതീകമാണ് സുജിത്ത്. ജനമൈത്രി പോലീസിനെ കൊലമൈത്രി പൊലീസ് ആക്കുകയാണ് പിണറായി ചെയ്തത്. പൊലീസിനെ ഈ ഗതിയിലാക്കിയ കാരണഭൂതന്‍ എന്നാണ് പിണറായി അറിയപ്പെടേണ്ടത് -കെ സി വേണുഗോപാല്‍ പറഞ്ഞു.
ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ടി എന്‍ പ്രതാപന്‍, എ ഐ സി സി അംഗം അനില്‍ അക്കര, ജോസ് വള്ളൂര്‍, ജോസഫ് ചാലിശ്ശേരി, കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ സി ബി രാജീവ്, കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് രമേഷ് തുടങ്ങിയര്‍ സന്നിഹിതരായിരുന്നു.